പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കണമെന്നു പിണറായി
Wednesday, May 4, 2016 12:31 PM IST
കൽപ്പറ്റ: പെരുമ്പാവൂരിൽ ജിഷ എന്ന പെൺകുട്ടി ക്രൂരമായ പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ സത്യസന്ധമായ അന്വേഷണം നടത്തി യഥാർഥ കുറ്റവാളികളെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കണമെന്ന് സിപിഎം പോളിറ്റ് ബ്യൂറാ അംഗം പിണറായി വിജയൻ ആവശ്യപ്പെട്ടു.

ഇപ്പോൾ നടക്കുന്ന അന്വേഷണം നീതിപൂർവമല്ല. സർക്കാർ ഇടപെടലിന്റെയും സമ്മർദത്തിന്റെയും ഭാഗമായി അന്വേഷണ ഉദ്യോഗസ്‌ഥർ എന്തൊക്കെയോ മറച്ചുവയ്ക്കാൻ ശ്രമിക്കുന്നു. ഈ സാഹചര്യത്തിൽ ഉന്നത വനിത പോലീസ് ഉദ്യോഗസ്‌ഥയുടെ നേതൃത്വത്തിൽ പുതിയ അന്വേഷണ സംഘത്തെ നിയമിക്കണം. കൽപ്പറ്റ, ബത്തേരി, മാനന്തവാടി എന്നിവിടങ്ങളിൽ നടന്ന എൽഡിഎഫ് തെരഞ്ഞെടുപ്പ് പൊതുയോഗങ്ങളിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.


ഇത്രയും നീചമായ കൊലപാതകം നേരത്തെ തന്നെ ശ്രദ്ധയിൽപ്പെട്ടിട്ടും കുറ്റവാളിയെ പിടികൂടാൻ ബാധ്യതയുള്ള പോലീസ് നടപടിക്രമങ്ങൾ ഒന്നും പാലിച്ചില്ല. തെളിവുകൾ ശേഖരിച്ചില്ല. ക്രമസമാധാനപാലനത്തിന് നിയോഗിക്കപ്പെട്ട പോലീസ് ഇക്കാര്യത്തിൽ കൃത്യവിലോപം വരുത്തിയത് ആരുടെ സമ്മർദത്തിന് വഴങ്ങിയാണെന്ന് വ്യക്‌തമാക്കണം. എല്ലാ കാര്യത്തിലുമെന്ന പോലീസ് ഇക്കാര്യത്തിലും ഒളിച്ചുകളിക്കുകയാണ്.

തെളിവുകൾ സൂക്ഷിച്ച് കുറ്റവാളികളെ കണ്ടെത്താനുള്ള ജാഗ്രതാപൂർവമായ പ്രവർത്തനമല്ല പോലീസ് നടത്തിയത്. മഹസർ തയാറാക്കിയപ്പോൾ തന്നെ സംഭവത്തിന്റെ ഗൗരവം മനസിലായിട്ടും ഉചിതമായ നടപടി സ്വീകരിച്ചില്ല. പ്രതികളെ ഇതുവരെ പിടികൂടിയില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.