ജിഷയുടെ മരണം സ്ത്രീസുരക്ഷയ്ക്കു നേരെയുള്ള വെല്ലുവിളി: കെസിവൈഎം
Wednesday, May 4, 2016 12:37 PM IST
കൊച്ചി: പെരുമ്പാവൂരിലെ നിയമ വിദ്യാർഥിനി ജിഷയുടെ ദാരുണമായ മരണത്തിൽ കെസിവൈഎം സംസ്‌ഥാന സമിതി അനുശോചിച്ചു. ക്രൂരമായി കൊല്ലപ്പെട്ടിട്ടും കുറ്റക്കാരെ കണ്ടെത്താത്ത പോലീസ് നടപടി അങ്ങേയറ്റം നീതി നിഷേധമാണ്. ജിഷയുടെ കൊലപാതകം സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്നതാണ്. സ്വന്തം വീടുകളിൽ പോലും സ്ത്രീകൾ സുരക്ഷിതരല്ല എന്നത് ഭയാനകമാണ്. സ്ത്രീ സംരക്ഷണത്തിനായി ഇത്രയേറെ നിയമങ്ങൾ നിലനിൽക്കുമ്പോഴും സ്ത്രീകൾക്കെതിരായി നടക്കുന്ന അക്രമങ്ങൾ തുടർക്കഥയാകുന്നത് ആശങ്കയുടെ ആഴം കൂട്ടുന്നു. ദേശീയ മനുഷ്യാവകാശ കമ്മീഷനും, വനിതാ കമ്മീഷനും ഈ വിഷയത്തിൽ ഗൗരവമായി ഇടപെടണം. എത്രയു വേഗം കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരികയും ഉചിതമായ ശിക്ഷ നൽകുകയും ചെയ്യണം.

പാവപ്പെട്ടവർക്കും, ദുർബലർക്കും നീതി ലഭിക്കണമെങ്കിൽ അവർക്ക് ഇത്തരത്തിൽ അപരിഹാര്യമായ വൻ ദുരന്തങ്ങൾ സംഭവിക്കണമെന്ന ദാരുണമായ അവസ്‌ഥ ഇനിയെങ്കിലും പരിഹരിക്കപ്പെടണം. സ്ത്രീകളെ ആദരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന ഒരു സംസ്കാരത്തിലേക്ക് വളരുവാൻ സമൂഹം പഠിക്കണമെന്നും കെസിവൈഎം സംസ്‌ഥാന പ്രസിഡന്റ് സിജോ ഇലന്തൂർ പ്രസ്താവനയിൽ പറഞ്ഞു.

ജിഷയോടുള്ള ആദരസൂചകമായി കെസിവൈഎം. ഇന്ന് സംസ്‌ഥാന തലത്തിൽ പ്രാർഥനാ ദിനമായി ആചരിക്കും. രൂപത, ഫൊറോന, യൂണിറ്റ് തലങ്ങളിൽ പ്രാർഥനാ സമ്മേളനങ്ങൾ നടത്താൻ സംസ്‌ഥാന സമിതി ആഹ്വാനം ചെയ്തു. ഇതിന്റെ ഭാഗമായി കുറുപ്പുംപടിയിൽ കെസിവൈഎം കോതമംഗലം രൂപതയുടെ അഭിമുഖ്യത്തിൽ സംസ്‌ഥാനതല പ്രതിഷേധസംഗമം വൈകുന്നേരം 6.30ന് നടത്തുമെന്നും കെസിവൈഎം ഭാരവാഹികൾ അറിയിച്ചു.


<ആ>അതിക്രമങ്ങൾ കേരള സമൂഹത്തിന് അപമാനകരം: കാതോലിക്കാ ബാവാ

കോട്ടയം: സ്ത്രീകൾക്കും കുട്ടികൾക്കുമെതിരേ നടക്കുന്ന അതിക്രമങ്ങൾ കേരളത്തിനാകെ അപമാനകരമാണെന്നും സ്ത്രീകളെ ദേവതകളായി ആദരിക്കുന്ന ആർഷഭാരത സംസ്കാരത്തിന് കളങ്കമാണെന്നും മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ.

ദിവസംതോറും പെൺകുട്ടികൾ ഏതെങ്കിലും തരത്തിലുള്ള അപമാനം അനുഭവിക്കേണ്ടിവരുന്നത് നാട്ടിൽ നടമാടുന്ന നീതിരാഹിത്യത്തിന്റെയും ക്രൂരതയുടെയും ലക്ഷണമാണെന്നും ഇത്തരം സാമൂഹിക തിന്മകൾക്കെതിരേ ശക്‌തമായി നടപടികൾ എടുക്കാനും കുറ്റവാളികളെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കുന്നതിനും സത്വര നടപടികളെടുക്കാൻ അധികൃതർ തയാറാകണമെന്നും ഈ വിഷയത്തിൽ വ്യക്‌തമായ ബോധവത്കരണം നടത്താൻ സഭകളും സന്നദ്ധസംഘങ്ങളും മുന്നോട്ടുവരണമെന്നും പരിശുദ്ധ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.