അധ്യാപക തസ്തിക നിർണയം: എയ്ഡഡ് സ്കൂൾ മേഖല വീണ്ടും സങ്കീർണതയിലേക്ക്
Wednesday, May 4, 2016 12:37 PM IST
<ആ>സിജോ പൈനാടത്ത്

കൊച്ചി: അഞ്ചു വർഷത്തിനുശേഷം നടക്കുന്ന അധ്യാപക തസ്തിക നിർണയം (സ്റ്റാഫ് ഫിക്സേഷൻ) സംസ്‌ഥാനത്ത് എയ്ഡഡ് സ്കൂൾ വിദ്യാഭ്യാസ മേഖലയെ വീണ്ടും സങ്കീർണമാക്കുന്നു. 1:30, 1:35 അനുപാതത്തിൽ തസ്തിക നിർണയം പൂർത്തിയാകുന്നതോടെ ആയിരക്കണക്കിന് അധ്യാപകരുടെ ജോലിയാണ് അനിശ്ചിതത്വത്തിലാകുന്നത്.

കുട്ടികളുടെ കുറവു മൂലം പുറത്തുപോകേണ്ടിവരുന്ന അധ്യാപകരെയാണ് പുതിയ സാഹചര്യം പ്രതികൂലമായി ബാധിക്കുക. കോർപറേറ്റ് മാനേജുമെന്റുകൾക്കു കീഴിലുള്ള സ്കൂളുകളിലെ അധ്യാപകരിലേറെപ്പേർക്കും മാനേജ്മെന്റിനു കീഴിലെ മറ്റു സ്കൂളുകളിലേക്കു പകരം നിയമനം കിട്ടിയാലും ഇതിന്റെ നടപടിക്രമങ്ങൾ ഇപ്പോഴത്തെ സാഹചര്യത്തിൽ വൈകും. ഇത് അധ്യാപകർക്കു ശമ്പളം കിട്ടാത്ത സ്‌ഥിതിയിലേക്കാവും നയിക്കുക.

സിംഗിൾ മാനേജ്മെന്റ് സ്കൂളുകളിൽ കുട്ടികളുടെ കുറവു മൂലം പുറത്തുപോകേണ്ടിവരുന്ന അധ്യാപകരുടെ ഭാവി അനിശ്ചിതത്വത്തിലാകും. ഇതുവരെ പഠിപ്പിച്ചിരുന്ന സ്കൂളിൽ തുടർന്ന് ജോലി ചെയ്യാനാവാത്ത സ്‌ഥിതി പല അധ്യാപകർക്കും ഉണ്ടാകും. അധ്യാപക തസ്തിക നിർണയം പൂർത്തിയാകുന്നതോടെ അൺ എക്കണോമിക് സ്കൂളുകളുടെ സ്‌ഥിതിയും പരുങ്ങലിലാകും.

തസ്തിക നിർണയത്തിലൂടെ പുറത്തുപോകേണ്ടിവരുന്ന അധ്യാപകരെ മറ്റു സ്കൂളുകളിലോ വിദ്യാഭ്യാസ വകുപ്പിൽ തന്നെ വിവിധ തസ്തികകളിലോ പുനർവിന്യസിക്കുമെന്നു സർക്കാർ പറയുന്നുണ്ടെങ്കിലും ഇതിനാവശ്യമായി വരുന്ന കാലതാമസവും പ്രതിസന്ധിയാണ്. റിസോഴ്സ് ടീമുകളിലും മറ്റു ചുമതലകളിലും അധ്യാപകരെ നിയമിക്കാൻ ആലോചനയുണ്ട്. പുതിയ അധ്യയനവർഷം ആരംഭിച്ച് മാസങ്ങൾ കഴിഞ്ഞാകും ഇക്കാര്യത്തിൽ നടപടികൾ ഉണ്ടാവുക. ഫലത്തിൽ അതുവരെ ശമ്പളമില്ലാത്ത സ്‌ഥിതിയിലാകും ഈ അധ്യാപകർ. ഇപ്പോഴത്തെ സാഹചര്യത്തിൽ എണ്ണായിരത്തിലധികം അധ്യാപകർ തസ്തിക നിർണയത്തിലൂടെ സ്കൂൾ വിട്ടിറങ്ങേണ്ടിവരുമെന്നാണു കണക്ക്.


പുറത്താകുന്ന അധ്യാപകരെ 1:1 അനുപാതത്തിൽ മാനേജ്മെന്റുകൾ നിയമിക്കണമെന്ന് സർക്കാരിന്റെ നിർദേശമുണ്ടായിരുന്നു. ഈ നിർദേശം പ്രായോഗിക തലത്തിൽ എത്രത്തോളം നടപ്പാകുമെന്നതിൽ സംശയം പ്രകടിപ്പിക്കുന്നവരുണ്ട്. മാനേജ്മെന്റുകളുടെ നിയമനാധികാരത്തിലെ സർക്കാർ ഇടപെടൽ ഹൈക്കോടതിയിൽ ചോദ്യം ചെയ്യപ്പെടുമെന്നത് ഉറപ്പാണ്. ഇക്കാര്യത്തിൽ തങ്ങൾക്ക് അനുകൂലമായി നിലവിലുള്ള ഏതാനും കോടതി വിധികൾ മാനേജ്മെന്റുകൾക്കു ചൂണ്ടിക്കാട്ടാനാകും.

തസ്തിക നിർണയത്തിലൂടെ പുറത്തുപോകേണ്ടിവരുന്ന അധ്യാപകരുടെ ജോലി സംരക്ഷിക്കുന്ന കാര്യത്തിൽ സർക്കാർ ഉചിതമായ തീരുമാനമെടുക്കുമെന്നാണു പ്രതീക്ഷയെന്ന് കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ സെക്രട്ടറി ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി പറഞ്ഞു. തസ്തിക നിർണയം ഉൾപ്പെടെ എയ്ഡഡ് വിദ്യാഭ്യാസ മേഖലയിലെ വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിന് കോർപറേറ്റ് മാനേജർമാരുടെ യോഗം ഇന്നു കൊച്ചിയിൽ ചേരുമെന്നും അദ്ദേഹം അറിയിച്ചു.

തസ്തിക നിർണയത്തിലൂടെ ജോലി അനിശ്ചിതത്വത്തിലാകുന്ന അധ്യാപകരുടെ കാര്യത്തിൽ ഉറപ്പ് ആവശ്യപ്പെട്ട് വിവിധ അധ്യാപക സംഘടനകൾ സമരത്തിനൊരുങ്ങുകയാണ്. തെരഞ്ഞെടുപ്പു കാലമായതിനാൽ ഇക്കാര്യത്തിൽ എന്തെങ്കിലും തീരുമാനമെടുക്കുന്നത് സർക്കാരിനു കടമ്പയാകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.