ജിഷയുടെ കൊലപാതകം: ഡിവൈഎഫ്ഐ മാർച്ചിൽ സംഘർഷം
ജിഷയുടെ കൊലപാതകം:  ഡിവൈഎഫ്ഐ മാർച്ചിൽ സംഘർഷം
Wednesday, May 4, 2016 12:49 PM IST
കൊച്ചി:പെരുമ്പാവൂർ: കുറുപ്പംപടിയിൽ നിയമവിദ്യാർഥിനി ജിഷ ക്രൂരമായി കൊലചെയ്യപ്പെട്ട സംഭവത്തിൽ രൂക്ഷമായ പ്രതിഷേധം തുടരുന്നു. ഇന്നലെ പെരുമ്പാവൂർ പോലീസ് സ്റ്റേഷനിലേക്ക് ഡിവൈഎഫ്ഐ അടക്കമുള്ള വിവിധ സംഘടനകളുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ മാർച്ച് സംഘർഷാവസ്‌ഥ സൃഷ്ടിച്ചു. മാർച്ചിനെത്തുടർന്നുണ്ടായ സംഘർഷത്തിൽ പോലീസ് കോൺസ്റ്റബിൾ ഉൾപ്പെടെ ഏഴു പേർക്കു പരിക്കേറ്റു.

പെരുമ്പാവൂർ ഡിവൈഎസ്പി ഓഫീസിലേക്ക് നടത്തിയ മാർച്ച് അക്രമാസക്‌തമായതിനെത്തുടർന്നു നടത്തിയ ലാത്തിച്ചാർജിൽ ജില്ലാ പ്രസിഡന്റ് അരുൺ അടക്കമുള്ളവർക്കാണു പരിക്കേറ്റത്. അനൂപ്, അബ്ദുൽ സലാം, രാജേഷ്, ജിനീഷ് എന്നിവരെ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പോലീസ് കോൺസ്റ്റബിൾ ബിജുവിനും പരിക്കേറ്റു.

രാവിലെ രായമംഗലം കുടുംബശ്രീ വനിതാ അംഗങ്ങളുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി. എസ്ഡിപിഐ, പിഡിപി, വെൽഫെയർ പാർട്ടി, എഐവൈഎഫ്, മനുഷ്യാവകാശ സംഘടനകൾ എന്നിവയാണു പ്രതിഷേധവുമായി രംഗത്തെത്തിയത്. പ്രതികളെ പിടികൂടുംവരെ സമരവുമായി മുന്നോട്ടുപോകുമെന്നു സിപിഎം അറിയിച്ചു. കൊല്ലപ്പെട്ട ജിഷയുടെ മാതാവ് രാജശ്രീക്കും ബന്ധുക്കൾക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ചു പെരുമ്പാവൂരിലെ കുടുംബശ്രീ പ്രവർത്തകർ രംഗത്തെത്തി. ഇവർ സ്വരൂപിച്ച പണം ഇന്നലെ രാജശ്രീയെ പ്രവേശിപ്പിച്ചിരിക്കുന്ന ആശുപത്രിയിൽ എത്തി കൈമാറി.

പെരുമ്പാവൂരിലും സമീപപ്രദേശങ്ങളിലും ബിജെപിയുടേയും മറ്റു സംഘടനകളുടേയും നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനവും മറ്റ് പ്രതിഷേധ പ്രകടനങ്ങളും നടന്നു.

അതേസമയം, പെരുമ്പാവൂർ ഡിവൈഎസ്പിയെയും എസ്പിയെയും സസ്പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് എറണാകുളം ലോ കോളജിലെ ഒരു വിദ്യാർഥി എറണാകുളം ഐജി ഓഫീസിനു മുന്നിൽ നിരാഹാരസമരം ആരംഭിച്ചെങ്കിലും പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് അവിടെനിന്നു മാറ്റി. വൈറ്റിലയിൽ വനിതാ സാഹിതിയുടേയും ജനാധിപത്യ മഹിള അസോസിയേഷന്റേയും നേതൃത്വത്തിലും പ്രതിഷേധ സംഗമം നടന്നു. നടിമാരായ കെപിഎസി ലളിത, മഞ്ജു പിള്ള, സജിത മഠത്തിൽ, എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് വി.പി സാനു, കവയത്രി എം.ആർ. ജയഗീത, വനിതാ കലാസാഹിതി ജില്ലാ സെക്രട്ടറി അജി സി. പണിക്കർ, ജില്ലാ പഞ്ചായത്തംഗം ടി.വി. അനിത എന്നിവർ പ്രസംഗിച്ചു. ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ വൈസ്പ്രസിഡന്റ് എം.സി. ജോസഫൈൻ തുടങ്ങിയവർ സംബന്ധിച്ചു.

<ആ>ജിഷയുടെ പിതാവ് അവശനിലയിൽ

പെരുമ്പാവൂർ: കുറുപ്പംപടിയിൽ കൊല്ലപ്പെട്ട ജിഷയുടെ പിതാവിനെ ആരും തിരിഞ്ഞു നോക്കാനില്ലാതെ അവശനിലയിൽ. ചെറുകുന്നത്തെ വീട്ടിൽ പാപ്പു എന്നു വിളിക്കുന്ന ബാബു അവശനിലയിലാണ് കഴിയുന്നത്. ഇയാൾ ഒരാഴ്ചയായി കാര്യമായി ഭക്ഷണം പോലും കഴിക്കുന്നില്ലെന്നു പറയുന്നു. തങ്ങളുടെ ബന്ധുക്കളല്ലാതെ മറ്റാരും മകളുടെ കൊലപാതകത്തിന് ഉത്തരവാദിയായിരിക്കില്ലെന്നാണ് ബാബുവിന്റെ പ്രതികരണം. ബാബു ഭാര്യയുടേയും മക്കളുടേയും അടുത്തുനിന്നു മാറി ഒറ്റയ്ക്കാണ് കഴിഞ്ഞുവരുന്നത്.

<ആ>പ്രത്യേക സംഘത്തെ നിയോഗിക്കണം: വി.എസ്

വൈപ്പിൻ: പെരുമ്പാവൂരിൽ അതിക്രൂരമായി കൊലചെയ്യപ്പെട്ട ദളിത് വിദ്യാർഥിനി ജിഷയുടെ മരണം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദൻ. മാലിപ്പുറം ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന എൽഡിഎഫ് തെരഞ്ഞെടുപ്പു യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം സംഭവങ്ങൾ ഇനിയും ഉണ്ടാകാതിരിക്കാൻ പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണം. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ നിരവധി ബലാത്സംഗക്കേസുകളാണ് സംസ്‌ഥാനത്തുണ്ടായത്. എത്ര കേസുകളിൽ അന്വേഷണം മുന്നോട്ടുപോയിട്ടുണ്ടെന്ന് പരിശോധിക്കണം. കഴിവുകെട്ട മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമാണ് കേരളം ഭരിക്കുന്നത്. മുഖ്യമന്ത്രിക്കെതിരെ 31 കേസാണുള്ളത്. ഇത് പറഞ്ഞതിന് തനിക്കെതിരേ മാനനഷ്‌ടക്കേസിനു പോയ മുഖ്യമന്ത്രിക്ക് കോടതിയിൽ നിന്ന് വേണ്ടതു കിട്ടി. എണ്ണക്കമ്പനികളുടെ വിലവർധിപ്പിക്കൽ, പൊതുമേഖലാ സ്‌ഥാപനങ്ങളുടെ അടച്ചുപൂട്ടൽ, കയർ, കശുവണ്ടി, കൈത്തറി ഉൾപ്പെടെയുള്ള പരമ്പരാഗത തൊഴിൽമേഖലയിലെ പ്രതിസന്ധി എന്നിവയെല്ലാം കൊണ്ട് പൊറുതിമുട്ടുകയാണ് ജനം. കൃഷിക്കാർ ആത്മഹത്യചെയ്യുന്നു. എൽഡിഎഫ് അധികാരത്തിലെത്തിയാൽ പൊതുവിതരണ ശൃംഖലയിൽ അഞ്ചു വർഷത്തേക്ക് വിലക്കയറ്റമുണ്ടാകില്ല. സ്ത്രീ ശാക്‌തീകരണത്തിന് പ്രത്യേക വകുപ്പുണ്ടാക്കുമെന്നും വി.എസ് പറഞ്ഞു. ചടങ്ങിൽ മജ്നു കോമത്ത് അധ്യക്ഷത വഹിച്ചു. സി.കെ. മോഹനൻ, സ്‌ഥാനാർഥി എസ്. ശർമ എന്നിവർ പ്രസംഗിച്ചു.

<ആ>വിഎസിനു മുന്നിൽ എംഎൽഎയ്ക്കെതിരെ ആക്ഷേപവുമായി ജിഷയുടെ അമ്മ

പെരുമ്പാവൂർ: പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനു മുന്നിൽ പെരുമ്പാവൂരിലെ സിപിഎം എംഎൽഎക്കെതിരെ പൊട്ടിത്തെറിച്ച് ജിഷയുടെ മാതാവ് രാജേശ്വരി. അച്യുതാനന്ദൻ ഇന്നലെ രാവിലെ ഒമ്പതരയോടെ പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ സന്ദർശിക്കാനെത്തിയപ്പോഴാണ് വലിയ നിലവിളിയോടെ രാജേശ്വരി സാജു പോളിനെതിരെ വിമർശനം ഉയർത്തിയത്.

നിരവധി തവണ തന്റെ മകളുടെ ആവശ്യവുമായി എംഎൽഎയെ സമീപിച്ചപ്പോഴും തനിക്കു വേണ്ട സഹായങ്ങൾ ചെയ്തുതന്നില്ലെന്നു രാജേശ്വരി വി.എസിനു മുന്നിൽ തുറന്നടിച്ചു. തന്റെ മകൾ സുരക്ഷിതയല്ലെന്നും പെൻ കാമറ എപ്പോഴും ദേഹത്തുവച്ചാണ് മകൾ ജീവിക്കുന്നതെന്നും പല തവണ എംഎൽഎയോട് പരാതി പറഞ്ഞിട്ടുണ്ട്. അന്ന് എംഎൽഎ വേണ്ട നടപടികൾ സ്വീകരിച്ചിരുന്നെങ്കിൽ ഇന്നും തന്റെ മകൾ കൂടെയുണ്ടാകുമായിരുന്നെന്ന അമ്മയുടെ രോദനം അവിടെ കൂടിനിന്നവരുടെ കണ്ണുകളെ ഈറനണിയിക്കുന്നതായിരുന്നു.


<ആ>ജിഷയുടെ കുടുംബത്തിനു സിപിഎം വീട് നിർമിച്ചുനല്കുമെന്നു കോടിയേരി

കോട്ടയം: പെരുമ്പാവൂരിൽ കൊല്ലപ്പെട്ട ജിഷയുടെ കുടുംബത്തിനു സിപിഎമ്മിന്റെ നേതൃത്വത്തിൽ വീട് നിർമിച്ചുനല്കുമെന്നും മാതാവിനു പെൻഷനും സഹോദരിക്കു സർക്കാർ സർവീസിൽ ജോലി നൽകണമെന്നും സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കോട്ടയം സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊലപാതകത്തെപ്പറ്റി വനിത ഐജിയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തണം. ഐജിയെ ലഭിച്ചില്ലെങ്കിൽ വനിത ഡിഐജിമാരെയോ എഡിജിപിമാരെയോ നിയോഗിക്കണം. നിലവിലെ പോലീസ് സംഘം അന്വേഷിക്കുന്നതു തൃപ്തികരമാകില്ല. സ്ത്രീകൾക്കെതിരേയുള്ള അതിക്രമങ്ങളിൽ പ്രതിഷേധിച്ചു വനിതാ സംഘങ്ങളുടെ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും. ജില്ലാ കേന്ദ്രങ്ങളിൽ എട്ടിനും പ്രാദേശികതലങ്ങളിൽ ഒമ്പതിനുമാണു പ്രതിഷേധയോഗം സംഘടിപ്പിക്കുക. ജിഷയുടെ കുടുംബാംഗങ്ങൾ മുമ്പു നൽകിയ പരാതിയിൽ പോലീസ് എന്തു നടപടി സ്വീകരിച്ചുവെന്നു വ്യക്‌തമാക്കണം. കൃത്യവിലോപം കാണിച്ച ഉദ്യോഗസ്‌ഥരെ മാതൃകാപരമായി ശിക്ഷിക്കണം.

പറവൂർ ദുരന്തത്തിനുശേഷം ആഭ്യന്തരവകുപ്പിൽ രണ്ടു ചേരി രൂപപ്പെട്ടിരിക്കുകയാണ്. ഇത് അന്വേഷണത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. കൊലപാതകം നടന്നു ദിവസങ്ങളിൽ കഴിഞ്ഞു മാധ്യമങ്ങൾ പുറത്തുകൊണ്ടുവന്നപ്പോഴാണു ദാരുണകൊലപാതകം പുറത്തറിയുന്നതെന്നും കോടിയേരി മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ആഭ്യന്തരവകുപ്പ് കൊലപാതകം മറച്ചുവയ്ക്കുകയാണു ചെയ്തത്. മാധ്യമങ്ങൾ വഴിയാണു ആഭ്യന്തരമന്ത്രി അറിഞ്ഞതെങ്കിൽ അതു ഗൗരവത്തിലെടുക്കണമെന്നും കോടിയേരി പറഞ്ഞു. മതെരഞ്ഞെടുപ്പിനുശേഷം മുഖ്യമന്ത്രിയെ തീരുമാനിക്കുന്ന പതിവാണു ഇടതുപക്ഷത്തിനുള്ളതെന്നും കോടിയേരി പറഞ്ഞു.

<ആ>സന്ദർശനം അറിയിച്ചില്ല: സാജു പോൾ

പെരുമ്പാവൂർ: മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും പെരുമ്പാവൂരിലെത്തിയപ്പോൾ തന്നെ അറിയിച്ചില്ലന്ന് സാജു പോൾ എംഎൽഎ. രണ്ടു ദിവസങ്ങളിലായാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ജിഷയുടെ മാതാവിനെ സന്ദർശിക്കാനായി പെരുമ്പാവൂരിലെത്തിയത്. ഇങ്ങനൊരു സംഭവം നടക്കുമ്പോൾ സ്‌ഥലം എംഎൽഎയെ പ്രോട്ടോക്കോൾ അനുസരിച്ച് അറിയിക്കേണ്ടതാണ്. സംഭവം രാഷ്ര്‌ടീയവത്കരിക്കാനാണ് കോൺഗ്രസ് ശ്രമിച്ചതെന്ന് സാജു പോൾ കുറ്റപ്പെടുത്തി.

ഒരു വർഷംമുമ്പ് സർവകലാശാലയുമായി ബന്ധപ്പെട്ട ആവശ്യവുമായി ജിഷയുടെ മാതാവ് തന്റെ അടുക്കൽ വന്നിരുന്നുവെന്നും എംഎൽഎ പറഞ്ഞു. അന്ന് സാധ്യമായ കാര്യങ്ങളൊക്കെ ചെയ്തുകൊടുത്തു. പിന്നീട് ഒരു ആവശ്യവുമായി അവർ തന്റെ അടുത്തു വന്നിട്ടില്ലെന്നും സാജു പോൾ വ്യക്‌ത മാക്കി.

<ആ>ഉത്തരം പറയേണ്ടതു നാടുഭരിച്ചവർ: വെള്ളാപ്പള്ളി

പത്തനംതിട്ട: ദളിതർക്കെതിരേ കേരളത്തിൽ നടക്കുന്ന അതിക്രമങ്ങൾക്ക് അറുപതു വർഷം മാറിമാറി ഭരിച്ചവരാണ് ഉത്തരവാദികളെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പരിയാരം എസ്എൻഡിപി ശാഖാ മന്ദിരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

നല്ലൊരു വീടുണ്ടായിരുന്നെങ്കിൽ പെരുമ്പാവൂരിൽ ജിഷ കൊല്ലപ്പെടില്ലായിരുന്നു. അവരുടെ വീടിനു കതകുണ്ടായിരുന്നില്ല. ജിഷയുടെ കുടുംബം ഒറ്റമുറി വീട്ടിൽ താമസിക്കേണ്ടി വന്നതിന് ഉത്തരം പറയേണ്ടത് നാടു ഭരിച്ചവരാണ്. വീടില്ലാത്തവർക്കു വീടു കൊടുത്തുവെന്നു വീമ്പടിക്കുകയാണ് സർക്കാർ.

വടക്കേ ഇന്ത്യയിൽ ദളിതർ ആക്രമിക്കപ്പെട്ടപ്പോൾ സാഹിത്യകാരൻമാർ താമ്രപത്രം തിരിച്ചു നൽകിയാണ് പ്രതിഷേധിച്ചത്. ഇവിടെ ദളിത് വിദ്യാർഥിനിയെ പിച്ചിച്ചീന്തി കൊന്നപ്പോൾ സാഹിത്യകാരൻമാരെയും ബുദ്ധിജീവികളെയും കാണാനില്ല. അദ്ദേഹം ആക്ഷേപിച്ചു.

<ആ>പ്രതികളെ നിയമത്തിന്റെ മുമ്പിൽ കൊണ്ടുവരണമെന്ന്

കോട്ടയം: പെരുമ്പാവൂർ കുറുപ്പുംപടിയിൽ ദളിത് വിദ്യാർഥിനിയായ ജിഷയെ പീഡിപ്പിച്ച് കൊന്ന പ്രതികളെ ഉടൻ നിയമത്തിന്റെ മുമ്പിൽ കൊണ്ട് വരണമെന്നും, ഇത്തരത്തിലുള്ള കുറ്റക്കാർക്കെതിരേ അന്വേഷണം ധൃതഗതിയിൽ പൂർത്തീകരിച്ച് ഏറ്റവും കടുത്ത ശിക്ഷ നടപ്പാക്കണമെന്നും യൂത്ത് ഫ്രണ്ട് എം സംസ്‌ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പൻ ആവശ്യ പ്പെട്ടു.

<ആ>ആഭ്യന്തര വകുപ്പിന് അപമാനകരമെന്ന്

കൊച്ചി: നിയമവിദ്യാർഥിനി ജിഷയുടെ കൊലപാതകം സാംസ്കാരിക കേരളത്തിനും ആഭ്യന്തര വകുപ്പിനും അപമാനകരമാണെന്ന് കേരള ദളിത് ആദിവാസി ഫെഡറേഷൻ (കെഡിഎഎഫ്) ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. ഇത്തരം ഹീനമായ പ്രവൃത്തികൾക്കെതിരെ നടപടികൾ ഉണ്ടായില്ലെങ്കിൽ ദളിത് സംഘടനകളുടെ നേതൃത്വത്തിൽ ശക്‌തമായ പ്രതിഷേധ സമരങ്ങൾ നടത്തുമെന്ന് വർക്കിംഗ് പ്രസിഡന്റ് സബർമതി ജയങ്കർ പറഞ്ഞു.

<ആ>കേന്ദ്രമന്ത്രി ഗലോട്ട് ഇന്നു പെരുമ്പാവൂരിൽ

കൊച്ചി: കുറുപ്പംപടിയിൽ കൊല്ലപ്പെട്ട നിയമവിദ്യാർഥിനി ജിഷയുടെ മാതാവിനേയും ബന്ധുക്കളേയും സന്ദർശിക്കുന്നതിനും സ്‌ഥിതിഗതികൾ മനസിലാക്കാനും വേണ്ടി കേന്ദ്ര സാമൂഹ്യനീതി വകുപ്പ് മന്ത്രി ടവർ ചന്ദ് ഗലോട്ട് ഇന്ന് എത്തും. ഇന്നു രാവിലെ 9.30നു നെടുമ്പാശേരിയിൽ എത്തുന്ന ടവർ ചന്ദ് ഗലോട്ട് പത്തേകാലോടെ പെരുമ്പാവൂരിൽ എത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.