ജിഷയുടെ കൊലപാതകം രാഷ്ട്രീയപ്രശ്നമാക്കരുത്: സുധീരൻ
ജിഷയുടെ കൊലപാതകം രാഷ്ട്രീയപ്രശ്നമാക്കരുത്: സുധീരൻ
Wednesday, May 4, 2016 12:49 PM IST
കണ്ണൂർ: പെരുമ്പാവൂരിലെ ജിഷയുടെ നിഷ്ഠൂരമായ കൊലപാതകം രാഷ്ട്രീയപ്രശ്നമായി മാറ്റാനുള്ള ശ്രമം ഒരു ഭാഗത്തുനിന്നും ഉണ്ടാകരുതെന്നു കെപിസിസി പ്രസിഡന്റ് വി.എം. സുധീരൻ. രാഷ്ട്രീയ പ്രശ്നമാകുന്നതോടെ അത് യഥാർഥ പ്രശ്നങ്ങളിൽനിന്നു ജനശ്രദ്ധ തിരിയാൻ ഇടയാകും. ജിഷയുടെ കുടുംബത്തോടൊപ്പം സമൂഹമുണ്ടെന്ന ഉറപ്പിനു തിരിച്ചടിയാകുമെന്നും സുധീരൻ പറഞ്ഞു. കണ്ണൂർ പ്രസ് ക്ലബിന്റെ മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദേഹം.

ഇത്തരം സംഭവങ്ങളുണ്ടായാൽ അവിടെ സമൂഹത്തിനും സർക്കാരിനും ചില ഉത്തരവാദിത്വങ്ങളുണ്ട്. അതു നിർവഹിക്കുന്നതിന്റെ ഭാഗമായി സ്‌ഥലത്തെത്തിയ ആഭ്യന്തരമന്ത്രിയേയും മുഖ്യമന്ത്രിയേയും തടഞ്ഞു സമൂഹത്തിൽ വേർതിരിവുണ്ടാക്കാൻ ശ്രമിക്കുന്നതു ശരിയല്ല.

കടുത്ത ക്രൂരന്മാർ പോലും ചെയ്യാൻ മടിക്കുന്ന മൃഗീയമായ ആക്രമണമാണു ജിഷയ്ക്കുനേരേ ഉണ്ടായത്. ഇതിന് ഉത്തരവാദികളായ കൊടുംകുറ്റവാളികളെ എത്രയും വേഗം പിടികൂടണം. നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ നൽകുന്ന സാഹചര്യം ഉണ്ടാക്കണം.

പോലീസ് ഫലപ്രദമായ അന്വേഷണമാണ് നടത്തുന്നത്. നേരത്തെ പോലീസിന്റേയും മറ്റും ഭാഗത്തുനിന്ന് എന്തെങ്കിലും വീഴ്ച സംഭവിച്ചോ എന്നതടക്കം എല്ലാ കാര്യങ്ങളും ആഭ്യന്തരമന്ത്രിതന്നെ നേരിട്ടു പരിശോധിക്കുന്നുണ്ട്. കേരളാപോലീസ് ഏറ്റവും വലിയ പരിഗണന നൽകുന്ന കേസാണിത്. അതിനിടെ വിവാദങ്ങൾ ഉണ്ടാക്കുന്നതു ശരിയല്ല. സംഭവത്തിന്റെ ഗൗരവം നാട്ടിലുള്ളവർ പോലും മനസിലാക്കിയതു വൈകിയാണ്. ജിഷയുടെ കുടുംബത്തെ ഏറ്റെടുക്കാൻ കെപിസിസി തീരുമാനിച്ചതായും സുധീരൻ പറഞ്ഞു.


യുഡിഎഫ് സർക്കാരിന്റെ മദ്യനയം തുടർഭരണത്തിനു നിർണായക പങ്കുവഹിക്കും. നയത്തിന്റെ ഫലമായി 2014 ഏപ്രിൽ മുതൽ 2016 മാർച്ച് വരെ വിദേശമദ്യ വില്പനയിൽ 5.43 കോടി ലിറ്ററിന്റെ കുറവുണ്ടായി. പ്രതിവർഷം ഒൻപതു മുതൽ 65 വരെ ശതമാനം വർധനയുണ്ടായിരുന്ന മദ്യവില്പന 22 ശതമാനത്തിലെത്തി. ഗാർഹിക പീഡനങ്ങളിലും മദ്യപിച്ചുള്ള വാഹനാപകടനിരക്കിലും ഗണ്യമായ കുറവുണ്ടായി. ഇതു സ്ത്രീവോട്ടർമാരിൽ യുഡിഎഫിന് അനുകൂലമായ സാഹചര്യമുണ്ടാക്കും.

വർഗീയവികാരം ആളിക്കത്തിച്ചു ജനങ്ങളെ ഭിന്നിപ്പിച്ചു രാഷ്ട്രീയമുതലെടുപ്പിനു ശ്രമിക്കുന്ന ബിജെപിദയയും അക്രമപാതയിലൂടെ ഇപ്പോഴും മുന്നോട്ടുപോകുന്ന സിപിഎമ്മിദനയും ഈ തെരഞ്ഞെടുപ്പിൽ ജനം തള്ളിക്കളയും.

യുഡിഎഫ് സർക്കാർ പൂട്ടിയ ബാറുകൾ എൽഡിഎഫ് വന്നാൽ തുറക്കും. ആശയവ്യക്‌തതയില്ലാത്ത പാർട്ടിയാണു സിപിഎം. പ്രശ്നപരിഹാര ചർച്ചയിൽപോലും വിമതനായി നിലകൊണ്ട പി.കെ. രാഗേഷ് വിമതനായിതന്നെ തുടരുമെന്നും ഇക്കാര്യത്തിൽ കെപിസിസിയുടെ അറിവോടെതന്നെയാണു ഡിസിസി അദ്ദേഹത്തെ പുറത്താക്കിയതെന്നും സുധീരൻ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.