കൊച്ചിയിൽ പോരാട്ടം ഉഗ്രം, ഉജ്വലം
കൊച്ചിയിൽ പോരാട്ടം ഉഗ്രം, ഉജ്വലം
Wednesday, May 4, 2016 12:59 PM IST
<ആ>ബിനീഷ് പണിക്കർ

കൊച്ചി: പരമ്പരാഗതമായി യുഡിഎഫിനു വളക്കൂറുള്ള മണ്ണാണ് എറണാകുളം ജില്ലയുടേത്. യുഡിഎഫ് സർക്കാരുകൾ ഉണ്ടായപ്പോഴൊക്കെ ജില്ലയിൽനിന്നുള്ള സാമാജികരുടെ വിപുലമായ പിന്തുണ ഉണ്ടായിട്ടുണ്ട്. ഇക്കുറി, മത്സരത്തിന്റെ കാഠിന്യത്തേക്കാളേറെ വിവാദങ്ങളുടെ പോർമുനകളാണ് മുന്നണികൾ നേരിടുന്ന വെല്ലുവിളി. പെരുമ്പാവൂരിലെ ജിഷയുടെ കൊലപാതകമടക്കം നിരവധി വിഷയങ്ങൾ. കൊച്ചി മണ്ഡലത്തിൽ കോൺഗ്രസിനു വിമത ശല്യം, ഇരു മുന്നണികൾക്കും അപരശല്യം. കോൺഗ്രസും സിപിഎമ്മും ബിജെപിയും ദേശീയ നേതാക്കളെ രംഗത്തിറക്കി മത്സരോഷ്മാവ് ഉയർത്തുകയാണ്.

<ആ>തുടക്കം മുതൽ വിവാദം

ഇടതും വലതും ഉള്ള മുന്നണികളുടെ ആഭ്യന്തര രാഷ്ട്രീയത്തിൽ ഏറെ അടിയൊഴുക്കുകൾക്കു വഴിവച്ചതായിരുന്നു തൃപ്പൂണിത്തുറ, തൃക്കാക്കര, അങ്കമാലി എന്നീ മണ്ഡലങ്ങളിലെ സ്‌ഥാനാർഥി നിർണയം. മത്സരം ഉച്ചസ്‌ഥായിയിലെത്തുമ്പോൾ ഇവയൊക്കെ മുന്നണികളെ അനുയാത്ര ചെയ്യുന്നുമുണ്ട്. അതൃപ്തരായി ഏറെ പേരുണ്ട് എല്ലാ പാർട്ടികളിലും. പേരുകൾ മാറി മറിഞ്ഞത് പ്രതീക്ഷകളെ മാറ്റിമറിക്കുമെന്നു കരുതുന്നു പലരും. പേരിലെ പോരല്ല രാഷ്ട്രീയ പോരാണെന്നു മറുവാദം ഉയർത്തുന്നവരും നിരവധി. സംഭവബഹുലവും സംഭവനിരതവുമാണ് ജില്ലയിലെ പോരിടത്തിലെ ഉൾത്തലങ്ങൾ.

ചുരുക്കം അപവാദങ്ങൾ ഒഴിച്ചുനിർത്തിയാൽ എന്നും യുഡിഎഫിനു കരുത്തുപകരുന്ന ജില്ലയാണ് എറണാകുളം. ഏറ്റവും അവസാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിലും 14ൽ 11 മണ്ഡലങ്ങളും ജനാധിപത്യ ചേരിക്കൊപ്പമായിരുന്നു. കോൺഗ്രസിന്റെ ആഭ്യന്തരരാഷ്ട്രീയത്തിൽ ഏറെ ചുഴികളും മലരികളും സൃഷ്ടിച്ചതാണ് തൃപ്പൂണിത്തുറയിലെയും തൃക്കാക്കരയിലെയും സ്‌ഥാനാർഥിത്വം. തൃപ്പൂണിത്തുറ സിപിഎമ്മിനുണ്ടാക്കിയ തലവേദന ചില്ലറയല്ല. അങ്കമാലിയെച്ചൊല്ലി ജനതാദളിൽ ഉണ്ടായ ചേരിപ്പോര് എരിഞ്ഞു നീറുന്നു.

എൻഡിഎ മുന്നണിയിലും ഉണ്ട് സ്‌ഥാനാർഥിത്വം സംബന്ധിച്ച കശപിശകൾ. എൻഡിഎ ലോക് ജനശക്‌തി പാർട്ടിക്കായി നൽകിയ തൃക്കാക്കരയിലെ സ്‌ഥാനാർഥി പാർട്ടി പ്രസിഡന്റ് തന്നെ പണം ചോദിച്ചുവെന്ന ആരോപണവുമായി രംഗത്തുവരികയും സീറ്റ് ബിജെപിക്കു വിട്ടുകൊടുക്കുകയും ചെയ്ത സംഭവങ്ങൾ ആ ചേരിയുടേതായ നാടകീയതയായി. മുതിർന്ന സിവിൽ സർവീസ് ഉദ്യോഗസ്‌ഥനായിരുന്ന പി.സി. സിറിയക്ക് എൻഡിഎ സ്വതന്ത്രനായി കോതമംഗലത്ത് രംഗത്തെത്തിയതും ശ്രദ്ധേയമായി. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അടക്കം മുന്നണികളിലെ ഒന്നാം നിരക്കാർ പലവട്ടം മണ്ഡലങ്ങളിൽ വന്നുപോയി. ഭരണവിരുദ്ധ വികാരം ഇല്ലെന്നു പറഞ്ഞ് വർധിത വീര്യത്തിലാണ് യുഡിഎഫ്. പാർലമെന്റ് തെരഞ്ഞെടുപ്പിലും പിന്നീട് നടന്ന തദ്ദേശ തെരഞ്ഞെടുപ്പുകളിലും അടിത്തറ വിപുലമായെന്ന കണക്കുകൂട്ടലിലാണ് ഇടതുപക്ഷം. എൻഡിഎ ക്യാമ്പിനുമുണ്ട് നില മെച്ചപ്പെടുത്താനാകുമെന്ന പ്രതീക്ഷ.

<ആ>എല്ലാവരും പ്രതീക്ഷയിൽ

ജില്ലയിലെ മണ്ഡലങ്ങളെല്ലാം മുന്നണികളെ മാറി മാറി വരിച്ചിട്ടുണ്ടെങ്കിലും ശക്‌തമായ വലതുപക്ഷ സ്വഭാവമുള്ളവയാണ് അവയെല്ലാം. വികസനവും കരുതലും ഊന്നി മുഖ്യമന്ത്രിതന്നെ അണികൾക്കും നേതാക്കൾക്കും ഒരുപോലെ ആത്മവിശ്വാസം പകരുന്നുണ്ട്.

ഇടതു മുന്നണിയും കരുതലോടെയാണ് നീങ്ങുന്നത്. സ്‌ഥാനാർഥിനിർണയത്തിന്റെ ഘട്ടത്തിൽ ഏറെ കാലുഷ്യങ്ങൾ ഉണ്ടായ ഇടതു മുന്നണിയും സിപിഎമ്മും ഏതു വിധേനയും മുന്നേറ്റം സാധ്യമാക്കണമെന്ന വാശിയോടെയാണ് പ്രവർത്തിക്കുന്നത്. ഉദയംപേരൂരിലെ സിപിഎം വിമതരെ സമരസപ്പെടുത്തുന്നതിന് ജില്ലാ സെക്രട്ടറി പി. രാജിവ് രംഗത്തെത്തിയതും അതുകൊണ്ടാണ്. കൈപ്പത്തിയല്ല കൈപ്പറ്റിയാണെന്നു പറഞ്ഞ് അഴിമതി ആരോപണങ്ങളിൽ നങ്കൂരമിട്ട് അണികളെ ഇളക്കി പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനും പിണറായി വിജയനും മറ്റും പ്രചാരണം നടത്തുന്നു. ഫ്രാൻസിസ് ജോർജിന്റെ പാർട്ടിയുടെ ആഗമനം മണ്ഡലത്തിന്റ കിഴക്കൻ മേഖലയിലെ കാറ്റ് അനുകൂലമാക്കുമെന്നും ഇവർ വിശ്വസിക്കുന്നു.

ഇതിനിടെ, ബിഡിജെഎസുമായി കൂടിയുള്ള കന്നി പരീക്ഷണത്തിനു മുന്നിട്ടിറങ്ങിയിരിക്കുന്ന ബിജെപിയും തങ്ങളുടെ നിലയിൽ കരുത്തുകാട്ടുമെന്ന അവകാശ വാദവുമായി നിലയുറപ്പിച്ചിട്ടുണ്ട്. ഇടത്, വലതു മുന്നണികൾക്കു വെല്ലുവിളി ഉയർത്തി ശക്‌തമായ ത്രികോണ മത്സരത്തിനുള്ള കളമൊരുക്കാനുള്ള കരുത്തൊന്നും ഒരു മണ്ഡലത്തിലും ഇല്ലെങ്കിലും ജയപരാജയങ്ങളുടെനിലയെ പല ഇടങ്ങളിലും ഇവർ നേടുന്ന വോട്ടുകൾ ബാധിക്കും എന്നതാണ് അവസ്‌ഥ. ബിഡിജെഎസിന്റെ സാന്നിധ്യം കൂടുതൽ സാമുദായിക വോട്ടുകൾ നേടികൊടുക്കുമെന്ന പ്രതീക്ഷയുണ്ട് എൻഡിഎയ്ക്ക്.

ജില്ലയിലെ ഏറ്റവും ശ്രദ്ധേയമായ പോരാട്ടം നടക്കുന്ന മണ്ഡലം എക്സൈസ് മന്ത്രി കെ. ബാബു മത്സരിക്കുന്ന തൃപ്പൂണിത്തുറയാണ്. അഴിമതിക്കെതിരേ ശക്‌തമായ പ്രചാരണം അഴിച്ചുവിട്ട് മണ്ഡലം പിടിക്കുക എന്ന ശ്രമമാണ് ഡിവൈഎഫ്ഐ നേതാവായ എം. സ്വരാജിലൂടെ സിപിഎം നടത്തുന്നത്. സാംസ്കാരിക മണ്ഡലത്തിലെ സാന്നിധ്യമായ പ്രഫ. തുറവൂർ വിശ്വംഭരനെ നിർത്തി എൻഡിഎയും പോരാട്ടം ശക്‌തമാക്കുന്നു.

തൊട്ടടുത്ത മണ്ഡലമായ തൃക്കാക്കരയിൽ മുതിർന്ന കോൺഗ്രസ് നേതാവ് പി.ടി. തോമസും സിപിഎം സ്‌ഥാനാർഥി സെബാസ്റ്റ്യൻ പോളും നേർക്കുനേർ ഏറ്റുമുട്ടുന്നു. ഇരുവരും ലബ്ധപ്രതിഷ്ഠരാണ്. ബെന്നി ബഹനാന് സീറ്റ് ഇല്ലാതായ സംഭവം ഏറെ കോളിളക്കം സൃഷ്ടിച്ചെങ്കിലും മണ്ഡലത്തിൽ പ്രചാരണത്തിന്റെ അമരക്കാരനായി അദ്ദേഹം കോൺഗ്രസ് ക്യാമ്പിനു കരുത്തേകുന്നു. പണം ചോദിച്ചുവെന്ന് പാർട്ടി അധ്യക്ഷനെതിരേ ആരോപണം ഉയർന്നതിനെത്തുടർന്ന് എൽജെപിയിൽനിന്നു ബിജെപി ഏറ്റെടുക്കേണ്ടിവന്ന മണ്ഡലത്തിൽ എസ്. സജിയാണ് സ്‌ഥാനാർഥി.

എറണാകുളം മണ്ഡലം രണ്ടു വട്ടം മാത്രമാണ് ജനാധിപത്യ ചേരിയെ കൈവിട്ടത്. സിറ്റിംഗ് എംഎൽഎ ഹൈബി ഈഡനും സിപിഎമ്മിലെ എം. അനിൽ കുമാറും ഏറ്റുമുട്ടുന്ന ഇവിടം യുവാക്കളുടെ പോർക്കളമാണ്. കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം ഉയർത്താനാണ് യുഡിഎഫ് ശ്രമം. ബിജെപി ജില്ലാ പ്രസിഡന്റ് എൻ. കെ. മോഹൻദാസ് തങ്ങളുടെ കരുത്തു കാട്ടാനായി മത്സരരംഗത്തുണ്ട്.

കോൺഗ്രസിനു വിമതശല്യമുള്ള മണ്ഡലമാണ് മുൻമന്ത്രിയും സിറ്റിംഗ് എംഎൽഎയുമായ ഡൊമിനിക് പ്രസന്റേഷൻ മത്സരിക്കുന്ന കൊച്ചി. ഇടതു മുന്നണി ഇക്കുറി മണ്ഡലത്തെക്കുറിച്ച് പ്രതീക്ഷ വച്ചുപുലർത്തുന്നുണ്ടെങ്കിലും അത് അസ്‌ഥാനത്താകുമെന്നാണ് യുഡിഎഫ് പറയുന്നത്. തെരഞ്ഞെടുപ്പ് അടുത്ത വേളയിൽ വി.എസ് പക്ഷത്തുനിന്ന് ഔദ്യോഗികപക്ഷത്തേക്കു ചേക്കേറിയ കെ.ജെ. മാക്സിയാണ് സിപിഎം സ്‌ഥാനാർഥി. വി.എസ് പക്ഷത്തിനു ശക്‌തമായ വളക്കൂറുള്ള മണ്ണാണിവിടം. മണ്ഡലത്തിലെ ഗൗഢസാരസ്വതരുടെ വോട്ടിൽ പ്രതീക്ഷ അർപ്പിച്ച് പ്രവീൺ ദാമോദരനെയാണ് ബിജെപി രംഗത്ത് ഇറക്കിയിരിക്കുന്നത്. കോൺഗ്രസ് വിമതൻ കെ.ജെ. ലീനസും പ്രചാരണ രംഗത്ത് ശക്‌തമായി നിലയുറപ്പിച്ചിട്ടുണ്ട്.


ജില്ലയിൽ ആദ്യം സ്‌ഥാനാർഥിയെ പ്രഖ്യാപിക്കുകയും പ്രചാരണ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്ത മണ്ഡലമാണ് പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് മത്സരിക്കുന്ന കളമശേരി. വലിയ വാർത്തകളും വിവാദങ്ങളും സൃഷ്ടിക്കാതെ ഇവിടത്തെ പ്രചാരണ പ്രവർത്തനങ്ങൾ മുന്നോട്ടുപോകുകയാണ്. മുൻ എംഎൽഎ എ.എം. യൂസുഫാണ് സിപിഎം സ്‌ഥാനാർഥി. ബിഡിജെഎസിലെ വി. ഗോപകുമാറാണ് എൻഡിഎയുടെ പോരാളി.

ആലുവയിൽ സിറ്റിംഗ് എംഎൽഎ അൻവർ സാദത്തിന്റെ പ്രധാന എതിരാളി സിപിഎം ഏരിയ സെക്രട്ടറി കൂടിയായ വി. സലിമാണ്. അൻവർ സാദത്തിനെപ്പോലെതന്നെ മണ്ഡലവുമായി അടുത്ത ബന്ധം പുലർത്തുന്ന സലിമിലൂടെ ശക്‌തമായ മത്സരം ഉയർത്തിക്കൊണ്ടുവരുന്നതിനാണ് സിപിഎം ശ്രമിക്കുന്നത്. ബിജെപിയാകട്ടെ വനിതാ നേതാവായ ലതാ ഗംഗാധരനുമായി മത്സരരംഗത്ത് നിലയുറപ്പിച്ചിരിക്കുന്നു.

എൽഡിഎഫിലെ ജനതാദളിന്റെ സിറ്റിംഗ് മണ്ഡലമായ അങ്കമാലിയിൽ മത്സരം കടുക്കും. എൻഎസ്യു ദേശീയ അധ്യക്ഷൻ റോജി എം. ജോണിലുടെ മണ്ഡലം പിടിക്കാനാണ് കോൺഗ്രസിന്റെ ശ്രമം. സ്‌ഥാനാർഥിത്വത്തിൽനിന്ന് ജോസ് തെറ്റയിൽ ഒഴിവായതടക്കം ജനതാദളിനെ അലോസരപ്പെടുത്തുന്ന കാര്യങ്ങൾ പലതാണ്. കോൺഗ്രസിനും ഉണ്ട് ഇത്തരം തലവേദനകൾ. റോജിയുടെ പ്രചാരണത്തിനു കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽഗാന്ധി എത്തുന്നുവെന്നതും മത്സരത്തെ എത്ര പ്രാധാന്യത്തോടെയാണ് ദേശീയ നേതൃത്വം കാണുന്നതെന്ന കാര്യം വെളിവാക്കുന്നു. അങ്കമാലി മുൻ മുനിസിപ്പൽ ചെയർമാൻ ബെന്നി മൂഞ്ഞേലിയാണ് ജനതാദൾ–എസ് സ്‌ഥാനാർഥി. കേരള കോൺഗ്രസ് പി.സി. തോമസ് വിഭാഗത്തിലെ പി.ജെ. ബാബുവാണ് എൻഡിഎ സ്‌ഥാനാർഥി.

കോൺഗ്രസ് നേതാവ് വി.ഡി. സതീശന്റെ തട്ടകമായ പറവൂരിൽ മുൻ മുഖ്യമന്ത്രിയും സിപിഐ നേതാവുമായിരുന്ന പി.കെ. വാസുദേവൻ നായരുടെ മകളും ജില്ലാ പഞ്ചായത്ത് അംഗവുമായ ശാരദ മോഹനാണ് എതിരാളി. സതീശനെ ഏതുവിധേനയും തോൽപ്പിക്കുമെന്നു പ്രഖ്യാപിച്ചിട്ടുള്ള വെള്ളാപ്പള്ളി നടേശന്റെ ആശിസോടെ മത്സരിക്കുന്ന ബിഡിജെഎസിലെ ഹരി വിജയനാണ് എൻഡിഎ സ്‌ഥാനാർഥി.

ഇടതു മുന്നണി ഏറ്റവുമധികം ആത്മവിശ്വാസം വച്ചുപുലർത്തുന്ന മണ്ഡലമാണ് സിപിഎം നേതാവായ മുൻമന്ത്രി എസ്. ശർമ മത്സരിക്കുന്ന വൈപ്പിൻ. മുൻ ജില്ലാ പഞ്ചായത്ത് അംഗം കെ.ആർ. സുഭാഷാണ് ഇവിടെ കോൺഗ്രസ് സ്‌ഥാനാർഥി. കേരള ധീവര മഹാസഭയുടെ വർക്കിംഗ് പ്രസിഡന്റ് കെ.കെ. വാമലോചനനാണ് എൻഡിഎയിലെ ബിഡിജെഎസ് സ്‌ഥാനാർഥി.

ഇടതു മുന്നണിയുടെ മറ്റൊരു സിറ്റിംഗ് സീറ്റായ പെരുമ്പാവൂരിലും ശക്‌തമായ മത്സരമാണ്. സിപിഎമ്മിലെ സിറ്റിംഗ് എംഎൽഎയായ സാജു പോളിനെ നേരിടാൻ മുൻ ജില്ല പഞ്ചായത്ത് പ്രസിഡന്റ് എൽദോസ് കുന്നപ്പിള്ളിയെയാണ് കോൺഗ്രസ് കളത്തിലിറക്കിയിരിക്കുന്നത്. ഹിന്ദു ഐക്യവേദി സംസ്‌ഥാന ജനറൽ സെക്രട്ടറി ഇ.എസ്. ബിജുവാണ് എൻഡിഎ സ്‌ഥാനാർഥി.

ഇടതു മുന്നണി തിരിച്ചുപിടിക്കാൻ കരുനീക്കുന്ന മണ്ഡലങ്ങളിലൊന്നാണ് മൂവാറ്റുപുഴ. സിറ്റിംഗ് എംഎൽഎ മുതിർന്ന കോൺഗ്രസ് നേതാവ് ജോസഫ് വാഴയ്ക്കനെതിരേ സിപിഐ എൽദോ ഏബ്രഹാമിനെയാണ് രംഗത്തിറക്കിയിരിക്കുന്നത്. മണ്ഡലമിളക്കിപ്രചാരണം നടത്താൻ എൽദോ എബ്രഹാമിന് ആവുന്നുണ്ടെങ്കിലും മണ്ഡലം കൈവിടില്ലെന്ന ആത്മവിശ്വാസം യുഡിഎഫ് ക്യാമ്പിൽ ശക്‌തമാണ്. ബിജെപി മുൻ ജില്ല പ്രസിഡന്റ് പി.ജെ. തോമസാണ് എൻഡിഎ സ്‌ഥാനാർഥി.

മുൻമന്ത്രി ടി.എം. ജേക്കബിന്റെ മകനും സംസ്‌ഥാന പൊതുവിതരണ മന്ത്രിയുമായ അനൂപ് ജേക്കബ് വീണ്ടും മത്സരിക്കുന്ന പിറവത്ത് പഴയ എതിരാളികളുടെ ഏറ്റുമുട്ടൽ ആവർത്തിക്കുന്നു. മുൻ എംഎൽഎ എം.ജെ. ജേക്കബിനെയാണ് അനൂപിനെതിരേ സിപിഎം വീണ്ടും രംഗത്തിറക്കിയിരിക്കുന്നത്. ബിഡിജെഎസിലെ സി.പി. സത്യനാണ് എൻഡിഎ സ്‌ഥാനാർഥി.

ഫ്രാൻസിസ് ജോർജും കൂട്ടരും എത്തിയതോടെ കോതമംഗലത്തിന്റെ കാര്യത്തിലും ഇടതുപക്ഷം പ്രതീക്ഷ വച്ചുപുലർത്തുന്നുണ്ട്. കേരള കോൺഗ്രസ്–മാണി വിഭാഗം നേതാവും സിറ്റിംഗ് എംഎൽഎയുമായ ടി.യു. കുരുവിളയ്ക്കെതിരേ സിപിഎം കളത്തിലിറക്കിയിരിക്കുന്നത് കന്നിക്കാരനായ യുവ നേതാവ് ആന്റണി ജോണിനെയാണ്. തമിഴ്നാട് മുൻ ഡെപ്യൂട്ടി ചീഫ് സെക്രട്ടറി പി.സി. സിറിയക്ക് എൻഡിഎ സ്വതന്ത്രനായി പ്രചാരണ രംഗത്തുണ്ട്.

കോൺഗ്രസിന്റെ സിറ്റിംഗ് മണ്ഡലമായ കുന്നത്തുനാട്ടിൽ സിറ്റിഗ് എംഎൽഎ വി.പി. സജീന്ദ്രൻ വർധിത ആത്മവിശ്വാസത്തോടെയാണ് പ്രചാരണ രംഗത്ത് നിലയുറപ്പിച്ചിരിക്കുന്നത്. അഡ്വ. ഷിജി ശിവജി എന്ന വനിതയെ രംഗത്ത് ഇറക്കി മത്സരം കടുപ്പിക്കാനാണ് സിപിഎം നീക്കം. ഇവരുടെ സ്‌ഥാനാർഥിത്വം പ്രഖ്യാപിച്ച സമയത്ത് സിപിഎമ്മിൽ ഭിന്നതകൾ ഉയർന്നുവന്നിരുന്നു. ബിഡിജെഎസിലെ തുറവൂർ സുരേഷാണ് എൻഡിഎ സ്‌ഥാനാർഥി.

<ആ>പ്രമുഖർ മത്സരിക്കുന്ന മണ്ഡലങ്ങൾ

തൃപ്പൂണിത്തുറ

കെ. ബാബു (കോൺഗ്രസ്)
എം. സ്വരാജ്(സിപിഎം)
പ്രഫ. തുറവൂർ വിശ്വംഭരൻ (ബിജെപി)

കളമശേരി

വി.കെ. ഇബ്രാഹിം കുഞ്ഞ് (മുസ്ലിം ലീഗ്)
എ.എം. യൂസുഫ് (സിപിഎം)
വി. ഗോപകുമാർ (ബിഡിജെഎസ്)

തൃക്കാക്കര

പി.ടി. തോമസ് (കോൺഗ്രസ്)
ഡോ. സെബാസ്റ്റ്യൻ പോൾ (സിപിഎം)
എസ്. സജി (ബിജെപി)

പിറവം

അനൂപ് ജേക്കബ് (കേരള കോൺ.–ജേക്കബ്)
എം.ജെ. ജേക്കബ് (സിപിഎം)
സി.പി. സത്യൻ (ബിഡിജെഎസ്)

പറവൂർ

വി.ഡി. സതീശൻ (കോൺഗ്രസ്)
ശാരദ മോഹൻ (സിപിഐ)
ഹരി വിജയൻ (ബിഡിജെഎസ്)

അങ്കമാലി

റോജി എം. ജോൺ (കോൺഗ്രസ്)
ബെന്നി മൂഞ്ഞേലി (ജനതാദൾ–എസ്)
പി.ജെ. ബാബു (കേരള കോൺ.–പിസി തോമസ്)

കൊച്ചി

ഡൊമിനിക് പ്രസന്റേഷൻ (കോൺഗ്രസ്)
കെ.ജെ. മാക്സി (സിപിഎം)
പ്രവീൺ ദാമോദരൻ (ബിജെപി)
കെ.ജെ. ലീനസ് (കോൺഗ്രസ് വിമതൻ)

കോതമംഗലം

ടി.യു. കുരുവിള (കേരള കോൺഗ്രസ്–എം)
ആന്റണി ജോൺ (സിപിഎം)
പി.സി. സിറിയക് (എൻഡിഎ സ്വതന്ത്രൻ)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.