ജിഷയുടെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്‌ടപരിഹാരം; സഹോദരിക്കു ജോലി
ജിഷയുടെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്‌ടപരിഹാരം; സഹോദരിക്കു ജോലി
Wednesday, May 4, 2016 12:59 PM IST
തിരുവനന്തപുരം: പെരുമ്പാവൂരിൽ കൊല്ലപ്പെട്ട ജിഷയുടെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകാനും സഹോദരിക്ക് എറണാകുളം ജില്ലയിൽ സർക്കാർ ജോലി നൽകാനും സർക്കാർ തീരുമാനിച്ചു. ഇവർക്ക് വീട് വച്ചുനൽകാൻ വിവിധ കേന്ദ്രങ്ങളിൽ നിന്നുള്ള സഹായവാഗ്ദാനങ്ങൾ ജില്ലാ കളക്ടർ ഏകോപിപ്പിക്കും. ഇക്കാര്യങ്ങൾ അടിയന്തരമായി നടപ്പാക്കാൻ ചീഫ് സെക്രട്ടറിക്കു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നിർദേശം നൽകി. ഇവ നടപ്പാക്കാൻ തെരഞ്ഞെടുപ്പു കമ്മീഷന്റെ അനുമതി തേടി.

<ആ>ഭൂമി വാങ്ങാനും വീട് വയ്ക്കാനും സർക്കാർ ധനസഹായം നൽകി

തിരുവനന്തപുരം: ജിഷയുടെ കുടുംബത്തിനു ഭൂമി വാങ്ങുന്നതിനും അവിടെ വീടുവയ്ക്കുന്നതിനും ധനസഹായം നൽകിയിരുന്നതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.


2014–15 ൽ പ്രത്യേക പരിഗണനയിൽ ഉൾപ്പെടുത്തി ഭൂമി വാങ്ങുന്നതിന് 3.75 ലക്ഷം രൂപ ധനസഹായം അനുവദിച്ചു. ഈ തുക ഉപയോഗിച്ച് മുടക്കുഴ ഗ്രാമപഞ്ചായത്തിൽ അഞ്ചു സെന്റ് വസ്തു വാങ്ങിയിരുന്നു. ഇവിടെ വീട് വയ്ക്കുന്നതിനായി പ്രത്യേക പരിഗണനാ വിഭാഗത്തിൽ ഉൾപ്പെടുത്തി മൂന്നു ലക്ഷം രൂപയുടെ ഭവന നിർമാണ ധന സഹായവും അനുവദിച്ചിരുന്നു.

തറപണി പൂർത്തീകരിച്ചതിനാൽ രണ്ടാം ഗഡു തുക ഉൾപ്പെടെ മൊത്തം 1.2 ലക്ഷം രൂപ കൊടുത്തു. മൂന്നാം ഗഡുവായ 1.2 ലക്ഷം രൂപയും നാലാം ഗഡുവായ 45,000 രൂപയും പണിപൂർത്തിയാകുന്ന മുറയ്ക്ക് അനുവദിക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.