ഹയർ സെക്കൻഡറി: സംസ്‌ഥാനത്ത് 3,56,730 സീറ്റുകൾ
Thursday, May 5, 2016 12:20 PM IST
ബിജു കുര്യൻ

പത്തനംതിട്ട: ഹയർ സെക്കൻഡറി പ്രവേശനത്തിനായി സംസ്‌ഥാനത്ത് 3,56,730 സീറ്റുകൾ. ഇത്തവണ എസ്എസ്എൽസി പരീക്ഷയിൽ സംസ്‌ഥാനത്ത് ഉപരിപഠന യോഗ്യത നേടിയിരിക്കുന്നത് 4,57,654 കുട്ടികളാണ്. ഇവരോടൊപ്പം സിബിഎസ്ഇ പരീക്ഷ എഴുതിയവരും ഫലം വന്നാലുടൻ സംസ്‌ഥാന സിലബസിലേക്കു പ്രവേശനം തേടും. ഹയർ സെക്കൻഡറിയോടൊപ്പം സംസ്‌ഥാനത്തെ വൊക്കേഷണൽ ഹയർ സെക്കൻഡറി മേഖലയിലും ഏകജാലകത്തിലൂടെ പ്രവേശനം സാധ്യമാകും.

ഗവൺമെന്റ്, എയ്ഡഡ്, അൺ എയ്ഡഡ് മേഖലകളിലായി സംസ്‌ഥാനത്ത് 2071 ഹയർ സെക്കൻഡറി വിദ്യാലയങ്ങളാണുള്ളത്. ഇവയിൽ സയൻസ് വിഷയങ്ങൾക്ക് 1,83,982 സീറ്റുകളും ഹ്യുമാനിറ്റീസിന് 68,838 സീറ്റുകളും കൊമേഴ്സിന് 1,03,910 സീറ്റുകളുമാണുള്ളത്. 817 ഗവൺമെന്റ് ഹയർ സെക്കൻഡറി വിദ്യാലയങ്ങളാണ് സംസ്‌ഥാനത്തുള്ളത്. ഇവയിൽ 1,40,950 സീറ്റുകളുണ്ട്. സയൻസിന് 64,00 സീറ്റുകളും ഹ്യുമാനിറ്റീസിന് 33,750 സീറ്റുകളും കൊമേഴ്സിന് 43,200 സീറ്റുകളുമാണ് ഗവൺമെന്റ് മേഖലയിലുള്ളത്. എയ്ഡഡ് മേഖലയിൽ 844 വിദ്യാലയങ്ങളിലായി 1,64,850 സീറ്റുകളാണുള്ളത്. സയൻസിന് 88,800 സീറ്റുകളും ഹ്യുമാനിറ്റീസിന് 29,400 സീറ്റുകളും കൊമേഴ്സിന് 46,650 സീറ്റുകളുമാണ് സംസ്‌ഥാനത്തുള്ളത്. അൺഎയ്ഡഡ് മേഖലയിൽ 362 വിദ്യാലയങ്ങളിലായി 46,850 സീറ്റുകളാണുള്ളത്. ഇതിൽ 27,850 സീറ്റുകൾ സയൻസിനും 5400 സീറ്റുകൾ ഹ്യുമാനിറ്റീസിനും 13,600 സീറ്റുകൾ കൊമേഴ്സിനുമുണ്ട്.


സംസ്‌ഥാനത്ത് ഏറ്റവും കൂടുതൽ ഹയർ സെക്കൻഡറി വിദ്യാലയങ്ങൾ മലപ്പുറം ജില്ലയിലാണ്. മലപ്പുറത്ത് 246 സ്കൂളുകളിലായി 51,736 സീറ്റുകളാണ് പ്ലസ് വൺ പ്രവേശനത്തിനുള്ളത്. വയനാട്ടിൽ ഹയർസെക്കൻഡറി വിദ്യാലയങ്ങൾ ഏറ്റവും കുറവ്. 61 എണ്ണം. വയനാട്ടിൽ 8608 വിദ്യാർഥികൾക്കാണ് പ്രവേശനം ലഭിക്കുന്നത്.

മറ്റു ജില്ലകളിലെ ഹയർ സെക്കൻഡറി വിദ്യാലയങ്ങളും സീറ്റുകളും. തിരുവനന്തപുരം – 178, 31,244. കൊല്ലം – 137, 25,422. പത്തനംതിട്ട – 96, 15,058. ആലപ്പുഴ – 125, 22,336. കോട്ടയം – 135, 22,336. ഇടുക്കി – 81, 12,072 എറണാകുളം – 209, 32,536. തൃശൂർ – 204, 32,694. പാലക്കാട് – 152, 27,186. കോഴിക്കോട് – 181, 33772, കണ്ണൂർ – 160, 27,258. കാസർഗോഡ് – 106, 14,472.

ഇതു കൂടാതെ 15 സ്പെഷൽസ്കൂളുകളിലായി 438 സീറ്റുകളും 16 റസിഡൻഷ്യൽ സ്കൂളുകളിലായി 892 സീറ്റുകളും 17 ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളുകളിലായി 2750 സീറ്റുകളും സംസ്‌ഥാനത്തുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.