പ്ലസ് വൺ പ്രവേശനം: ബാലാവകാശ കമ്മീഷൻ നിർദേശത്തിനെതിരേ കോടതിയെ സമീപിക്കും: കോർപറേറ്റ് മാനേജർമാർ
Thursday, May 5, 2016 12:33 PM IST
കൊച്ചി: പ്ലസ് വൺ പ്രവേശനത്തിന് ഏർപ്പെടുത്തിയ ഏകജാലക സംവിധാനം മാനേജുമെന്റുകളുടെ അവകാശത്തിന്മേലുള്ള കടന്നുകയറ്റമാണെന്നു കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ വിളിച്ചുചേർത്ത കോർപറേറ്റ് മാനേജർമാരുടെ സമ്മേളനം വിലയിരുത്തി. കമ്യൂണിറ്റി മെറിറ്റ് അപ്ലോഡ് ചെയ്യുന്ന പോർട്ടലിൽ തന്നെ മാനേജുമെന്റു ക്വോട്ടയിൽ എടുക്കുന്ന കുട്ടികളുടെ പേരുകൾ മെറിറ്റ് അടിസ്‌ഥാനത്തിലും സംവരണനിയമത്തിനു വിധേയമായും അപ്ലോഡ് ചെയ്യണമെന്ന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ ഫെബ്രുവരി 26ലെ ഉത്തരവ് മാനേജുമെന്റുകളോടുള്ള വെല്ലുവിളിയാണ്. ഇതിനെതിരേ ഹൈക്കോടതിയെ സമീപിക്കാനും യോഗം തീരുമാനിച്ചു.

കമ്യൂണിറ്റി, മാനേജുമെന്റ് ക്വാട്ടകളിലെ പ്രവേശനം മാനേജുമെന്റുകളുടെ മാത്രം അവകാശമാണ്. അതിൽ കൈകടത്താൻ ആരെയും അനുവദിക്കേണ്ടതില്ല. എയ്ഡഡ് വിദ്യാലയങ്ങളിൽ കഴിഞ്ഞ അഞ്ചു വർഷങ്ങളായി മുടങ്ങിക്കിടക്കുന്ന തസ്തിക നിർണയം ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ സമയബന്ധിതമായി വിദ്യാഭ്യാസ വകുപ്പ് പൂർത്തീകരിക്കുവാൻ ശ്രമിക്കുന്ന വേളയിൽ ഇതു സംബന്ധിച്ച് ആശങ്കകൾ ഉളവാക്കാൻ ബോധപൂർവകമായ ശ്രമം നടക്കുന്നുണ്ട്. ഇടതുപക്ഷ സർക്കാർ അടിച്ചേല്പിച്ച നിയമനനിരോധനം നീക്കിക്കൊണ്ട് ഈ സർക്കാർ അധ്യാപക പാക്കേജ് പ്രഖ്യാപിച്ചു. അതിനെ ചോദ്യം ചെയ്ത് നിരവധി കേസുകൾ ഹൈക്കോടതിയിൽ വന്നു. നിരവധി ഉന്നതതല ചർച്ചകളും മാനേജുമെന്റ്–അധ്യാപക സംഘടനകളുമായുള്ള ചർച്ചകൾക്കും ശേഷം ഹൈക്കോടതിയുടെ വിധിയിൽ നിരീക്ഷിച്ചിട്ടുള്ള പ്രകാരം തസ്തികനിർണയം നടത്താൻ ഈ കഴിഞ്ഞ ജനുവരിയിലാണ് സർക്കാർ ഉത്തരവിട്ടത്. എന്നാൽ ഇതു നടപ്പിലാക്കുന്നതിൽ ഉദ്യോഗസ്‌ഥതലത്തിൽ ഗൗരവമായ അലംഭാവം ഉണ്ടായി. ശക്‌തമായ പ്രതിഷേധങ്ങളുടെയും നിവേദനങ്ങളുടെയും ഫലമായാണ് ഈ മാസം തന്നെ തസ്തിക നിർണയം പൂർത്തീകരിക്കാനുള്ള ശ്രമം വിദ്യാഭ്യാസ വകുപ്പ് നടത്തിവരുന്നത്. ഈ അവസരത്തിലാണ് അധ്യാപക, അനധ്യാപക ജീവനക്കാരിലും പൊതുസമൂഹത്തിലും അനാവശ്യ ആശങ്കകൾ ഉളവാക്കുന്ന പ്രചാരണം നടക്കുന്നത്.

മാനേജുമെന്റുകളും സർക്കാരുമായി ഉണ്ടായ ധാരണപ്രകാരം ന്യു സ്കൂൾ, ഓൾഡ് സ്കൂൾ വേർതിരിവില്ലാതെതന്നെ 1:30, 1:35 എന്ന അനുപാതത്തിൽ എട്ടാം ക്ലാസു വരെയും, 1:45 എന്ന അനുപാതത്തിൽ 9, 10 ക്ലാസുകളിലും തസ്തിക നിർണയം നടത്താൻ തീരുമാനിച്ചിരുന്നു. പുതിയ അനുപാതം അനുസരിച്ച് കുട്ടികൾ കുറവുള്ള വിദ്യാലയങ്ങളിലെ പുറത്തുപോകേണ്ടിവരുന്ന അധ്യാപകരെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം അതതു മാനേജർമാർക്കായിരിക്കും എന്നും നിശ്ചയിച്ചിരുന്നു. സർക്കാർ തലത്തിൽ പ്രത്യേക പാക്കേജ് ഉണ്ടാകുകയില്ലെന്നും തീരുമാനിച്ചു. അധികം വരുന്ന അധ്യാപകരെ പുനർവിന്യസിക്കേണ്ട ഉത്തരവാദിത്വം മാനേജർമാർക്കായിരിക്കും. കോർപറേറ്റ് ഏജൻസികളിൽ അധ്യാപക പുനർവിന്യാസം നടത്തുന്നതിന് സാധ്യതകൾ ഏറെയുണ്ട്. അതുകൊണ്ടുതന്നെ ജീവനക്കാരുടെ ജോലി നഷ്ടപ്പെടുമെന്ന പ്രചാരണം അടിസ്‌ഥാനരഹിതമാണ്.


അധ്യാപക പാക്കേജ് ഇല്ലാതാകുന്നതോടുകൂടി 1:1 എന്ന അനുപാതം നിയമനകാര്യത്തിൽ പ്രസക്‌തമല്ലാത്തതാണ്. എന്നാൽ പ്രൊട്ടക്ടഡ് അധ്യാപകരെ നിയമിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ന്യു സ്കൂൾ വിഭാഗത്തിൽ വരുന്ന വിദ്യാലയത്തിലെ തസ്തിക നിർണയ അപേക്ഷകൾ നിരസിക്കുന്നതിലെ യുക്‌തി അംഗീകരിക്കാനാവുന്നതല്ല. ഇതിനെതിരെ സുപ്രീം കോടതിയെ സമീപിക്കും.

ഹയർ സെക്കൻഡറിയിൽ അധ്യാപക–അനധ്യാപകരെ തെരഞ്ഞെടുക്കാനുള്ള സമിതിയിൽ സർക്കാർ പ്രതിനിധിയെ ലഭിക്കുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള കാർക്കശ്യമാനദണ്ഡങ്ങൾ നിയമനപ്രക്രിയ നീണ്ടുപോകാനും കുട്ടികൾക്ക് ക്ലാസ് നഷ്ടം ഉണ്ടാക്കാനും മാത്രമേ ഉപകരിക്കുകയുള്ളൂ. ഈ നിബന്ധനകൾ ലഘൂകരിക്കുവാൻ സർക്കാർ സത്വരനടപടികൾ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

കേരളത്തിലെ സന്യസ്തസഭാ സമൂഹങ്ങളുടേതുൾപ്പെടെ എല്ലാ കത്തോലിക്ക കോർപറേറ്റ് മാനേജർമാർമാരും പങ്കെടുത്ത യോഗത്തിൽ കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ സെക്രട്ടറി ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി അധ്യക്ഷത വഹിച്ചു.

ഓൾ കേരള മാനേജേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ഫാ. മാത്യു ചന്ദ്രൻകുന്നേൽ ചർച്ചകളിൽ മോഡറേറ്ററായിരുന്നു. പിഒസി ഡയറക്ടർ റവ. ഡോ. വർഗീസ് വള്ളിക്കാട്ട്, ഫാ. സ്റ്റാൻലി കുന്നേൽ, ഫാ. മാത്യു നടമുഖം, ഫാ. മാത്യു ഇല്ലിക്കാമുറി, സിസ്റ്റർ ലിറ്റിൽഫ്ളവർ എന്നിവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.