വിദേശത്തു നിന്നു വൻതോതിൽ കള്ളപ്പണം: ആദായനികുതി വകുപ്പ് പരിശോധന നടത്തി
വിദേശത്തു നിന്നു വൻതോതിൽ കള്ളപ്പണം: ആദായനികുതി വകുപ്പ് പരിശോധന നടത്തി
Thursday, May 5, 2016 12:33 PM IST
കൊച്ചി: വിദേശത്തു നിന്ന് വൻതോതിൽ കള്ളപ്പണം കടത്തിയിട്ടുണ്ടെന്ന സൂചനയുടെ അടിസ്‌ഥാനത്തിൽ പ്രവാസി വ്യവസായികൾ ഉൾപ്പെടെയുള്ളവരുടെ വസതികളിൽ ആദായനികുതി വകുപ്പ് പരിശോധന നടത്തി. കൊല്ലത്തെ വ്യവസായി മഠത്തിൽ രഘു, തിരുവനന്തപുരത്തെ അഡ്വ. വിനോദ് കുട്ടപ്പൻ എന്നിവരുടെ വീടുകളിലും സ്‌ഥാപനങ്ങളിലുമാണ് പരിശോധന നടന്നത്. ഗായികയും ടിവി അവതാരകയുമായ റിമി ടോമിയുടെ കൊച്ചി ഇടപ്പള്ളിയിലെ വസതിയിലും ആദായനികുതി പരിശോധന നടത്തി.

സുപ്രീം കോടതി അഭിഭാഷകൻ വിനോദ് കുമാർ കുട്ടപ്പനും അടൂർ സ്വദേശിയായ പ്രവാസി വ്യവസായി ജോൺ ഗീവർഗീസ് കുരുവിളയും തമ്മിൽ നടന്ന സാമ്പത്തിക ഇടപാടുകളിലെ ക്രമക്കേടുകൾ വ്യക്‌തമാക്കുന്ന രേഖകൾ റെയ്ഡിൽ കണ്ടെത്തിയതായാണ് സൂചന.

വിനോദ് കുട്ടപ്പന്റെ സാമ്പത്തിക സ്രോതസുകൾ ആദായനികുതി വകുപ്പ് ഇന്റലിജൻസ് വിഭാഗം നിരീക്ഷിച്ചിരുന്നു. വിനോദ് കുമാർ കുട്ടപ്പന്റെ മകളുടെയും മകന്റെയും വിവാഹം നടത്തിയത് അത്യാഡംബരപൂർവമായിരുന്നു. വിനോദ് കുട്ടപ്പന്റെ മകൻ വിവാഹം ചെയ്തത് കൊല്ലത്തെ പ്രമുഖ എൻആർഐ വ്യവസായിയായ മഠത്തിൽ രഘുവിന്റെ മകളെയാണ്. കൊല്ലത്ത് നിരവധി ശാഖകളുള്ള മഠത്തിൽ ഫിനാൻസ് എന്ന പണമിടപാട് സ്‌ഥാപനത്തിന്റെ ഉടമയാണ് രഘു.


റിമി ടോമിയുടെ ഇടപ്പള്ളിയിലെ വീട്ടിലും തൊട്ടടുത്തുള്ള സഹോദരന്റെ വസതിയിലും ആദായനികുതി വകുപ്പ് പരിശോധന നടത്തി. റിമി ടോമിക്ക് വിദേശത്തു നിന്ന് കണക്കിൽപ്പെടാത്ത പണം ലഭിച്ചതായാണ് വിവരം. ചാനൽ അവതാരകയായ റിമി ടോമിക്ക് വിദേശ സ്റ്റേജ്ഷോകളിൽ നിന്നും മറ്റുമായി വൻതുക പ്രതിഫലം ലഭിക്കുന്നുണ്ടെങ്കിൽ ആദായനികുതി റിട്ടേണുകളിലെ കണക്കുമായി ഇതു പൊരുത്തപ്പെടുന്നില്ല. ആദായനികുതി ഉദ്യോഗസ്‌ഥർ റെയ്ഡിനെത്തുമ്പോൾ റിമി വീട്ടിൽ ഉണ്ടായിരുന്നില്ല. വൈകുന്നേരം റിമി സ്‌ഥലത്തെത്തി അന്വേഷണവുമായി സഹകരിച്ചു.

വീടുകളും ഓഫീസുകളുമടക്കം പത്തു കേന്ദ്രങ്ങളിലാണ് ആദായ നികുതി ഉദ്യോഗസ്‌ഥർ രാവിലെ മുതൽ റെയ്ഡ് നടത്തുന്നത്. വൈകീട്ടും റെയ്ഡ് തുടർന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.