സേവ്യർ ബോർഡ് നാഷണൽ കോൺഫറൻസ് തുടങ്ങി
സേവ്യർ ബോർഡ് നാഷണൽ കോൺഫറൻസ് തുടങ്ങി
Thursday, May 5, 2016 12:33 PM IST
കൊടകര: ഇന്ത്യയിലെ കത്തോലിക്ക ഉന്നത വിദ്യാഭ്യാസ സ്‌ഥാപനങ്ങളുടെ സംഘടനയായ സേവ്യർ ബോർഡ് ഓഫ് ഹയർ എഡ്യുക്കേഷൻ ഇൻ ഇന്ത്യയുടെ നാഷണൽ കോൺഫറൻസ് കൊടകരയിൽ തുടങ്ങി. സഹൃദയ എൻജിനീയറിംഗ് കോളജിൽ ഇരിങ്ങാലക്കുട രൂപത ബിഷപ് മാർ പോളി കണ്ണുക്കാടൻ ഉദ്ഘാടനം ചെയ്തു. സേവ്യർ ബോർഡ് പ്രസിഡന്റ് ഫാ. ജോസഫ് പുത്തൻപുര സിഎംഐ അധ്യക്ഷനായിരുന്നു. സിബിസിഐ വിദ്യാഭ്യാസ കമ്മിറ്റി ചെയർമാൻ ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ് മുഖ്യപ്രഭാഷണം നടത്തി.

ഗവേഷണത്തിലൂന്നിയുള്ള ഉന്നത വിദ്യാഭ്യാസത്തിനു കത്തോലിക്കാ സ്‌ഥാപനങ്ങൾ പ്രാധാന്യം കൊടുക്കണമെന്നും വിദ്യാർത്ഥികളുടെ സ്വഭാവ രൂപീകരണത്തിൽ പ്രധാന പങ്ക് വഹിക്കണമെന്നും ജോഷ്വാ മാർ ഇഗ്നാത്തിയോസ് ആഹ്വാനം ചെയ്തു.


ഉന്നത വിദ്യാഭ്യാസ രംഗത്തെ വെല്ലുവിളികൾ, കത്തോലിക്ക സർവകലാശാലകളിലെ യുവജന സംസ്കാരം, വിദ്യാഭ്യാസ രംഗത്ത് ക്രൈസ്തവരുടെ സംഭാവനകൾ, ദളിതരുടെയും ദരിദ്രരുടെയും, സ്ത്രീകളുടെയും ശാക്‌തീകരണം തുടങ്ങി വിവിധ വിഷയങ്ങളിൽ സെമിനാറുകളും ക്ലാസുകളും ചർച്ചകളും നടക്കും.

ഭാരതത്തിലെ വിവിധ കത്തോലിക്കാ കോളജുകളിൽനിന്നുള്ള മൂന്നൂറിലേറെ പ്രതിനിധികൾ കോൺഫറൻസിൽ പങ്കെടുക്കുന്നുണ്ട്. എട്ടാംതീയതി കോൺഫറൻസ് സമാപിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.