‘കോട്ട’യം കാക്കാൻ യുഡിഎഫ്
‘കോട്ട’യം കാക്കാൻ യുഡിഎഫ്
Thursday, May 5, 2016 12:53 PM IST
<ആ>റെജി ജോസഫ്

കോട്ടയം: ഉമ്മൻ ചാണ്ടി, കെ.എം. മാണി തുടങ്ങിയ നായകനിരതന്നെ മാറ്റുരയ്ക്കുന്ന കോട്ടയത്തിന്റെ രാഷ്ട്രീയഗോദയിലേക്ക് രാഷ്ട്രീയ കേരളം ഉറ്റുനോക്കുകയാണ്. വടക്കും തെക്കും ജനവിധി എന്തായാലും മധ്യകേരളത്തിൽ യുഡിഎഫ് മുൻതൂക്കം നേടുന്ന ജില്ലയാണു കോട്ടയം.

പൂഞ്ഞാറിലും പാലായിലും ഇത്തവണത്തെ രാഷ്ട്രീയ വിധിയെഴുത്ത് എങ്ങനെയാകുമെന്ന് ദേശീയ മാധ്യമങ്ങൾവരെ ഉറ്റുനോക്കുന്നു. അമിത് ഷാ, പ്രകാശ് കാരാട്ട് തുടങ്ങിയവരൊക്കെ പര്യടനത്തിനെത്തിയതോടെ ജില്ലയുടെ രാഷ്ട്രീയമാപിനിയിൽ താപനില കുത്തനെ ഉയരുകയാണ്. കഴിഞ്ഞ പാർലമെന്റ്, പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിൽ യുഡിഎഫിന് അനുകൂലവിധിയെഴുത്തുണ്ടായ ജില്ലയാണു കോട്ടയം. കോട്ടയം ലോക്സഭാ മണ്ഡലങ്ങളിലെ എല്ലാ നിയോജകണ്ഡലങ്ങളിലും മുൻതൂക്കം ലഭിച്ച കേരള കോൺഗ്രസ് എമ്മിലെ ജോസ് കെ. മാണിക്ക് ഒന്നേകാൽ ലക്ഷം വോട്ടുകളായിരുന്നു ഭൂരിപക്ഷം.

ജില്ല അതിരിടുന്ന മാവേലിക്കര, പത്തനംതിട്ട ലോക്സഭാ മണ്ഡലങ്ങളിലും യുഡിഎഫും കോൺഗ്രസുമാണു വിജയക്കൊടി പാറിച്ചത്. പഞ്ചായത്ത് ഇലക്ഷനിൽ കോട്ടയം, ഏറ്റുമാനൂർ, പാലാ, ചങ്ങനാശേരി നഗരസഭകൾ യുഡിഎഫിനും വൈക്കം, ഈരാറ്റുപേട്ട നഗരസഭകൾ ഇടതും നേടി. കോട്ടയം ജില്ലാ പഞ്ചായത്തിലും ഭരണം യുഡിഎഫിനു കിട്ടി. രണ്ടൊഴികെ ഒമ്പത് ബ്ലോക്കു പഞ്ചായത്തുകളിലും യുഡിഎഫ് ഭരണം പിടിച്ചു. 71 ഗ്രാമപഞ്ചായത്തുകളിൽ യുഡിഎഫ് 44, എൽഡിഎഫ് 27 എന്നിങ്ങനെയായിരുന്നു ഫലം.

2011ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റുമാനൂർ, വൈക്കം നിയോജകമണ്ഡലങ്ങൾ ഒഴികെ കോട്ടയം, പാലാ, കടുത്തുരുത്തി, പുതുപ്പള്ളി, കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ, ചങ്ങനാശേരി മണ്ഡലങ്ങളിൽ യുഡിഎഫിനായിരുന്നു വിജയം. ഏറ്റുമാനൂരിൽ തോമസ് ചാഴികാടനെതിരേ സുരേഷ് കുറുപ്പ് നേടിയ 1801, കോട്ടയത്ത് വി.എൻ. വാസവനെതിരെ തിരുവഞ്ചൂർ രാധാകൃഷ്ണൻ നേടിയ 711, ചങ്ങനാശേരിയിൽ ഡോ. ബി. ഇക്ബാലിനെതിരേ സി.എഫ്. തോമസിനു കിട്ടിയ 2554 എന്നിവയായിരുന്നു അന്നത്തെ ചെറിയ ഭൂരിപക്ഷങ്ങൾ.

പുതുപ്പള്ളിയിൽ പ്രഫ. സുജ സൂസൻ ജോർജിനെതിരേ ഉമ്മൻ ചാണ്ടിക്കു ഭൂരിപക്ഷം 33,235 വോട്ടുകൾ. കാഞ്ഞിരപ്പള്ളിയിൽ സുരേഷ് ടി. നായർക്കെതിരേ ഡോ. എൻ. ജയരാജിനു ലഭിച്ചത് 12,206 വോട്ടുകളുടെ മേൽക്കൈ. പൂഞ്ഞാറിൽ മോഹൻ തോമസിനെതിരേ പി.സി. ജോർജ് നേടിയ ഭൂരിപക്ഷം 15,705.

വൈക്കത്ത് എ. സനീഷ്കുമാറിനെതിരേ കെ. അജിത് നേടിയത് 10568 വോട്ടിന്റെ ഭൂരിക്ഷം. കടുത്തുരുത്തിയിൽ സ്റ്റീഫൻ ജോർജിനെതിരേ മോൻസ് ജോസഫിനു ലഭിച്ചത് 23,057 വോട്ടുകളുടെ മേൽക്കൈ. പാലായിൽ കെ.എം. മാണിയുടെ ഭൂരിപക്ഷം 5259 വോട്ടുകളിലേക്കു താഴ്ന്നു.

പാർലമെന്റ്, പഞ്ചായത്ത് വിധിയെഴുത്തിന്റെ തനിയാവർത്തമായിരിക്കില്ല ഈ മാസം 16നുണ്ടാവുക. യുഡിഎഫ് വിട്ട പി.സി. ജോർജിന്റെ നിലപാട്, കേരള കോൺഗ്രസിൽനിന്നു ജനാധിപത്യ കേരള കോൺഗ്രസിന്റെ പിറവി, ചില സീറ്റുകളിൽ ബിജെപി ആർജിച്ച കരുത്ത്, ബിഡിജെഎസിന്റെ സാന്നിധ്യം, റബർ വിലയിടിവ്, സാമ്പത്തികമാന്ദ്യം തുടങ്ങി വിവിധ ഘടകങ്ങൾ ഇത്തവണ മുന തിരിക്കുന്ന ഘടകങ്ങളാകും. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ബിജെപി ജില്ലയിലെ ഏറെ മണ്ഡലങ്ങളിലും പതിനയ്യായിരത്തിലധികം വോട്ടു നേടിയിരുന്നു.

ബിജെപി മുന്നണി ഇരുപത്തയ്യായിരത്തിൽ അധികം വോട്ടുനേടുന്ന മണ്ഡലങ്ങളിലൊക്കെ യുഡിഎഫ്–എൽഡിഎഫ് കണക്കുകൂട്ടലുകൾ ഇത്തവണ മാറിമാറിയാം. രാഷ്ട്രീയ ഘടകങ്ങൾ നോക്കിയാൽ ബിഡിജെഎസ് നേടുന്ന വോട്ടുകൾ ഇടതിനു നഷ്ടവും യുഡിഎഫിന് നേട്ടവുമാകുമെന്നു വിലയിരുത്തപ്പെടുന്നു. ത്രികോണ, ചതുഷ്കോണ മത്സരത്തിന്റെ പ്രതീതിയാണ് പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി, ഏറ്റുമാനൂർ, ചങ്ങനാശേരി തുടങ്ങിയ പല മണ്ഡലങ്ങളിലും.

രാഷ്ട്രീയ ബലാബലത്തിൽ ഏറെക്കാലവും യുഡിഎഫിനൊപ്പമായിരുന്നു ഏറ്റുമാനൂർ. ബിജെപി സഖ്യത്തിലെ ബിഡിജെഎസ് സ്‌ഥാനാർഥി എ.ജി. തങ്കപ്പൻ സിപിഎം വോട്ടുകളിൽ വിള്ളലുണ്ടാക്കിയാൽ സുരേഷ് കുറുപ്പിൽനിന്നു യുഡിഎഫിലെ തോമസ് ചാഴികാടൻ മണ്ഡലം തിരിച്ചുപിടിക്കുമെന്നാണ് പൊതുവിലയിരുത്തൽ. യുഡിഎഫ് ഭിന്നതയില്ലാതെ ഇത്തവണ ഇലക്ഷനെ നേരിടുന്നു. സ്വതന്ത്രനായി മത്സരിക്കുന്ന ജോസ്മോൻ മുണ്ടയ്ക്കലിനെ കേരള കോൺഗ്രസ് എമ്മിൽനിന്നു കഴിഞ്ഞദിവസം പുറത്താക്കിയിരുന്നു.

പാലാ, ഏറ്റുമാനൂർ മണ്ഡലങ്ങളിൽ 2011ലെ എതിരാളികൾ ഇത്തവണയും ഏറ്റുമുട്ടുന്നു. ജില്ലയിലെ പല പ്രമുഖരും അഞ്ചും പത്തും അതിലേറെയും തവണ ജനവിധി തേടിയവരാണെന്ന പ്രത്യേകതയുമുണ്ട്.

പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയെ വീഴിക്കാൻ സിപിഎം കാലങ്ങളായി ശ്രമിച്ചിട്ടും രക്ഷയില്ല. ചെറിയാൻ ഫിലിപ്പ്, സിന്ധു ജോയി തുടങ്ങിയവരെയൊക്കെ രംഗത്തിറക്കിയിട്ടും നേട്ടമുണ്ടായില്ല. ഇക്കുറി എസ്എഫ്ഐ സംസ്‌ഥാന പ്രസിഡന്റ് ജെയ്ക് സി. തോമസിനെ സിപിഎം അവതരിപ്പിച്ചിരിക്കെ, കഴിഞ്ഞ തവണ പ്രഫ. സുജ സൂസൻ ജോർജിനെതിരേ ഉമ്മൻ ചാണ്ടി നേടിയ 33,235 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വലിയ വിള്ളലുകളൊന്നും വരാൻ സാധ്യതയില്ല. ഉമ്മൻ ചാണ്ടിക്ക് ഇത് പന്ത്രണ്ടാം പോരാട്ടമാണ്. സംസ്‌ഥാന വക്‌താവ് അഡ്വ. ജോർജ് കുര്യനെയാണു ബിജെപി പുതുപ്പള്ളിയിൽ ഗോദയിലിറക്കിയിരിക്കുന്നത്.


പാലായിൽ കെ.എം. മാണിക്കെതിരേ എൻസിപിയിലെ മാണി സി. കാപ്പൻ മൂന്നാം തവണ പോരാടുന്നു.
അതായത് കെ.എം. മാണിയുടെ പതിമൂന്നാം പോരാട്ടം. മാണിമാർ തമ്മിലുള്ള പോരാട്ടത്തിൽ കെ.എം. മാണിയുടെ ഭൂരിപക്ഷം കഴിഞ്ഞ ഇലക്ഷനിൽ കണക്കുകൂട്ടലുകൾക്കും താഴേക്ക് പോയി എന്നതിനാലാണ് ഇത്തവണ സൂക്ഷ്മനിരീക്ഷണം. കാറും കോളും നിറഞ്ഞ രാഷ്ട്രീയ പശ്ചാത്തലത്തിനു നടുവിൽ പാലായിലേത് വീറുറ്റ പോരാട്ടംതന്നെ. എൻഡിഎ സ്‌ഥാനാർഥി ബിജെപി ജില്ലാ പ്രസിഡന്റുകൂടിയായ എൻ. ഹരി നേടുന്ന വോട്ടുകൾ പാലാ വിധിയെഴുത്തിൽ നിർണായകമാകും.

യുഡിഎഫ് വിട്ട പി.സി. ജോർജിന്റെ സ്വതന്ത്ര സ്‌ഥാനാർഥിത്വം കൊണ്ടു ശ്രദ്ധേയമാണ് പൂഞ്ഞാർ. 17 സ്‌ഥാനാർഥികളാണ് ഇവിടെ ഗോദയിലുള്ളത്. നാലു ജനം കൂടുന്ന ഇടങ്ങളിലൊക്കെ ചർച്ച പൂഞ്ഞാറിനെ ചൊല്ലിയാണ്. യുഡിഎഫിലെ ജോർജുകുട്ടി ആഗസ്തി, എൽഡിഎഫിലെ പി.സി. ജോസഫ്, മുന്നണികൾ വിട്ടൊഴിഞ്ഞ സ്വതന്ത്രൻ പി.സി. ജോർജ്, എൻഡിഎയിലെ എം.ആർ. ഉല്ലാസ് എന്നിവർ കണക്കുകൂട്ടി നടത്തുന്ന പോരാട്ടത്തിൽ പൂഞ്ഞാറിൽ ചതുഷ്കോണ മത്സരമാണ്.

പ്രസംഗങ്ങളും പ്രകടനങ്ങളും പ്രകമ്പനങ്ങളുമൊക്കെയായി മലയോരമണ്ഡലം രാഷ്ട്രീയച്ചൂടിലാണ്. പത്തുവിരലുകളിലും എണ്ണി ജനം പലതരം സാധ്യതാക്കണക്കുകൾ നിരത്തുമ്പോഴും അവസാന ലാപ്പിൽ പൂഞ്ഞാർ ആരു നേടും എന്നതിൽ വ്യക്‌തതയായിട്ടില്ല. ജില്ലയിൽ ഏറ്റവും വാശിയേറിയ മത്സരത്തിനു വേദിയാവുകയാണ് പഴയ കാഞ്ഞിരപ്പള്ളി മണ്ഡലത്തിന്റെ പകുതി ചേർന്ന ഇപ്പോഴത്തെ പൂഞ്ഞാർ. നാൽപതിനായിരം വോട്ടുകൾക്കു മുകളിലേക്ക് ആരു കയറുന്നോ അവരിലേക്ക് വിജയക്കൊടി നീങ്ങും.

ബിജെപി കഴിഞ്ഞ പഞ്ചായത്ത് ഇലക്ഷനിൽ കാൽലക്ഷത്തിലേറെ വോട്ടുനേടിയ മണ്ഡലമാണു കാഞ്ഞിരപ്പള്ളി. ഭൂപടത്തിൽനിന്നു മായിക്കപ്പെട്ട വാഴൂർ മണ്ഡലത്തിലെ ഏറിയ ഭാഗവും ഇപ്പോൾ കാഞ്ഞിരപ്പള്ളിയിലാണ്. യുഡിഎഫിലെ ഡോ. എൻ. ജയരാജും ഇടതുമുന്നണിയിലെ അഡ്വ. വി.ബി. ബിനുവും ബിജെപിയിലെ വി.എൻ. മനോജും തമ്മിലാണു മത്സരം. മൂന്നു തവണ ആവർത്തിച്ച വിജയവും കോളജ് അധ്യാപകനെന്ന സാമൂഹിക ബന്ധവും കുടുംബ– പ്രാദേശിക സൗഹൃദങ്ങളും ഡോ. ജയരാജിന് അനുകൂല ഘടകങ്ങളാണ്.

മണിമലയെന്ന ഗ്രാമത്തിൽ ഇന്നലെ അമിത് ഷായെ എത്തിച്ചുവരെ ബിജെപി പയറ്റുകയാണ്.
കടുത്തുരുത്തിയിൽ മൂന്നു കേരള കോൺഗ്രസുകാരാണ് അങ്കത്തട്ടിലുള്ളത്. മോൻസ് ജോസഫും സ്കറിയ തോമസും തമ്മിലാണ് പ്രധാന മത്സരം. കേരള കോൺഗ്രസ് പി.സി. തോമസ് വിഭാഗത്തിലെ സ്റ്റീഫൻ ചാഴികാടൻ എൻഡിഎ സ്‌ഥാനാർഥിയാണ്. മന്ത്രി, മുൻ എഎൽഎ തുടങ്ങിയ ബന്ധങ്ങളും നടപ്പാക്കിയ വികസന പദ്ധതികളും മോൻസ് ജോസഫിന് അനുകൂലഘടകങ്ങളാണ്. മുമ്പ് രണ്ടു തവണ കോട്ടയത്ത് എംപിയായിരിക്കെ കടുത്തുരുത്തിയുമായുള്ള ബന്ധമാണ് സ്കറിയ തോമസിന്റെ ബലം. ജില്ലയിൽ താരതമ്യേന പ്രചാരണതീവ്രത കുറഞ്ഞ മണ്ഡലമാണു കടത്തുരുത്തി.

ചങ്ങനാശേരിയിൽ കേരള കോൺഗ്രസ് എമ്മിലെ സി.എഫ്. തോമസും ജനാധിപത്യ കേരള കോൺഗ്രസിലെ ഡോ. കെ.സി. ജോസഫും തമ്മിലാണു മത്സരം. ക്രൈസ്തവ, നായർ സമുദായങ്ങളുടെ ശക്‌തികേന്ദ്രം, സമുദായ പ്രമാണികളുടെയും ആചാര്യൻമാരുടെയും നാട് എന്നീ മുദ്രകൾ ചങ്ങനാശേരിക്കുണ്ട്. ഏറ്റുമാനൂർ രാധാകൃഷ്ണനാണ് ചങ്ങനാശേരിയിൽ ബിജെപി സ്‌ഥാനാർഥി. മനക്കണക്കും വഴിക്കണക്കുമെഴുതി മുന്നണികൾ മുന്നേറുമ്പോൾ കടുത്ത മത്സരമാണ് ഇക്കുറി ചങ്ങനാശേരിയിൽ.

കോട്ടയം നഗരത്തിൽ നടപ്പാക്കിയ വികസനപ്രവർത്തനങ്ങൾ അക്കമിട്ടു നിരത്തിയാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എൽഡിഎഫിലെ റെജി സക്കറിയയെ നേരിടുന്നത്. കോട്ടയത്തിനുണ്ടായ വികസിതമുഖം തിരുവഞ്ചൂരിനു കൈനീട്ടമാകുമെന്ന് രാഷ്ട്രീയ എതിരാളികളും അംഗീകരിക്കും. എം.എസ്. കരുണാകരനാണ് ബിജെപി സ്‌ഥാനാർഥി. ഇളകിമറിയുന്ന പ്രചാരണച്ചൂട് കോട്ടയം മണ്ഡലത്തിലില്ല.

ഏറെക്കാലവും ഇടതിനെ തുണച്ച വൈക്കത്ത് ഇത്തവണ ഇടതുസ്‌ഥാനാർഥി വനിതയാണ്. സിപിഐയിലെ സി.കെ. ആശ കോൺഗ്രസിലെ കെ. സനീഷ്കുമാറിനെ നേരിടുന്നു. ബിജെപി സഖ്യത്തിലെ ബിഡിജെഎസ് സ്‌ഥാനാർഥി എൻ.കെ. നീലകണ്ഠൻ മാസ്റ്റർ നേടുന്ന വോട്ടുകളെ അടിസ്‌ഥാനപ്പെടുത്തിയാകും വൈക്കത്ത് വിധിനിർണയം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.