ചന്ദ്രബോസ് കൊലക്കേസ്: നിസാമിന്റെ ഭാര്യ കുറൂമാറിയതായി കോടതി
Thursday, May 5, 2016 12:53 PM IST
തൃശൂർ: ചന്ദ്രബോസ് കൊലക്കേസിൽ പ്രതി മുഹമ്മദ് നിസാമിെൻറ ഭാര്യ അമൽ കൂറുമാറിയതായി പ്രഥമദൃഷ്‌ട്യാ തെളിഞ്ഞുവെന്നു കോടതി. ഇതു സംബന്ധിച്ചു കൂടുതൽ വിവരങ്ങൾ ബോധിപ്പിക്കുന്നതിന് അമലിനോടും അഭിഭാഷകനോടും നാളെ നേരിൽ ഹാജരായി വിശദീകരണം നൽകാൻ കേസ് പരിഗണിക്കുന്ന ജില്ലാ അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കെ.പി. സുധീർ ഉത്തരവിട്ടു. അമലിനും പ്രതിഭാഗം അഭിഭാഷകൻ എ.ഡി. ബാബുവിനും കോടതിയിൽ ഹാജരായി വിശദീകരണം ബോധിപ്പിക്കാൻ ഷോകോസ് നോട്ടീസ് അയയ്ക്കും. ഐപിസി സെക്ഷൻ 191, 193, 181 വകുപ്പുകളാണ് അമലിനെതിരേ ചുമത്തിയിരിക്കുന്നത്.

ചന്ദ്രബോസിന്റെ കൊലപാതകത്തിൽ തനിക്കു പങ്കില്ലെന്നും, നിസാം തോക്ക് ഉപയോഗിച്ചിരുന്നില്ലെന്നും അമൽ പറഞ്ഞിരുന്നു. നിസാം വിളിച്ചതിനെത്തുടർന്നാണ് ആക്രമണം നടന്ന ഗേറ്റിനരികിൽ താനെത്തിയതെന്നും ചന്ദ്രബോസിനെയാണ് ആക്രമിച്ചതെന്നു തനിക്കറിയില്ലായിരുന്നുവെന്നുമാണ് അമലിന്റെ മൊഴി. തുടർന്നു താൻ വന്ന കാർ മാറ്റിയിട്ട് നിസാമിന്റെ കാറിൽ കയറി. പാർക്കിംഗ് ഏരിയയിലെത്തിയപ്പോഴാണ് അതിൽ ചന്ദ്രബോസിനെ മർദിച്ചു കയറ്റിയിട്ടുണ്ടെന്ന് അറിഞ്ഞത്. അതു കണ്ട് സ്തംഭിച്ച തനിക്കു പ്രതികരിക്കാനായില്ലെന്നായിരുന്നു അമൽ അന്വേഷണസംഘത്തോടും പിന്നീട് മജിസട്രേറ്റിനു നൽകിയ രഹസ്യമൊഴിയിലും പറഞ്ഞിരുന്നത്. എന്നാൽ, വിചാരണവേളയിൽ ചന്ദ്രബോസ് നിസാമിനെയാണ് ആക്രമിക്കാൻ ശ്രമിച്ചതെന്നും, നിസാമിെൻറ വാഹനത്തിനു നേരേ ചാടുകയായിരുന്നു എന്നുമാണ് അമൽ മൊഴി മാറ്റി പറഞ്ഞത്.


തുടർന്ന് പ്രോസിക്യൂഷന്റെ ആവശ്യപ്രകാരമാണ് ഇവർക്കെതിരേ നിയമനടപടി സ്വീകരിക്കാൻ കോടതി ഉത്തരവിട്ടത്. നടപടികളുടെ ഭാഗമായാണ് അമലിനു വിശദീകരണം നൽകാനുള്ള അവസരമൊരുക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.