എൽഡിഎഫ് സ്‌ഥാനാർഥികൾക്ക് എതിരേയുള്ള 685 കേസുകൾ അക്രമരാഷ്ട്രീയത്തിനു തെളിവ്: മുഖ്യമന്ത്രി
എൽഡിഎഫ് സ്‌ഥാനാർഥികൾക്ക് എതിരേയുള്ള 685 കേസുകൾ അക്രമരാഷ്ട്രീയത്തിനു തെളിവ്: മുഖ്യമന്ത്രി
Thursday, May 5, 2016 12:59 PM IST
തിരുവനന്തപുരം: സംസ്‌ഥാനത്ത് എൽഡിഎഫ് സ്‌ഥാനാർഥികൾക്കെതിരേ 685 കേസുകളുള്ളത് അവരുടെ അക്രമരാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ തെളിവാണെന്നു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. വിവിധ സ്‌ഥാനാർഥികൾക്കെതിരേ മൊത്തം 943 കേസുകളാണുള്ളതെന്ന് അവർ തെരഞ്ഞെടുപ്പു കമ്മീഷനു നല്കിയ സത്യവാങ്മൂലത്തിൽനിന്നു വ്യക്‌തമാകുന്നു.

ഇതിൽ 685 എണ്ണം എൽഡിഎഫ് സ്‌ഥാനാർഥികൾക്കെതിരേയും 152 എണ്ണം ബിജെപി– ബിഡിജെസ് സ്‌ഥാനാർഥികൾക്കെതിരേയുമാണ്. 106 കേസുകൾ യുഡിഎഫ് സ്‌ഥാനാർഥികൾക്കെതിരേയുണ്ട്. അക്രമരാഷ്ട്രീയത്തിന്റെ ഗുണഭോക്‌താക്കളാണ് ഏറ്റവും കൂടുതൽ കേസുകളിലുള്ളതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

സിപിഎം സ്‌ഥാനാർഥികൾക്കെതിരേ 617 കേസുകളുണ്ട്. കോൺഗ്രസ് സ്‌ഥാനാർഥികൾക്കെതിരേ 79 ഉം. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനെതിരേ ആറു കേസുകളാണുള്ളത്. ഇതിൽ അഞ്ചെണ്ണം വി.എസിനെതിരേ നല്കിയിട്ടുള്ള മാനനഷ്ടക്കേസുകളാണ്. ഒരെണ്ണം സെക്രട്ടേറിയറ്റിനു മുന്നിൽ നടന്ന പ്രക്ഷോഭ സമരവുമായി ബന്ധപ്പെട്ടാണ്. മുഖ്യമന്ത്രിക്കെതിരേ ഒരൊറ്റ കേസുമില്ല.


പിണറായി വിജയനെതിരേ ലാവ്ലിൻ കേസ് ഉൾപ്പെടെ 11 കേസുകളുണ്ട്. തിരുവനന്തപുരം സിബിഐ കോടതിയിലാണു ലാവ്ലിൻ കേസുള്ളത്. സിബിഐ സമർപ്പിച്ച കുറ്റപത്രത്തിൽ പിണറായി വിജയൻ ഏഴാം പ്രതിയാണ്. തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ എട്ടു കേസുകളും പയ്യന്നൂർ, തളിപ്പറമ്പ് കോടതികളിൽ ഓരോ കേസും അദ്ദേഹത്തിനെതിരേ ഉണ്ട്.

ഏറ്റവുമധികം കേസുകളുള്ളത് സിപിഎമ്മിലെ നവാഗതനും അഴീക്കോട് സ്‌ഥാനാർഥിയുമായ നികേഷ് കുമാറിനെതിരേയാണ്, 57 കേസുകൾ. കഴക്കൂട്ടം സ്‌ഥാനാർഥി കടകംപള്ളി സുരേന്ദ്രൻ 45 കേസുമായി രണ്ടാം സ്‌ഥാനത്തും തലശേരിയിലെ എ.എൻ. ഷംസീർ 35 കേസുമായി മൂന്നാം സ്‌ഥാനത്തുമാണ്.

കുറ്റ്യാടി കെ.കെ. ലതിക 32, നേമം വി.ശിവൻകുട്ടി 31, ആലുവ വി. സലീം 26, പേരാവൂർ ബിനോയ് കുര്യൻ 25, കോതമംഗലം ആന്റണി ജോൺ 24, അരുവിക്കര എ.എ. റഷീദ് 22, മട്ടന്നൂർ ഇ.പി. ജയരാജൻ 21, തൃപ്പൂണിത്തുറ എം. സ്വരാജ് 20 എന്നിവരാണു കൂടുതൽ കേസുള്ള മറ്റുള്ളവർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.