സോളാർ: ഉമ്മൻ ചാണ്ടിയോടു ചോദ്യങ്ങളുമായി വി.എസിന്റെ ഫേസ്ബുക്ക് പോസ്റ്റ്
സോളാർ: ഉമ്മൻ ചാണ്ടിയോടു ചോദ്യങ്ങളുമായി വി.എസിന്റെ ഫേസ്ബുക്ക് പോസ്റ്റ്
Thursday, May 5, 2016 12:59 PM IST
തിരുവനന്തപുരം: സോളാർ കേസുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോടു ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ ഫേസ്ബുക്ക് പോസ്റ്റ്. സോളാർ കമ്മീഷനിൽ ഉമ്മൻ ചാണ്ടി വീണ്ടും ഹാജരാകുമ്പോൾ എന്ന പേരിലുള്ള ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നതു ചുവടെ:

സോളാർ കമ്മീഷൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോടു വീണ്ടും ഹാജരാകാൻ ആവശ്യപ്പെടും എന്നു പ്രഖ്യാപിച്ചിട്ടുണ്ട്. കമ്മീഷനിൽ ഉമ്മൻ ചാണ്ടി കള്ളങ്ങൾ പറഞ്ഞതുകൊണ്ടാണ് ഈ തീരുമാനം എന്നാണു റിപ്പോർട്ട്. പതിന്നാലു മണിക്കൂർ കമ്മീഷനു മുന്നിൽ ഇരുന്നു എന്ന് അഭിമാനിക്കുന്ന മുഖ്യമന്ത്രി പക്ഷേ അവിടെ ചെയ്തതെന്താണ്? നിയമസഭയിലും പൊതുജനങ്ങളോടും പറഞ്ഞ കള്ളങ്ങൾ സോളാർ കമ്മീഷനിലും ആവർത്തിച്ചു. പുതിയ ചില കള്ളങ്ങൾ തട്ടിവിടുകയും ചെയ്തു.

മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സോളാർ കമ്മീഷനു മുന്നിൽ വീണ്ടും ഹാജരാകുമ്പോൾ ചില ചോദ്യങ്ങൾക്കു മറുപടി പറയേണ്ടതുണ്ട്.

2012 ജനുവരി 27ന് ഡൽഹിയിലെ വിജ്‌ഞാൻഭവൻ പരിസരത്തു സരിതയുമായി കൂടിക്കാഴ്ച നടത്തി എന്നും തോമസ് കുരുവിള വഴി പണം കൈമാറി എന്നുമാണു സരിതയുടെ മൊഴി. ഇതിനു മറുപടിയായി താങ്കൾ നിയമസഭയിൽ പറഞ്ഞത് ജനുവരി 29 നാണു വിജ്‌ഞാൻഭവനിൽ പോയത് എന്നാണ്. എന്നാൽ, തെളിവുകൾ നിരന്നപ്പോൾ 27ന് തന്നെയാണ് പോയതെന്ന് താങ്കൾക്ക് കമ്മീഷനോടു സമ്മതിക്കേണ്ടിവന്നു. എന്തിനാണു നിയമസഭയിൽ കളവ് പറഞ്ഞത്?

ശ്രീധരൻനായരെ കണ്ടത് ക്രഷർ ഉടമകളോടൊപ്പമാണ് എന്നാണു താങ്കൾ നിയമസഭയെ അറിയിച്ചത്. ഇപ്പോൾ കമ്മീഷനോട് താങ്കൾ പറഞ്ഞത് ശ്രീധരൻ നായർ വന്നുപോയശേഷമാണ് ക്രഷർ ഉടമകൾ വന്നതെന്നാണ്. എന്തിനാണ് ഇത്തരം കള്ളങ്ങൾ ആവർത്തിക്കുന്നത്?

ഏതോ സിഡി ഉൾപ്പെടെയുള്ള തെളിവുകൾ കാട്ടിത്തരാം എന്നു ബിജു രാധാകൃഷ്ണൻ പറയുകയും സോളാർ കമ്മീഷൻ അതു പിടിച്ചെടുക്കാൻ പുറപ്പെടുകയും ചെയ്തപ്പോൾ താങ്കളുടെ വിശ്വസ്തനായ തമ്പാനൂർ രവി സരിതയെ ഫോണിൽ വിളിച്ച് ചില കാര്യങ്ങൾ നശിപ്പിച്ചുകളയാൻ ആവശ്യപ്പെടുന്നു. നിങ്ങളെ ബാധിക്കുന്ന എന്തു തെളിവാണ് സരിതയുടെ കൈവശമുള്ളത്?


സോളാർ കമ്മീഷനിൽ സരിത മൊഴി നൽകുന്നതിനു മുമ്പ് താങ്കളുടെ മൊഴി സശ്രദ്ധം വായിച്ച് അതേപടി മൊഴി നല്കണം എന്ന് തമ്പാനൂർ രവി സരിതയോട് ആവശ്യപ്പെടുന്നു. സരിതയും നിങ്ങളും പങ്കാളികളല്ലെങ്കിൽ എന്തിന് ഒരേ മൊഴി നൽകാൻ ശ്രദ്ധിക്കണം?

റോഷന്റെ ഉപദേശംകൂടി തേടിയിട്ടു വേണം മൊഴി നൽകാൻ എന്നും തമ്പാനൂർ രവി സരിതയെ ഉപദേശിക്കുന്നു. സർക്കാർ അഭിഭാഷകനായ റോഷൻ സരിതയുടെ ഉപദേഷ്‌ടാവായത് എങ്ങനെ?

സരിതയുടെ പിടിച്ചെടുത്ത ഫോൺ രേഖകൾ ഐജി ടി.ജെ. ജോസ് നശിപ്പിച്ചുകളഞ്ഞു എന്നു ഡിജിപി മൊഴി നൽകി. എന്തുകൊണ്ടു ജോസിനെതിരെ നടപടിയെടുത്തില്ല?

സരിതയുടെ പക്കൽ നിന്നു പിടിച്ചെടുത്ത ലാപ്ടോപ്പും പെൻഡ്രൈവും എന്തുകൊണ്ട് കോടതിയിലെത്തിയില്ല?

പൊതുമേഖലാ സ്‌ഥാപനമല്ലാത്ത, എംപാനൽഡ് ലിസ്റ്റിലില്ലാത്ത ടീം സോളാർ എന്ന തട്ടിപ്പു കമ്പനിക്ക് സോളാർ പദ്ധതി നൽകണം എന്ന് കളക്ടർക്കു നിർദേശം നല്കുകയും എംഎൽഎ ഫണ്ട് അതിനായി നീക്കിവയ്ക്കുകയും ചെയ്ത എംഎൽഎമാർക്കെതിരെ എന്തുകൊണ്ടു നടപടിയില്ല?

ടീം സോളാർ എന്ന സ്‌ഥാപനം നൽകിയ ലിസ്റ്റിലുള്ള ഉപഭോക്‌താക്കൾക്ക് സരോന വെൻചേഴ്സ് എന്ന സ്‌ഥാപനം വഴി അനർട്ടിന്റെ സബ്സിഡി ലഭിച്ചിട്ടില്ലേ? എന്നിട്ടും പൊതുപണം നഷ്‌ടപ്പെട്ടില്ല എന്നു പറയുന്നതു തട്ടിപ്പല്ലേ?

സമൂഹത്തിന്റെ മുമ്പിലുള്ള ഈ ചോദ്യങ്ങളിൽനിന്നു താങ്കൾക്ക് ഒളിച്ചോടാൻ ആവില്ല. മറുപടി ഇല്ലെങ്കിൽ നിയമം നിയമത്തിന്റെ വഴിക്കു പോകുമെന്നും തുറന്ന പുസ്തകം എന്നും മറ്റും പറഞ്ഞു ഒഴിഞ്ഞുമാറാൻ ശ്രമിച്ചുകൊള്ളൂ. പക്ഷേ, ഇന്നല്ലെങ്കിൽ നാളെ താങ്കൾ ഈ ചോദ്യങ്ങൾക്ക് ഉത്തരം പറയേണ്ടിവരുക തന്നെ ചെയ്യുമെന്നു അച്യുതാനന്ദൻ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.