ആയിരം മാന്ത്രികരെത്തുന്നു: ലോക മാജിക് സംഗമം ’മന്ത്ര 2016‘ ഓഗസ്റ്റിൽ തൃശൂരിൽ
Friday, May 6, 2016 11:20 AM IST
തൃശൂർ: വിസ്മയിക്കാൻ ഒരുങ്ങിക്കോളൂ... അത്ഭുതപ്പെടുത്തുന്ന വിദ്യകളുമായി മാന്ത്രികരെത്തുകയായി..ഒന്നും രണ്ടും... അല്ല... ആയിരം പേർ. അതും ലോകത്തെ മികച്ച മാന്ത്രികർ. ലോകപ്രശസ്തരായ ആയിരം മാന്ത്രികർ ഒരേ വേദിയിൽ അണിനിരന്ന് അത്ഭുതം സമ്മാനിക്കുന്ന ലോകമാജിക് സംഗമത്തിനാണ് തൃശൂർ ഒരുങ്ങുന്നത്. സാമ്രാജ് വേൾഡ് ഓഫ് മാജിക്കിന്റെ നേതൃത്വത്തിൽ ഓഗസ്റ്റ് 13,14 തീയതികളിൽ തൃശൂർ റീജണൽ തീയേറ്ററിലാണു ‘മന്ത്ര 2016’ എന്ന പേരിൽ ലോക മാജിക് സംഗമം നടക്കുക. മാജിക് മത്സരങ്ങൾ, സെമിനാറുകൾ, ക്ലാസുകൾ, മാജിക് ഉപകരണങ്ങളുടെ പ്രദർശനം, വിപണനത്തിനുള്ള സ്റ്റാളുകൾ തുടങ്ങി മാജിക്കുമായി ബന്ധപ്പെട്ട വലിയൊരു ലോകം തന്നെ ഒരുക്കാനാണു സംഘാടകരുടെ ശ്രമം. മലേഷ്യയിലെ ഏഷ്യൻ മാജിക് അസോസിയേഷന്റെയും കേരള സംഗീത നാടക അക്കാദമിയുടേയും സഹകരണത്തോടെയാണു ‘മന്ത്ര 2016’ നടത്തുന്നതെന്നു ജനറൽ കൺവീനർ മജീഷ്യൻ സാമ്രാജ്, ഏഷ്യൻ മാജിക് അസോസിയേഷൻ പ്രസിഡന്റ് കെന്നി യാസ്, ഡൽഹി സ്കൂൾ ഓഫ് മാജിക് ഡയറക്ടർ രാജ്കുമാർ എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.


കൺവൻഷൻ പ്രധാനമായും ഊന്നൽ നൽകുന്നതു പരിസ്‌ഥിതി സംരക്ഷണം, ലഹരിവിരുദ്ധ പ്രവർത്തനം, ലഹരി പദാർഥങ്ങളിൽ നിന്നുള്ള മോചനം, മതസൗഹാർദം എന്നിവയ്ക്കായിരിക്കുമെന്നും ഇവർ വിശദീകരിച്ചു. കൺവൻഷനിൽ പങ്കെടുക്കാനെത്തുന്ന പ്രതിനിധികൾക്കായും മാജിക് മത്സരം സംഘടിപ്പിക്കുന്നുണ്ട്. 1,11,111 രൂപയാണു സമ്മാനം. മാജിക്കുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രമുഖർ ക്ലാസുകളെടുക്കും. മാജിക്കിലെ പുതിയ സാങ്കേതിക വിദ്യകൾ, ആനുകാലിക മാജിക് വിഷയങ്ങൾ എന്നിവയിലായിരിക്കും ക്ലാസുകൾ.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന മാന്ത്രികർക്കു കേരളത്തിന്റെ പ്രകൃതി സൗന്ദര്യം ഒരുക്കുന്നതിനു ടൂറിസം വകുപ്പിന്റെ സഹായത്തോടെ പ്രത്യേക പദ്ധതിയും ആവിഷ്ക രിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.