ശബരിമലയിലെ സ്ത്രീപ്രവേശനം: തീരുമാനമെടുക്കേണ്ടതു കോടതിയല്ലെന്നു വിഎച്ച്പി
Friday, May 6, 2016 11:29 AM IST
കൊച്ചി: ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ചു തീരുമാനമെടുക്കേണ്ടത് കോടതിയല്ലെന്ന് വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി). ഇക്കാര്യത്തിൽ ദേവപ്രശ്നം നടത്തി തീരുമാനമെടുക്കണമെന്ന് വിഎച്ച്പി സംസ്‌ഥാന പ്രസിഡന്റ് എസ്.ജെ.ആർ. കുമാർ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. വിശ്വാസത്തെയും വിശ്വാസികളെയും കണക്കിലെടുക്കാതെയുള്ള തീരുമാനം സമൂഹത്തിൽ കൂടുതൽ മതസ്പർധ ഉണ്ടാക്കാനേ ഉപകരിക്കൂവെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ ഭരണഘടന എഴുതപ്പെടുന്നതിനു മുമ്പേ നിലനിന്നിരുന്നതാണ് ഹൈന്ദവ സംസ്കാരവും ആചാരങ്ങളും അനുഷ്ഠാനങ്ങളും. അവ പരിഷ്കരിക്കേണ്ടതുണ്ടെങ്കിൽ ഹൈന്ദവ വിശ്വാസങ്ങളുടെ അനുഷ്ഠാനങ്ങളുടെ അടിസ്‌ഥാനത്തിലാകണം. ക്ഷേത്രം തന്ത്രിയും ക്ഷേത്രം ഭരണാധികാരികളും ആലോചിച്ച് ഭക്‌തജനങ്ങളുടെ സാന്നിധ്യത്തിൽ ദേവപ്രശ്നം നടത്തി ദേവഹിതം അറിഞ്ഞാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്. വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കെ ഹൈന്ദവ വിശ്വാസങ്ങളെ അവഹേളിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ പല കോണുകളിൽ നിന്നുണ്ടാകുന്നുണ്ട്.


ദേവപ്രശ്നം നടത്തി തീരുമാനമെടുക്കാൻ വിഎച്ച്പി ദേവസ്വം ബോർഡിനോട് ശിപാർശ ചെയ്യില്ല. അക്കാര്യത്തിൽ ബോർഡ് തന്നെ ശക്‌തമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. ആചാരങ്ങളും അനുഷ്ഠാനങ്ങളും ലംഘിച്ച് ശബരിമലയിൽ പ്രവേശിക്കുമെന്ന് പറഞ്ഞവരെ വിഎച്ച്പി തടയില്ല. ക്ഷേത്രം ഭരണാധികാരികളും വിശ്വാസികളും പോലീസും അക്കാര്യം നോക്കിക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.