ചവറ്റുകുപ്പയിൽ തള്ളിയ 15 പവൻ സ്വർണം കണ്ടെത്തി
ചവറ്റുകുപ്പയിൽ തള്ളിയ 15 പവൻ സ്വർണം കണ്ടെത്തി
Friday, May 6, 2016 11:29 AM IST
മട്ടാഞ്ചേരി: സഹോദരിയുടെ വീട്ടിലെ വിവാഹാഘോഷത്തിൽ പങ്കെടുക്കാൻ ഗോവയിൽനിന്നെത്തിയ വീട്ടമ്മയുടെ താലിമാലയും വളകളും ഉൾപ്പെടെ 15 പവൻ സ്വർണാഭരണങ്ങൾ അബദ്ധത്തിൽ കൊച്ചി നഗരസഭയുടെ കുപ്പത്തൊട്ടിയിലെത്തി. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ മാലിന്യശേഖരത്തിൽ നിന്ന് ആ സ്വർണപ്പൊതി വീണ്ടെടുത്തു.

ഫോർട്ടുകൊച്ചി വെളി സ്വദേശിനിയായ ചന്ദ്രിക ഗോവയിൽ നിന്ന് ഭർത്താവ് ശ്രീകാന്ത് ഫടത്തേയുമൊത്താണ് സഹോദരിയുടെ വീട്ടിലെ കല്യാണത്തിനായി കൊച്ചിയിലെത്തിയത്. ചെറളായി ആർ.ജി. പൈ റോഡിലെ ലോഡ്ജിലാണ് അവർ താമസത്തിനു മുറിയെടുത്തത്. താലിമാലയും വളകളും ചന്ദ്രിക ഒരു പൊതിയിലാക്കി മേശപ്പുറത്തു വച്ചിരുന്നു. നഗരസഭയുടെ മാലിന്യശേഖരണ തൊഴിലാളികളെത്തിയപ്പോൾ ശ്രീകാന്ത് തലേദിവസത്തെ ഭക്ഷണത്തിന്റെ അവശിഷ്‌ടങ്ങളുടെ ഒരു പൊതിക്കൊപ്പം അറിയാതെ സ്വർണപ്പൊതിയും മാലിന്യകുപ്പയിൽ നിക്ഷേപിച്ചു. കുളി കഴിഞ്ഞ് മടങ്ങിയെത്തിയ ചന്ദ്രിക സ്വർണം അന്വേഷിച്ചപ്പോഴാണ് പൊതി മാലിന്യകുപ്പയിൽ തള്ളിയ കാര്യം അറിയുന്നത്. ഇതിനിടെ തൊഴിലാളികൾ മാലിന്യശേഖരവുമായി ഡംപിംഗ് യാർഡിലേക്കു പോവുകയും ചെയ്തു.


കോർപറേഷൻ കൗൺസിലർ ശ്യാമളാ പ്രഭുവിനെ സമീപിച്ചതിനെ തുടർന്ന് നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടറുമായി ബന്ധപ്പെട്ട് മാലിന്യശേഖരണവണ്ടി തിരികെ ചെറളായിൽ എത്തിച്ചു. സമീപവാസികളും ജീവനക്കാരും മാലിന്യശേഖരത്തിൽ രണ്ടു മണിക്കൂറോളം തെരഞ്ഞാണ് സ്വർണം കണ്ടെടുത്തത്. മട്ടാഞ്ചേരി പോലീസ് എഎസ്ഐ അനീഷിന്റെ സാന്നിധ്യത്തിൽ കൗൺസിലർ സ്വർണ ഉരുപ്പടികൾ ചന്ദ്രികയ്ക്കു കൈമാറി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.