ആദായനികുതി വകുപ്പ് റെയ്ഡിൽ കോടികളുടെ കള്ളപ്പണ ഇടപാടുകൾ കണ്ടെത്തി
Friday, May 6, 2016 11:29 AM IST
കൊച്ചി: വിദേശത്തു നിന്ന് വൻതോതിൽ കള്ളപ്പണം കടത്തിയിട്ടുണ്ടെന്ന സൂചനയുടെ അടിസ്‌ഥാനത്തിൽ കഴിഞ്ഞ ദിവസം കൊച്ചിയിലും തിരുവനന്തപുരത്തുമായി ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിൽ കോടിക്കണക്കിനു രൂപയുടെ അനധികൃത ഇടപാടുകളാണ് കണ്ടെത്തിയത്. കൊല്ലത്തെ വ്യവസായി മഠത്തിൽ രഘു, ഇയാളുടെ ബന്ധു തിരുവനന്തപുരത്തെ അഡ്വ. വിനോദ് കുമാർ കുട്ടപ്പൻ എന്നിവരുടെ വീടുകളിലും സ്‌ഥാപനങ്ങളിലുമാണ് കഴിഞ്ഞദിവസം പരിശോധന നടന്നത്.

വിനോദ് കുമാർ കുട്ടപ്പന് വിവിധ ബാങ്കുകളിലായി 15 കോടിയോളം രൂപയുടെ സ്‌ഥിരനിക്ഷേപമുള്ളതായി ആദായനികുതി വകുപ്പ് കണ്ടെത്തി. കഴിഞ്ഞ മൂന്നു വർഷത്തിനിടെ വിനോദ് കുട്ടപ്പന്റെ അക്കൗണ്ടിലേക്ക് 45 കോടിയോളം രൂപ വിദേശത്തു നിന്ന് എത്തിയിട്ടുണ്ടെന്നും അന്വേഷണത്തിൽ തെളിഞ്ഞു. നെടുമങ്ങാട്ടെ ഇയാളുടെ ആശുപത്രി 350 കോടി രൂപയ്ക്ക് ഗുരുവായൂർ തന്ത്രി ദിനേശൻ നമ്പൂതിരിപ്പാടിന് കൈമാറ്റം ചെയ്തതിന്റെ ഉടമ്പടി രേഖകൾ പരിശോധനയിൽ കണ്ടെടുത്തു. ഇത് ബിനാമി ഇടപാടാണെന്ന് ആദായനികുതി വകുപ്പ് സംശയിക്കുന്നു. ചോദ്യം ചെയ്യലിൽ തന്ത്രി ഇക്കാര്യം നിഷേധിച്ചു. ഇടപാടുകളെപ്പറ്റി തനിക്ക് അറിവില്ലെന്നും കരാറിലുള്ള ഒപ്പ് വ്യാജമാണെന്നും തന്ത്രി പറഞ്ഞു. 350 കോടിയുടെ ഇടപാട് നടത്താനുള്ള സാമ്പത്തികശേഷി തന്ത്രിക്കില്ല. ഇതു സംബന്ധിച്ച അന്വേഷണം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു കൈമാറാനാണ് ആദായനികുതി വകുപ്പിന്റെ തീരുമാനം.


വിനോദ് കുമാർ കുട്ടപ്പന്റെ ബന്ധുവായ കൊല്ലത്തെ പ്രവാസി വ്യവസായി മഠത്തിൽ രഘുവിന്റെ വീടുകളിലും ധനകാര്യ സ്‌ഥാപനങ്ങളിലും നടത്തിയ പരിശോധനയിൽ കണക്കിൽ പെടാത്ത 12 കിലോ സ്വർണവും 10 ലക്ഷം രൂപയും ആദായനികുതി വകുപ്പ് പിടിച്ചെടുത്തു.

ഗായിക റിമി ടോമിയുടെ ഇടപ്പള്ളിയിലെ വീട്ടിലും കഴിഞ്ഞ ദിവസം ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. ഇവിടെ നിന്ന് നിരവധി രേഖകൾ കണ്ടെടുത്തതായാണ് വിവരം. ഈ രേഖകൾ അന്വേഷണസംഘം പരിശോധിച്ചു വരികയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.