പ്രധാനമന്ത്രി നാളെ കുട്ടനാട്ടിൽ
Friday, May 6, 2016 11:54 AM IST
ആലപ്പുഴ: ജില്ലയിലെ എൻഡിഎ സ്‌ഥാനാർഥികളുടെ അവസാനവട്ട പ്രചരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കുട്ടനാട്ടിലെത്തും. നെടുമ്പാശേരിയിൽനിന്നു ഹെലികോപ്റ്ററിൽ ഉച്ചയ്ക്ക് ഒന്നോടെ എടത്വ, പച്ച ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ ഇറങ്ങുന്ന മോദിയെ എൻഡിഎ നേതാക്കൾ സ്വീകരിക്കുമെന്ന് ബിജെപി മേഖലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരനും ജില്ലാ പ്രസിഡന്റ് കെ. സോമനും പത്രസമ്മേളനത്തിൽ അറിയിച്ചു. 1.30നു സമ്മേളനവേദിയിലെത്തുന്ന പ്രധാനമന്ത്രിയെ എസ്എൻഡിപി യോ ഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, ബിഡിജെഎസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി, വി. മുരളീധരൻ, പി. സി. തോമസ്, രാജൻ ബാബു, വെള്ളിയാംകുളം പരമേശ്വരൻ, എൻഡിഎ സ്‌ഥാനാർഥികൾ, സ്കൂൾ മാനേജർ എന്നിവർ ചേർന്നു സ്വീകരിക്കും.


തുടർന്ന് പ്രധാനമന്ത്രി പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും. ചടങ്ങിൽ ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമൻ അധ്യക്ഷത വഹിക്കും. എൻഡിഎ കുട്ടനാട് മണ്ഡലം സ്‌ഥാനാർഥി സുഭാഷ് വാസു സ്വാഗതം പറയും. ബിജെപി–ബിഡിജെഎസ് നേതാക്കൾ ആശംസകൾ അർപ്പിക്കും. ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് സുരേഷ്ബാബു കൃതജ്‌ഞത പറയും.

പ്രധാനമന്ത്രിയെത്തുന്ന ദിവസം അമ്പലപ്പുഴ, തിരുവല്ല റോഡിൽ പോലീസ് ഗതാഗത നിയന്ത്രണവുമേർപ്പെടുത്തും. രാവിലെ 9.30 മുതൽ 12 വരെ പ്രവർത്തകർക്കു സമ്മേളന നഗരിയിൽ പ്രവേശിക്കാം. പത്രസമ്മേളനത്തിൽ മീഡിയ കോ–ഓർഡിനേറ്റർ ആർ.സി. രാജീവും പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.