തെരഞ്ഞെടുപ്പ്: ഇതുവരെ പിടികൂടിയത് 21.66 കോടി രൂപയും 17.47 കിലോ സ്വർണവും
Friday, May 6, 2016 11:54 AM IST
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു കള്ളപ്പണം തടയാൻ നടത്തിയ പരിശോധനയിൽ ഇതുവരെ 21.66 കോടി രൂപ പിടികൂടി. 17.47 കിലോ സ്വർണവും പിടിച്ചെടുത്തിട്ടുണ്ട്.

കഴിഞ്ഞ ദിവസങ്ങളിൽ സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ 4.38 കോടി രൂപ പിടിച്ചെടുത്തതായി സംസ്‌ഥാന ചീഫ് ഇലക്ടറൽ ഓഫീസർ അറിയിച്ചു.

ഇതിനു പുറമേ നടത്തിയ പരിശോധനയിൽ 22,000 ലിറ്റർ മദ്യവും പിടിച്ചെടുത്തിട്ടുണ്ട്. 14,000 ലിറ്റർ വിദേശ മദ്യവും 8,000 ലിറ്റർ വ്യാജമദ്യവും പിടിച്ചെടുത്തു. 450 കിലോ കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്. അനധികൃതമായി സൂക്ഷിച്ച 700 കിലോയോളം വെടിമരുന്നും 17.47 കിലോ സ്വർണവും കണ്ടെടുത്തിട്ടുണ്ട്.


റവന്യൂ, എക്സൈസ്, പോലീസ്, ആദായ നികുതി വകുപ്പുകൾ ഒറ്റയ്ക്കും സംയുക്‌തവുമായി നടത്തിയ പരിശോധനയിലും പ്രത്യേക സ്ക്വാഡുകൾ നടത്തിയ റെയ്ഡിലുമായാണ് ഇവ പിടിച്ചെടുത്തിട്ടുള്ളത്.

തെരഞ്ഞെടുപ്പു പൂർത്തിയാകുന്നതു വരെ കർശന പരിശോധന തുടരുമെന്നു ചീഫ് ഇലക്ടറൽ ഓഫീസർ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.