ജിഷ: കൊലപാതകം വൈകുന്നേരം 5.30നു ശേഷം
Friday, May 6, 2016 12:06 PM IST
കൊച്ചി: പെരുമ്പാവൂരിലെ നിയമ വിദ്യാർഥിനി ജിഷയുടെ കൊലപാതകം നടന്നത് വൈകുന്നേരം അഞ്ചരയ്ക്കും ആറിനും ഇടയിലാണെന്ന നിഗമനത്തിലാണ് പോലീസ്. വൈകുന്നേരം അഞ്ചിനുശേഷം ജിഷ കനാലിൽനിന്ന് വെള്ളമെടുത്ത് പോകുന്നതു കണ്ടതായി അയൽവാസി മൊഴി നൽകിയിട്ടുണ്ട്. അഞ്ചേമുക്കാലോടെ വീട്ടിൽനിന്നു നിലവിളി ശബ്ദം കേട്ടതായി അയൽവാസികളായ സ്ത്രീകൾ മൊഴി നൽകിയിട്ടുണ്ട്. ഈ മൊഴികളുടെ അടിസ്‌ഥാനത്തിലാണ് കൊലപാതകം നടന്ന സമയം സംബന്ധിച്ച നിഗമനത്തിൽ പോലീസ് എത്തിയത്.

ഘാതകനെന്നു പോലീസ് സംശയിക്കുന്നയാൾ വൈകുന്നേരം 6:05ഓടെ കനാൽ കടന്നുപോകുന്നത് കണ്ടെന്നും മൊഴി ലഭിച്ചിട്ടുണ്ട്. ആറു മണിയോടെ ഓഫീസ് വിട്ടു വരുന്നവരും, കനാൽ പ്രദേശത്ത് സ്‌ഥിരമായി വരാറുള്ളവരുമായ ആളുകളിൽനിന്നുള്ള മൊഴിയും പോലീസ് ശേഖരിച്ചു. സദാ സമയവും ജിഷ വസ്ത്രത്തിൽ ഘടിപ്പിച്ചിരുന്ന പെൻകാമറയിലെ ദൃശ്യങ്ങൾ അന്വേഷണസംഘം പരിശോധിച്ചു. പെൻകാമറയിൽ സംഭവവുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ ഒന്നും തന്നെ പോലീസിനു ലഭിച്ചില്ല. കാമറ വാങ്ങിയ കടയുടെ ദൃശ്യങ്ങളും ജിഷയുടെ അമ്മ രാജേശ്വരിയുടെ ദൃശ്യങ്ങളും മാത്രമാണ് അതിൽ ഉണ്ടായിരുന്നത്. കൊലപാതകം നടന്ന ദിവസം ജിഷയുടെ വീടിനടുത്തുള്ള സ്‌ഥലങ്ങളിൽ തെരഞ്ഞെടുപ്പു കമ്മീഷൻ പരിശോധന നടത്തിയിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിൽ കമ്മീഷന്റെ കാമറകളിലുള്ള ദൃശ്യങ്ങളും പരിശോധിച്ചു. എന്നാൽ കേസിനാവശ്യമായ തെളിവുകൾ ഒന്നുംതന്നെ ഇവയിൽ നിന്നു ലഭിച്ചില്ല.

ഇന്നലെ ജിഷയുടെ ബന്ധുക്കൾ, സുഹൃത്തുക്കൾ, എന്നിവരെ കൂടാതെ 25ലധികം പേരുടെ മൊഴിയെടുത്തു. വിരലടയാള വിദഗ്ധർ, ഐഡന്റിഫിക്കേഷൻ സ്ക്വാഡുകൾ എന്നിവരും സംഘത്തിലുണ്ട്. ജിഷയുടെ വീട്ടിൽനിന്നു ലഭിച്ച ആയുധങ്ങൾ വിശദപരിശോധനയ്ക്കായി അയച്ചു. പ്രതിയുടേതെന്നു സംശയിക്കുന്ന ചെരിപ്പുകൾ പോലീസ് കോടതിയിൽനിന്നു തിരികെ വാങ്ങി.


പ്രതിയെന്നു സംശയിക്കുന്ന ആളുടെ രേഖാചിത്രവുമായി അയൽവീടുകളിലും സമീപത്തെ കടകളിലുമെത്തി പോലീസ് മൊഴിയെടുത്തു. മഞ്ഞ ടീഷർട്ട് ധരിച്ച, ഒരുപക്ഷേ ചെരുപ്പു ധരിക്കാത്ത ആളായിരിക്കാം പ്രതി എന്ന സൂചനയും പോലീസ് നല്കുന്നുണ്ട്. ജിഷയുടെ മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന് മനസിലാക്കിയിട്ടും മൃതദേഹം തിടുക്കത്തിൽ ദഹിപ്പിച്ചത് ദുരൂഹത വർധിപ്പിക്കുന്നു. മൃതദേഹം ദഹിപ്പിക്കുന്നതിൽ നിയമപരമായ തടസങ്ങളൊന്നും ഇല്ലെന്നും ഇതു സംബന്ധിച്ച് പോലീസ് നടപടി പൂർത്തിയായെന്നും മൃതദേഹം ദഹിപ്പിക്കാൻ ശ്മശാനം അനുവദിക്കണമെന്നും കാട്ടി കുറുപ്പംപടി എസ്ഐ മുനിസിപ്പൽ സെക്രട്ടറിക്കു നല്കിയ കത്ത് ഇന്നലെ പുറത്തുവന്നു. ഇതും പോലീസ് നടപടിയിലെ സംശയങ്ങൾക്ക് ആക്കംകൂട്ടുന്നുണ്ട്. മൃതദേഹം ദഹിപ്പിച്ചതിലൂടെ വീണ്ടും പോസ്റ്റ്മോർട്ടം നടത്താനുള്ള സാധ്യതയാണ് ഇല്ലാതായത്. എന്നാൽ, ഇത് സാധാരണ നടപടിക്രമം മാത്രമാണെന്നും കേസുമായി ഇതിനു ബന്ധമില്ലെന്നുമാണ് പോലീസ് പറയുന്നത്.

ജിഷയുടെ ഘാതകരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ചേരമ സാംബവ ഡെവലപ്മെന്റ് സൊസൈറ്റി (സിഎസ്ഡിഎസ്) പ്രവർത്തകർ ഇന്നലെ ഉച്ചയോടെ പെരുമ്പാവൂരിൽ നടത്തിയ പ്രതിഷേധസമരം അക്രമാസക്‌തമായി. എആർ ക്യാമ്പിലെ പോലീസുകാരനു പരിക്കേറ്റു. കേസിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി സിപിഎം നടത്തുന്ന രാപകൽ സമരവും കെപിഎംഎസ് ഉൾപ്പെടെ നിരവധി സംഘടനകളുടെ പ്രതിഷേധ സമരങ്ങളും സ്‌ഥലത്ത് നടക്കുന്നുണ്ട്.

കെപിസിസി പ്രസിഡന്റ് വി.എം. സുധീരൻ, സാമൂഹ്യക്ഷേമ മന്ത്രി എം.കെ. മുനീർ, സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ, ജില്ലാ കളക്ടർ എം.ജി. രാജമാണിക്യം തുടങ്ങിയവർ ഇന്നലെ പെരുമ്പാവൂരിൽ എത്തിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.