പി. ജയരാജൻ നാളെ കണ്ണൂരിലെത്തും
പി. ജയരാജൻ നാളെ കണ്ണൂരിലെത്തും
Sunday, May 22, 2016 12:53 PM IST
തലശേരി: കതിരൂർ മനോജ് വധക്കേസിൽ ജാമ്യവ്യവസ്‌ഥപ്രകാരം കണ്ണൂർ ജില്ലയ്ക്കു പുറത്തു കഴിഞ്ഞിരുന്ന സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജൻ നാളെ ജില്ലയിലെത്തും. മനോജ് വധക്കേസിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന ജയരാജനു കഴിഞ്ഞ മാർച്ച് 23നാണ് ജില്ലാ സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്. രണ്ടുമാസമോ കുറ്റപത്രം സമർപ്പിക്കുന്നതുവരെയോ കണ്ണൂർ ജില്ലയിൽ പ്രവേശിക്കരുതെന്ന നിബന്ധനയോടെയാണു ജാമ്യം അനുവദിച്ചത്. തുടർന്നു സഹോദരി പി. സതീദേവിയുടെ വടകരയിലെ വീട്ടിലായിരുന്നു ജയരാജന്റെ താമസം. നാളെ വൈകുന്നേരം മൂന്നിനു മാഹി പാലത്തിനു സമീപംവച്ചു പി. ജയരാജനെ സ്വീകരിച്ചു നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ കണ്ണൂരിലേക്ക് ആനയിക്കും. തുടർന്നു കണ്ണൂർ നഗരത്തിൽ നടക്കുന്ന സ്വീകരണ യോഗത്തിൽ പി. ജയരാജൻ പ്രസംഗിക്കും. പ്രമുഖ സിപിഎം നേതാക്കൾ പങ്കെടുക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.