ബിജെപി ഡൽഹിയിൽ അഴിഞ്ഞാടിയെന്നു വി.എസ്
Sunday, May 22, 2016 4:35 PM IST
തിരുവനന്തപുരം: ഡൽഹിയിൽ സിപിഎം ആസ്‌ഥാനമായ എകെജി ഭവനുനേരേ ബിജെപി– സംഘപരിവാർ ശക്‌തികൾ നടത്തിയ ആക്രമണത്തെ സിപിഎം നേതാവ് വി.എസ്. അച്യുതാനന്ദൻ ശക്‌തിയായി അപലപിച്ചു.

മോദി ഭരണത്തിന്റെ ഹുങ്കിൽ നിയമം കൈയിലെടുത്ത് ബിജെപിയും സംഘപരിവാറും ഡൽഹിയിൽ അഴിഞ്ഞാടുന്ന കാഴ്ചയാണു കണ്ടത്. അവിടത്തെ പോലീസ് ആകട്ടെ, കിരാതമായ ഈ ആക്രമണങ്ങൾക്കെല്ലാം ഒത്താശ ചെയ്തുകൊടുക്കുന്ന നിലയിൽ നിഷ്ക്രിയരായി നിൽക്കുകയായിരുന്നു.

വ്യാജമായ ആരോപണങ്ങൾ ഉന്നയിച്ച് അഖ്ലകിനെ കൊലപ്പെടുത്തിയതിനും കനയ്യകുമാറിനെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തിയതിനും സമാനമായ രീതിയിലാണ് കേരളത്തിൽ ആർഎസ്എസിനെ സിപിഎം ആക്രമിക്കുന്നു എന്ന വ്യാജ ആരോപണം ഉന്നയിച്ച് ഡൽഹിയിലെ സിപിഎം ആസ്‌ഥാന മന്ദിരത്തിനു നേരേ ആർഎസ്എ സുകാർ അഴിഞ്ഞാടിയിരിക്കുന്നത്.


കേരളത്തിൽ യഥാർഥത്തിൽ സംഘപരിവാറാണ് സിപിഎം പ്രവർത്തകരെയും എൽഡിഎഫ് പ്രവർത്തകരെയും ഇല്ലായ്മ ചെയ്യുന്നതിനുള്ള ആസൂത്രിത ശ്രമങ്ങൾ നട ത്തിക്കൊണ്ടിരിക്കുന്നത്. ഇതു മറച്ചുവയ്ക്കാൻ വേണ്ടിയാണ് ഇക്കൂട്ടർ ജനാധിപത്യ സംവിധാനത്തിൽ കേട്ടുകേൾവി ഇല്ലാത്ത തരത്തിൽ പാർട്ടി കേന്ദ്ര ഓഫീസിനു നേരേ ആക്രമണം നടത്തുന്നത്.

ബിജെപിയുടെയും ആർഎസ്എസിന്റെയും ഇത്തരത്തിലുള്ള തീക്കൊള്ളി കൊണ്ടുള്ള തലചൊറിയൽ അവസാനിപ്പിക്കണം. രാജ്യത്തെ സമാധാനാന്തരീക്ഷവും, ജനാധിപത്യ മതനിരപേക്ഷ സംവിധാനവും തകർക്കാനുളള ബിജെപി– സംഘപരിവാർ കക്ഷികളുടെ കുൽസിത നീക്കത്തിനെതിരേ മുഴുവൻ ജനാധിപത്യവാദികളും പ്രതിഷേധം ഉയർത്തണമെന്നും വി.എസ് ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.