ആത്മീയതയുടെ ആഘോഷമായി ജീസസ് യൂത്ത് സംഗമം
ആത്മീയതയുടെ ആഘോഷമായി ജീസസ് യൂത്ത് സംഗമം
Sunday, May 22, 2016 4:35 PM IST
അങ്കമാലി: ദൈവാത്മാവിൽ പ്രചോദിതമായി പ്രവർത്തിക്കുന്നവരുടെ കൂട്ടായ്മയായ ജീസസ് യൂത്തിന് സുവിശേഷവത്കരണത്തിൽ വലിയ പങ്ക് വഹിക്കാനാകുമെന്നു സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി.

വത്തിക്കാന്റെ കാനോനിക അംഗീകാരം ലഭിച്ചതിനോടനുബന്ധിച്ചു ദൈവപരിപാലനയുടെ ആഘോഷം എന്ന പേരിൽ ജീസസ് യൂത്ത് അങ്കമാലിയിൽ സംഘടിപ്പിച്ച സംഗമത്തിൽ സന്ദേശം നൽകുകയായിരുന്നു അദേഹം. വത്തിക്കാന്റെ അംഗീകാരം ലഭിച്ചതോടെ ജീസസ് യൂത്ത് ലോകത്താകമാനം ശ്രദ്ധ നേടാൻ പോവുകയാണ്. ജീസസ് യൂത്ത് മൂവ്മെന്റിന്റെ പ്രവർത്തനം എല്ലാ ഭൂഖണ്ഡങ്ങളിലേക്കും വ്യാപിക്കും. ലോകത്തിൽ സുവിശേഷവത്കരണം നടത്തുന്ന വലിയ സംരംഭമായി ഇതു മാറുമെന്നതിൽ സംശയമില്ല. കർത്താവിന്റെ പേരിൽ ആരംഭിച്ചിട്ടുള്ള ജീസസ് യൂത്ത് പ്രസ്‌ഥാനം ആത്മാവിൽ നിറഞ്ഞുനിന്നു നിർവഹിക്കപ്പെടുന്ന ഒരു ശുശ്രൂഷയാണെന്നു മനസിലാക്കി കഴിഞ്ഞാൽ ആത്മാവ് സ്പർശിക്കുന്ന എല്ലാവരെയും ഈ പ്രസ്‌ഥാനവും സ്പർശിക്കും. ജീസസ് യൂത്ത് പോലുള്ള ആത്മാവിന്റെ പ്രസ്‌ഥാനങ്ങളിൽനിന്നാണ് ദൈവവിളികൾ കൂടുതൽ ഉണ്ടാകുന്നതെന്നും മാർ ആലഞ്ചേരി ചൂണ്ടിക്കാട്ടി.

ജീസസ് യൂത്ത് എന്ന ആത്മീയ പ്രസ്‌ഥാനം ഒരു സംഘടനയല്ല മറിച്ച്, യേശുക്രിസ്തുവിനെ നിർഭയമായി സന്തോഷത്തോടെ പ്രഘോഷിക്കുന്ന യുവ ആത്മാക്കളുടെ കൂട്ടായ്മയാണെന്നു സിബിസിഐ പ്രസിഡന്റും മലങ്കര സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ പറഞ്ഞു. ജീസസ് യൂത്തിനു ലഭിച്ച കാനോനിക അംഗീ കാരം സഭയെ സംബന്ധിച്ച് ദൈവ പരിപാലനയുടെ നവോന്മേഷം പക രുന്ന അനുഭവമാണ്. ഭാരതസഭയെ കൂടുതൽ ശക്‌തിപ്പെടുത്താൻ ജീസ സ് യൂത്ത് പ്രവർത്തകർക്കു കഴിയണമെന്നും അദ്ദേഹം പറഞ്ഞു.


കാത്തോലിക്ക സഭ ഔപചാരികമായി അംഗീകാരം നൽകിയെന്നത് ഓരോ ജീസസ് യൂത്ത് പ്രവർത്തകനും അഭിമാനം നൽകുന്ന കാര്യമാണെന്ന് വരാപ്പുഴ ആർച്ച് ബിഷപ് ഡോ.ഫ്രാൻസിസ് കല്ലറയ്ക്കൽ പറഞ്ഞു. ക്രിസ്തുവിന്റെ ചൈതന്യം ഉൾക്കൊണ്ടുകൊണ്ട് യുവജനങ്ങൾ സഭയെ എന്നും യുവത്വപൂർണമാക്കി നിലനിർത്താൻ ശ്രമിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.

ദിവ്യബലിക്ക് കെസിബിസി കരിസ്മാറ്റിക് കമ്മീഷൻ ചെയർമാൻ ബിഷപ് മാർ റാഫേൽ തട്ടിൽ മുഖ്യകാർമികത്വം വഹിച്ചു. ആധുനിക സമൂഹത്തിനു മുന്നിൽ വിശ്വാസജീവിതത്തിനു വലിയൊരു മാതൃകയും പ്രചോദനവുമാണു ജീസസ് യൂത്തെന്ന് അദ്ദേഹം പറഞ്ഞു.

ജീസസ് യൂത്ത് കേരള കോ–ഓർഡിനേറ്റർ മിഥുൻ പോൾ, ഇന്റർനാഷണൽ കോ–ഓർഡിനേറ്റർ സി.സി. ജോസഫ്, ഇന്റർനാഷണൽ ഫോർമേഷൻ കോ–ഓർഡിനേറ്റർ മനോജ് സണ്ണി, ഇന്റർനാഷണൽ ആനിമേറ്റർ ഡോ.ചാക്കോച്ചൻ ഞാവള്ളിൽ, പ്രോഗ്രാം കോഓർഡിനേറ്റർ അഡ്വ.കെ.ജെ. ജോൺസൺ, മുൻ ഇന്റർനാഷൺ കോ ഓർഡിനേറ്റർ അഡ്വ. റൈജു വർഗീസ്, സിബിസിഐ അല്മായ കമ്മീഷൻ സെക്രട്ടറി ഡോ.എഡ്വേർഡ് എടേഴത്ത്, പ്രഫ.സി.സി. ആലീസുകുട്ടി, ഫാ.എബ്രഹാം പള്ളിവാതുക്കൽ, ഫാ. കുര്യൻ മറ്റം, ഫാ. ചെറിയാൻ നേരേവീട്ടിൽ, ബേബി ചാക്കോ എന്നിവർ പ്രസംഗിച്ചു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള വൈദികരും സിസ്റ്റേഴ്സും ഉൾപ്പെടെ പതിനായിരത്തോളം പേർ പരിപാടിയിൽ പങ്കെടുത്തു. ജീസസ് യൂത്തിന്റെ നേതൃത്വത്തിലുള്ള റെക്സ് ബാൻഡ്, വോക്സ് ക്രിസ്റ്റി, ക്രോസ് ടോക് എന്നീ മ്യൂസിക് ബാൻഡുകൾ അവതരിപ്പിച്ച സംഗീതവിരുന്നും ഉണ്ടായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.