ആഗ്രഹ സഫലീകരണം അച്ഛനിലൂടെ; സന്നത് ദാന ചടങ്ങിൽ അപൂർവ നിമിഷം
ആഗ്രഹ സഫലീകരണം അച്ഛനിലൂടെ; സന്നത് ദാന ചടങ്ങിൽ അപൂർവ നിമിഷം
Sunday, May 22, 2016 4:35 PM IST
കൊച്ചി: എറണാകുളം ടൗൺ ഹാളിൽ ഇന്നലെ നടന്ന സന്നതെടുക്കൽ ചടങ്ങ് അപൂർവമായ നിമിഷങ്ങൾക്കു സാക്ഷ്യം വഹിച്ചു. അച്ഛനിൽനിന്ന് മകൻ എൻറോൾമെന്റ് സർട്ടിഫിക്കറ്റ് കൈപ്പറ്റുന്ന അസുലഭ നിമിഷങ്ങൾക്കാണ് ഇന്നലെ ടൗൺഹാൾ സാക്ഷ്യം വഹിച്ചത്.

കേരള ഹൈക്കോടതി ജഡ്ജ് ജസ്റ്റീസ് പി.ബി. സുരേഷ്കുമാറിന്റെ മകൻ അഖിൽ സുരേഷിനാണ് ഈ ഭാഗ്യം ലഭിച്ചത്. ദിവസങ്ങൾക്കു മുമ്പാണ് കേരളാ ഹൈക്കോടതി ജഡ്ജിയായി പി.ബി. സുരേഷ്കുമാർ ചുമതലയേറ്റത്. ഉടനെ തന്നെ മകന് അഭിഭാഷകനാകാനുള്ള അവസരവും അതു സ്വന്തം കൈകൊണ്ട് നൽകാനുള്ള ഭാഗ്യവും അദ്ദേഹത്തിന് ലഭിച്ചു.

അഭിഭാഷകനാകുക എന്നതു കുഞ്ഞുനാൾ മുതലേയുള്ള ആഗ്രഹമായിരുന്നു അഖിൽ സുരേഷിന്. അഭിഭാഷകരായ അച്ഛനും മുത്തച്ഛനുമാണ് അഭിഭാഷകവൃത്തയിലേക്കു തിരിയാൻ പ്രേരിപ്പിച്ചതെന്ന് അഖിൽ പറയുന്നു.

പ്രശസ്ത അഭിഭാഷകനായിരുന്ന പരവൂർ ബാലകൃഷ്ണൻ നായരായിരുന്നു അഖിലിന്റെ മുത്തച്ഛൻ. മുത്തച്ഛനെയും അച്ഛനെയും കണ്ടു വളർന്ന അഖിലിന് ചെറുപ്പം മുതൽ തന്നെ അഭിഭാഷകനാകാനായിരുന്നു താത്പര്യം.


ആ ആഗ്രഹത്തിന്റെ സാക്ഷാത്കാരം സ്വന്തം അച്ഛന്റെ കൈയിൽ നിന്നുതന്നെ ഏറ്റുവാങ്ങാൻ സാധിച്ചതിലുള്ള അതിയായ സന്തോഷം അഖിൽ മറച്ചുവയ്ക്കുന്നില്ല.

എറണാകുളം ഭവൻസ് വിദ്യാലയത്തിലെ സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം ബാംഗ്ലൂർ ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിൽനിന്നാണ് അഖിൽ നിയമബിരുദം നേടിയത്. മൂന്നാം തലമുറയിലെത്തിയ അഭിഭാഷക പാരമ്പര്യത്തിനു കളങ്കമുണ്ടാക്കാതെ കാത്തുസൂക്ഷിക്കുകയാണ് തന്റെ ലക്ഷ്യമെന്നും അഖിൽ പറഞ്ഞുവയ്ക്കുന്നു.

എറണാകുളം ആസാദ് റോഡിലെ സായ് കൃഷ്ണയിൽ താമസിക്കുന്ന അഖിലിന്റെ അമ്മ മഞ്ജുഷ വീട്ടമ്മയും അനിയത്തി അൻവിത മെഡിസിൻ വിദ്യാർഥിനിയുമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.