തെരഞ്ഞെടുപ്പ് തോൽവി: ജെഡിയുവിൽ കലാപം
Sunday, May 22, 2016 4:35 PM IST
<ആ>സ്വന്തം ലേഖകൻ

കോഴിക്കോട്: തെരഞ്ഞെടുപ്പിൽ മത്സരിച്ച ഏഴ് സീറ്റിലും പരാജയപ്പെട്ടതോടെ ജനാതാദളിൽ (യുണൈറ്റഡ്) കലാപം. തെരഞ്ഞെടുപ്പിനു മുമ്പ് യുഡിഎഫ് വിടാതിരുന്നതും സ്‌ഥാനാർഥിനിർണയത്തിലെ പാളിച്ചയുമാണ് ഒരു വിഭാഗത്തെ ചൊടിപ്പിച്ചത്. തെരഞ്ഞെടുപ്പിനു മുമ്പു തന്നെ യുഡിഎഫ് വിടണമെന്ന അഭിപ്രായമുണ്ടായിട്ടും എൽഡിഎഫിലേക്കു ചേക്കേറാൻ വിസമ്മതിച്ച നേതാക്കൾക്കെതിരേയാണ് ഇക്കൂട്ടർ രംഗത്തെത്തിയിരിക്കുന്നത്.

തെരഞ്ഞെടുപ്പിന് മുമ്പ് പാർട്ടിയിലുണ്ടായ അസ്വാരസ്യങ്ങൾ പിളർപ്പിന്റെ വക്കിലെത്തിച്ചെങ്കിലും ഇടഞ്ഞു നിന്നവരെ സംസ്‌ഥാന പ്രസിഡന്റ് എം.പി. വീരേന്ദ്രകുമാർ പിന്നീട് അനുനയിപ്പിക്കുകയായിരുന്നു. യുഡിഎഫിൽ നീതി ലഭിക്കുന്നില്ലെന്ന കാരണമായിരുന്നു നേരത്തെ പാർട്ടിയെ വലിയ പ്രതിസന്ധിയിലാക്കിയത്. മുന്നണിമര്യാദ പാലിക്കാത്ത യുഡിഎഫിൽ തുടരേണ്ടതില്ലെന്ന നിലപാട് അന്നു ഭൂരിഭാഗം നേതാക്കളും സ്വീകരിച്ചിരുന്നു. ചില നേതാക്കളുടെ താത്പര്യത്തിനു വഴങ്ങി പാർട്ടി യുഡിഎഫിൽ തുടരുകയായിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ജെഡിയുവിലെ ചിത്രം മാറി. തോൽവിയുടെ ഉത്തരവാദിത്വം ചിലർക്കു മാത്രമാണെന്ന വാദവുമായി ഒരു വിഭാഗം രംഗത്തെത്തിയതാണു പാർട്ടിയിൽ കലാപമായി മാറുന്നത്.

യുഡിഎഫിൽ ഉറച്ചുനിന്നു തേൽവി ഏറ്റുവാങ്ങേണ്ടി വന്നതു ചില നേതാക്കളുടെ പിടിവാശിമൂലമാണെന്നും ഇവർ പറയുന്നു. നേരത്തെ യുഡിഎഫ് വിടണമെന്ന ആവശ്യം പാർട്ടിയിൽ ശക്‌തിപ്പെട്ടപ്പോൾ ജെഡിയു ജില്ലാ കൗൺസിലുകൾ വിളിച്ചു ചേർത്തിരുന്നു. 14 ജില്ലാ കൗൺസിലിൽ 12ഉം യുഡിഎഫ് വിടണമെന്ന അഭിപ്രായമായിരുന്നു മുന്നോട്ടുവച്ചത്. കോഴിക്കോട്, കണ്ണൂർ ജില്ലാ കൗൺസിൽ മാത്രമാണു യുഡിഎഫിൽ തുടരാനായി വാദിച്ചിരുന്നത്. കെ.പി. മോഹനൻ, മനയത്ത് ചന്ദ്രൻ എന്നിവരാണു യുഡിഎഫിൽ തുടരുന്നതിനായി പാർട്ടിയിൽ സമ്മർദം ചെലുത്തിയത്. എന്നാൽ, തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന്റെ തൊട്ടു മുമ്പ് ഇടഞ്ഞുനിന്ന ജെഡിയുവിനെ അനുനയിപ്പിക്കാൻ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും കോഴിക്കോട്ടെത്തി. വീരേന്ദ്രകുമാറിനു രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്താണ് അന്നു ജെഡിയുവിനെ യുഡിഎഫ് കൂടെ നിർത്തിയത്. തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ കൂത്തുപറമ്പിൽ കെ.പി. മോഹനനും വടകരയിൽ മനയത്ത് ചന്ദ്രനും വലിയ തോൽവിയാണ് ഏറ്റുവാങ്ങേണ്ടി വന്നത്. യുഡിഎഫിൽ തുടരാനായി വാദിച്ച നേതാക്കളുടെ പരാജയം മറു വിഭാഗക്കാർ ആയുധമാക്കുകയാണിപ്പോൾ. എൽഡിഎഫിലേക്ക് തിരിച്ചെത്തിയിരുന്നെങ്കിൽ ഇത്രയും വലിയ തോൽവി ഉണ്ടാകില്ലായിരുന്നുവെന്നാണ് ഇവരുടെ വാദം. കൽപ്പറ്റ, കൂത്തുപറമ്പ്, അമ്പലപ്പുഴ എന്നീ മണ്ഡലങ്ങളിലെ തോൽവി പാർട്ടിക്കു വലിയ ക്ഷീണമുണ്ടാക്കിയതായും ഇവർ പറയുന്നു. കൂത്തുപറമ്പിൽ കെ.പി. മോഹനൻ കെ.കെ. ഷൈലജയോട് 12,291 വോട്ടിനും കൽപ്പറ്റയിൽ എം.വി. ശ്രേയാംസ് കുമാർ സി.കെ. ശശീന്ദ്രനോട് 13,083 വോട്ടിനും അമ്പലപ്പുഴയിൽ ഷെയ്ക്ക് പി. ഹാരിസ് ജി. സുധാകരനോടു 22,621 വോട്ടിനുമാണു പരാജയപ്പെട്ടത്.


സ്‌ഥാനാർഥിനിർണയത്തിലെ പാളിച്ചയും തോൽവിയുടെ ആക്കം കൂട്ടിയെന്നും ഒരു വിഭാഗം അഭിപ്രായപ്പെടുന്നുണ്ട്. വടകര, എലത്തൂർ മണ്ഡലത്തിലെ സ്‌ഥാനാർഥിനിർണയമായിരുന്നു പാർട്ടിക്കു തെരഞ്ഞെടുപ്പിനു മുമ്പ് നേരിടേണ്ടി വന്ന വെല്ലുവിളി. വടകരയിൽ മനയത്ത് ചന്ദ്രന്റെ പേരും എലത്തൂരിൽ കിഷൻ ചന്ദിന്റെ പേരും ഏറ്റവും ഒടുവിലാണ് പാർട്ടി പ്രഖ്യാപിച്ചത്. എലത്തൂരിൽ യുവജനതാദൾ നേതാവ് സലിം മടവൂരിനെ പിന്തള്ളിയാണു കിഷൻചന്ദ് അവസാന നിമിഷം സ്‌ഥാനാർഥിയായത്. അതേസമയം, തെരഞ്ഞെടുപ്പ് തോൽവി വിശകലനം ചെയ്യാനും ഭാവി തീരുമാനം ചർച്ച ചെയ്യാനും ജൂൺ ഒന്നിനു കോഴിക്കോട്ട് നിർണായക പാർട്ടി യോഗം ചേരും. പാർട്ടിയുടെ സംസ്‌ഥാന ഭാരവാഹികളും ജില്ലാ പ്രസിഡന്റുമാരും പങ്കെടുക്കുന്ന യോഗത്തിൽ ഇക്കാര്യങ്ങൾ ചർച്ച ചെയ്യുമെന്നു ജെഡിയു സംസ്‌ഥാന ജനറൽ സെക്രട്ടറി ഷെയ്ക് പി. ഹാരിസ് ദീപികയോടു പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.