പേഴ്സണൽ സ്റ്റാഫ് അംഗസംഖ്യ 25ൽ കൂടാൻ പാടില്ലെന്നു ധാരണ
Sunday, May 22, 2016 4:36 PM IST
<ആ>സ്വന്തം ലേഖകൻ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പേഴ്സണൽ സ്റ്റാഫ് അംഗങ്ങളുടെ നിയമനത്തിൽ നിബന്ധനകൾ ഏർപ്പെടുത്താൻ ഇന്നലെ ചേർന്ന എൽഡിഎഫ് യോഗത്തിൽ ധാരണയായി. മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളുടെ എണ്ണം 25 ൽ കൂടാൻ പാടില്ലെന്ന കർശന നിബന്ധന ഏർപ്പെടുത്തി. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് 30 പേഴ്സണൽ സ്റ്റാഫ് അംഗങ്ങളെ വരെ നിയമിച്ച സാഹചര്യത്തിലാണിത്.

മന്ത്രിമാരുടെ ബന്ധുക്കളെ ആരെയും പേഴ്സണൽ സ്റ്റാഫിൽ ഉൾപ്പെടുത്താൻ പാടില്ല. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്തു ചില മന്ത്രിമാരുടെ അടുത്ത ബന്ധുക്കളെ തന്നെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളായി നിയമിച്ചിരുന്നു. ഇത് ഏറെ ആക്ഷേപങ്ങൾക്കും വഴി വച്ചിരുന്നു. ഇത്തരം ആക്ഷേപങ്ങൾ തടയുന്നതിനാണു നിബന്ധനകൾ ഏർപ്പെടുത്തിയത്. പേഴ്സണൽ സ്റ്റാഫ് പട്ടികയിൽ ഉൾപ്പെടേണ്ടവരുടെ പട്ടിക നൽകാൻ സിപിഎമ്മിന്റെ ജില്ലാ കമ്മിറ്റികളോടും സർവീസ് സംഘടനകളോടും നിർദേശിച്ചിട്ടുണ്ട്. ഈ പട്ടികയിൽ നിന്നാകും പരമാവധി നിയമനം നൽകുക. പാർട്ടിക്കായി ത്യാഗമനുഭവിച്ചവരുടെ കുടുംബത്തിൽ നിന്നുള്ളവർക്കു മുൻഗണന നൽകും. സാമ്പത്തിക ക്രമക്കേടുകളിൽ ഉൾപ്പെട്ടവരെ പരാമവധി ഒഴിവാക്കും. പരിചയ സമ്പന്നരായ യുവനിരയ്ക്കാകും പ്രാമുഖ്യം നൽകുക. പ്രായമേറിയവരെ ഒഴിവാക്കാനും നിർദേശിച്ചിട്ടുണ്ട്.


മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിലും നേരിയ മാറ്റങ്ങളുണ്ടാകും. പേഴ്സണൽ സെക്രട്ടറി പദവിയും രാഷ്ട്രീയ നിയമനമാകും. മന്ത്രിമാരുടെ എണ്ണം 19 ആക്കി നിലനിർത്താനും ചീഫ് വിപ്പ് പോലുള്ള കാബിനറ്റ് പദവികൾ ഒഴിവാക്കാനും ഇന്നലെ ചേർന്ന എൽഡിഎഫ് യോഗം തീരുമാനിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.