ആര്യ പ്രേംജി അന്തരിച്ചു
ആര്യ പ്രേംജി അന്തരിച്ചു
Monday, May 23, 2016 1:12 PM IST
തിരുവനന്തപുരം: നമ്പൂതിരി സമുദായത്തിലെ രണ്ടാം വിധവാ വിവാഹത്തിലൂടെ ചരിത്രത്തിലിടംപിടിച്ച ആര്യ പ്രേംജി (99) അന്തരിച്ചു. ഭരത് അവാർഡ് ജേതാവും സാമൂഹിക പരിഷ്കർത്താവും എഴുത്തുകാരനുമായ നടൻ പ്രേംജിയുടെ ഭാര്യയാണ്. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് തിരുവനന്തപുരത്തെ അമ്പലമുക്കിലുള്ള വസതിയിൽ ഇന്നലെ പുലർച്ചെ ആയിരുന്നു അന്ത്യം. സ്കൂൾ വിദ്യാഭ്യാസം പോലും ലഭിക്കാതെ കൗമാരത്തിൽ തന്നെ കല്യാണം കഴിക്കേണ്ടി വന്ന ആര്യക്ക് 15–ാം വയസിൽ തന്നെ വിധവയാകേണ്ടി വന്നു. പിന്നീട് തന്റെ മുപ്പതാം വയസിൽ പ്രേംജിയെ വിവാഹം കഴിച്ചു. നമ്പൂതിരി സമുദായത്തിൽ വലിയ വിപ്ലവം സൃഷ്‌ടിച്ച സംഭവമായിരുന്നു അത്. ഇതേത്തുടർന്ന് സമുദായം ആര്യയ്ക്കു ഭ്രഷ്‌ട് കൽപിച്ചു.

ഇവരുടെ വിവാഹച്ചടങ്ങിൽ പങ്കെടുത്ത ഇഎംഎസ് നമ്പൂതിരിപ്പാടും വി.ടി ഭട്ടതിരിപ്പാടിനുമടക്കമുള്ളവർക്കും സമുദായം ഭ്രഷ്‌ട് കൽപ്പിച്ചിരുന്നു. സമുദായത്തിലെ അനാചാരങ്ങൾക്കെതിരെ വി.ടി. ഭട്ടതിരിപ്പാടും ഇഎംഎസ് നമ്പൂതിരിപ്പാടും എംആർബിയും യോഗക്ഷേമസഭയിലൂടെ ശബ്ദിക്കുകയും വിധവകളെ വിവാഹം ചെയ്ത് വിപ്ലവം സൃഷ്ടിക്കുകയും ചെയ്തപ്പോൾ, ആ മാതൃക പിന്തുടർന്നാണ് പ്രേംജി ആര്യയെ വിവാഹം കഴിച്ചത്. അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് ഉൾപ്പെടെയുള്ള നാടകങ്ങളിലൂടെ നടനെന്ന നിലയിൽ പേരെടുത്ത പ്രേംജി പിന്നീട് സിനിമയിൽ നിലയുറപ്പിച്ചപ്പോഴും ഭരത് അവാർഡ് ജേതാവ് വരെ ആയപ്പോഴും ആര്യ തുണയായി ഒപ്പം ഉണ്ടായിരുന്നു.


1964 മുതലുള്ള അഞ്ച് വർഷം തൃശൂർ മുനിസിപ്പാലിറ്റിയിൽ കൗൺസിലറായും പ്രവർത്തിച്ചിട്ടുണ്ട്. അന്തരിച്ച നടൻ കെപിഎസി പ്രേമചന്ദ്രൻ, മുതിർന്ന മാധ്യമപ്രവർത്തകൻ നീലൻ എന്നിവരടക്കം അഞ്ചു മക്കളുണ്ട്. ആര്യയെക്കുറിച്ച് നീലൻ തയാറാക്കിയ അമ്മ എന്ന ഹൃസ്വചിത്രത്തിന് ദേശീയ പുരസ്കാരം ലഭിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.