മലാപ്പറമ്പ് സ്കൂൾ അടച്ചുപൂട്ടൽ: പോലീസും സംരക്ഷണ സമിതിയും ഏറ്റുമുട്ടി
Monday, May 23, 2016 1:12 PM IST
കോഴിക്കോട്: അടച്ചുപൂട്ടാൻ കോടതി ഉത്തരവിട്ട മലാപ്പറമ്പ് എയുപി സ്കൂളിൽ പോലീസും സ്കൂൾ സംരക്ഷണ സമിതി ഭാരവാഹികളം തമ്മിൽ സംഘർഷം. സ്കൂൾ പൂട്ടാമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പാക്കാനായി ഇന്നലെ രാവിലെ എഇഒ കെ.എസ്. കുസുമം പോലീസിന്റെ അകമ്പടിയോടെ സ്കൂളിൽ എത്തിയതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്.

അധ്യാപകരും രക്ഷിതാക്കളും ഉൾപ്പെട്ട സ്കൂൾ സംരക്ഷണ സമിതി പ്രവർത്തകർ രാവിലെ തന്നെ സ്കൂളിൽ ഉപരോധം ആരംഭിച്ചിരുന്നു. കോടതി ഉത്തരവ് നടപ്പാക്കാൻ തങ്ങൾ ബാധ്യസ്‌ഥരാണെന്ന് പറഞ്ഞാണ് പോലീസും എഇഒയും എത്തിയത്. എന്നാൽ ഇവരെ സ്കൂളിനകത്തേക്ക് കടത്തിവിടാൻ സംരക്ഷണ സമിതി പ്രവർത്തകർ തയ്യാറായില്ല.

തുടർന്ന് പോലീസും പ്രവർത്തകരും തമ്മിൽ ഉന്തുംതള്ളും നടന്നു. സംരക്ഷണ സമിതി പ്രവർത്തകർക്ക് നേരെ ലാത്തിവീശിയ പോലീസ് ഇവരെ അറസ്റ്റ് ചെയ്തു. പി. രാജേഷ്, കെ. ജിജേഷ്, ടി.കെ. സുനിൽ കുമാർ, ടി.കെ. ബൈജു, എ.കെ. നുക്മാൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. അതേസമയം സംഘർഷത്തെ തുടർന്ന് സ്കൂൾ പൂട്ടാനാകാതെ എഇഒ ഉൾപ്പടെയുള്ള ഉദ്യോഗസ്‌ഥർ തിരിച്ചു പോയി.

എന്നാൽ, സ്കൂളിന്റെ പിന്നിലെ ഗേറ്റ് പോലീസ് തകർത്തതാണ് സംഘർഷത്തിനു കാരണമെന്ന് സ്കൂൾ സംരക്ഷണ സമിതി ഭാരവാഹികൾ പറഞ്ഞു. അതേസമയം ഭരണം മാറുന്നതിന് മുമ്പ് തന്നെ സ്കൂൾ പൂട്ടാനുള്ള നടപടിയാണ് ഇതെന്ന് എ. പ്രദീപ്കുമാർ എംഎൽഎ പറഞ്ഞു.


കോടതി ഉത്തരവിനെതിരെ വീണ്ടും ഹർജി നൽകുന്നതുൾപ്പെടെയുള്ള നടപടികൾക്ക് ആവശ്യമായ സമയം നൽകണമെന്ന് താൻ പോലീസിനോട് ആവശ്യപ്പെട്ടിരുന്നതായും അദ്ദേഹം പറഞ്ഞു. സ്കൂൾ ഏതു വിധേനയും പൂട്ടുകയെന്ന മാനേജ്മെന്റ് താത്പര്യത്തിന് പോലീസ് കൂട്ടുനിൽക്കുന്നതാണ് പ്രശ്നം വഷളാക്കുന്നതെന്നും പ്രദീപ്കുമാർ പറഞ്ഞു.

സ്കൂൾ പൂട്ടാനായി ഡിപിഐ നൽകിയ അന്യായമായ ഉത്തരവ് റദ്ദാക്കണമെന്ന ആവശ്യവുമായി സ്കൂൾ സംരക്ഷണസമിതിയുടെ ആഭിമുഖ്യത്തിൽ ജനകീയ പ്രതിരോധ സമരം കഴിഞ്ഞ ഒരു മാസമായി നടന്നുവരികയാണ്.

സ്കൂൾ അടച്ചുപൂട്ടാനുള്ള സർക്കാർ ഉത്തരവ് അംഗീകരിക്കാനാവില്ലെന്നും സംരക്ഷണസമിതി ഏറ്റെടുത്ത സ്കൂൾ മാനേജർക്ക് വിട്ടുകൊടുക്കില്ലെന്നുമാണ് സംരക്ഷണസമിതിയുടെ നിലപാട്. നിരവധി സംഘടനകൾ സംരക്ഷണ സമിതിക്ക് പിന്തുണയുമായി രംഗത്തുണ്ട്. സ്കൂൾ സർക്കാർ ഏറ്റെടുക്കുന്നതുവരെ സമരം തുടരാനാണ് സംരക്ഷണ സമിതി തീരുമാനം.

ജനുവരി 18ന് ഇറക്കിയ ഹൈക്കോടതി ഉത്തരവിൽ മാർച്ച് 31ന് മുമ്പ് മലാപ്പറമ്പ് സ്കൂൾ അടച്ചുപൂട്ടണമെന്നാണ് പറയുന്നത്. മാർച്ച് 31 കഴിഞ്ഞിട്ടും സ്കൂൾ അടച്ചുപൂട്ടാത്ത സാഹചര്യത്തിലാണ് മൂന്ന് ദിവസത്തിനകം ഹൈക്കോടതി ഉത്തരവ് നടപ്പാക്കി, റിപ്പോർട്ട് സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടർ കോഴിക്കോട് എഇഒക്ക് കത്ത് അയച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.