ഡിജിറ്റൽ തെളിവുകളുടെ പകർപ്പാവശ്യപ്പെട്ട് നൽകിയ ഹർജി സോളാർ കമ്മീഷൻ നിരസിച്ചു
Monday, May 23, 2016 1:23 PM IST
കൊച്ചി: സോളാർ കമ്മീഷനിൽ സരിത എസ്. നായർ ഈ മാസം 13നു സമർപ്പിച്ച ഡിജിറ്റൽ തെളിവുകളുടെ പകർപ്പാവശ്യപ്പെട്ട് മുൻ കേന്ദ്രമന്ത്രി കെ.സി. വേണുഗോപാൽ നൽകിയ ഹർജി കമ്മീഷൻ നിരസിച്ചു.

സരിത നൽകിയ തെളിവുകൾ പരിശോധിക്കാനിരിക്കുന്നതേയുള്ളുവെന്നും അതിനുമുമ്പ് പകർപ്പ് നൽകാൻ കഴിയില്ലെന്നും ജുഡീഷൽ കമ്മീഷൻ ജസ്റ്റീസ് ജി. ശിവരാജൻ പറഞ്ഞു. കമ്മീഷൻ സെക്രട്ടറിക്കാണു സരിത തെളിവുകൾ സമർപ്പിച്ചതെന്നും അത് ഇതുവരെ പരിശോധിച്ചിട്ടില്ലെന്നും ജസ്റ്റീസ് ശിവരാജൻ വ്യക്‌തമാക്കി. അതേസമയം സരിതയെ 30ന് വീണ്ടും വിസ്തരിക്കുമെന്നറിയിച്ച കമ്മീഷൻ മുമ്പ് നോട്ടീസയച്ചിട്ടും പ്രതികരിക്കാതിരുന്ന വേണുഗോപാലിന്റെ നടപടിയെ രൂക്ഷമായി വിമർശിച്ചു.

ഇതുവരെ ലഭിച്ച തെളിവുകളുടെ പരിശോധന ജൂണിൽ പൂർത്തിയാക്കുമെന്നും ആവശ്യമെങ്കിൽ കൂടുതൽ പേരെ വിസ്തരിച്ചു രണ്ടാംഘട്ട തെളിവുശേഖരണം നടത്തുമെന്നും കമ്മീഷൻ അറിയിച്ചു.

സരിത സോളാർ കമ്മീഷനിൽ നൽകിയ കത്തിലും കത്തിലെ വിവരങ്ങൾ സാധൂകരിക്കുന്നതിനായി നൽകിയ ഡിജിറ്റൽ തെളിവുകളിലും തന്നെക്കുറിച്ച് പരാമർശമുണ്ടെന്നും അപകീർത്തികരമായതിനാൽ അതിന്റെ നിജസ്‌ഥിതി അറിയുന്നതിനായി കത്തിന്റെയും തെളിവുകളുടെയും പകർപ്പ് നൽകണമെന്നായിരുന്നു വേണുഗോപാലിന്റെ ആവശ്യം. എന്നാൽ 30ന് സരിതയെ കമ്മീഷനിൽ വരുത്തി തെളിവുകൾ സംബന്ധിച്ച വിവരങ്ങളാരാഞ്ഞതിനുശേഷമേ സരിത നൽകിയ തെളിവുകൾ പരിശോധിക്കുകയുള്ളൂ.

കത്തിൽ കെ.സി. വേണുഗോപാലിനെക്കുറിച്ച് പരാമർശമുണ്ട്. കത്തിലെ ഈ പരാമർശഭാഗത്തിന്റെ പകർപ്പു നൽകുന്നതിൽ വിരോധമില്ല. എന്നാൽ പെൻഡ്രൈവിലെ വീഡിയോദൃശ്യങ്ങളും മറ്റും പരിശോധിച്ചശേഷം അതിൽ കെ.സി. വേണുഗോപാലുമായി ബന്ധപ്പെട്ട ദൃശ്യങ്ങളുണ്ടെങ്കിൽ മാത്രം അത് നിയമനടപടികൾ പൂർത്തീകരിച്ച ശേഷം നൽകാൻ തയാറാണെന്നും കമ്മീഷൻ അറിയിച്ചു.


സോളാർ ഇടപാടിൽ തന്റെ വാദം അറിയിക്കുന്നതിനായി കമ്മീഷൻ എൻക്വയറി ആക്ടിലെ എട്ട് ബി വകുപ്പുപ്രകാരം മുമ്പ് വേണുഗോപാലിന് നോട്ടീസ് അയച്ചിരുന്നു. അതിന് ഒരു മറുപടിയുമുണ്ടായില്ല എന്നു മാത്രമല്ല, കമ്മീഷനിലെ തുടർ സിറ്റിംഗുകളിൽ തനിക്കെതിരായ എന്തെങ്കിലും പരാമർശങ്ങളുണ്ടോയെന്നറിയാൻ വക്കിലിനെപ്പോലും നിയോഗിച്ചില്ല.

സരിത തെളിവു നൽകിയപ്പോൾ മാത്രമാണോ വേണുഗോപാലിന് തന്നെ മോശമായി ചിത്രീകരിച്ചുവെന്നും അപകീർത്തിപ്പെടുത്തിയെന്നും തോന്നിയത്. മുമ്പ് ബിജു രാധാകൃഷ്ണൻ കമ്മീഷനു മുന്നിൽ കെ.സി. വേണുഗോപാലനെതിരേ മൊഴി നൽകിയിരുന്നു. അത് മാധ്യമങ്ങളിൽ വന്നതുമാണ്. അന്നൊന്നും അത് അപകീർത്തികരമായി തോന്നിയിട്ടില്ലേയെന്നും കമ്മീഷൻ ചോദിച്ചു.

13ന് സരിത തെളിവു സമർപ്പിച്ച് പിറ്റേന്ന് പത്രങ്ങളിൽ കണ്ട വാർത്ത തെളിവുകൾ പുറത്തുവിടണമെന്നാവശ്യപ്പെട്ട് കമ്മീഷന് വേണുഗോപാൽ കത്തു നൽകിയെന്നാണ്. എന്തിന്റെ അടിസ്‌ഥാനത്തിലാണ് ഇത്തരമൊരു വാർത്ത വന്നതെന്നും കമ്മീഷൻ ചോദിച്ചു. സരിത എസ്. നായർ സമർപ്പിച്ച തെളിവുകൾ പുറത്തുവിടണമെന്നാവശ്യപ്പെട്ട് കെ.

സി. വേണുഗോപാൽ കമ്മീഷന് കത്തു നൽകിയെന്ന് വന്ന വാർത്ത തെരഞ്ഞെടുപ്പു ലക്ഷ്യമാക്കി കമ്മീഷനെ ഉപകരണമാക്കാനുദ്ദേശിച്ചുള്ളതായിരുന്നുവെന്നും ഇത് അപലപനീയമാണെന്നും ചൂണ്ടിക്കാട്ടി ആൾ ഇന്ത്യാ ലോയേഴ്സ് യൂണിയൻ ഹർജി നൽകി. ഹർജി 30ന് പരിഗണിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.