പരവൂർ പുറ്റിംഗൽ വെടിക്കെട്ടപകടം: അമൂല്യ വസ്തുക്കളുടെ മൂല്യം തിട്ടപ്പെടുത്തി റിപ്പോർട്ട് തയാറാക്കണമെന്ന് ഹൈക്കോടതി
Monday, May 23, 2016 1:23 PM IST
കൊച്ചി: പരവൂർ പുറ്റിംഗൽ ദേവീക്ഷേത്രത്തിലെ ആഭരണങ്ങൾ ഉൾപ്പെടെയുള്ള അമൂല്യ വസ്തുക്കളുടെ മൂല്യം തിട്ടപ്പെടുത്തി തഹസീൽദാർ റിപ്പോർട്ട് തയാറാക്കണമെന്നും ഇതിനുശേഷം ആഭരണങ്ങൾ സൂക്ഷിച്ചിരുന്ന കൊട്ടാരത്തിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.

ഒരു കോടി രൂപ വിലവരുന്ന ആഭരണങ്ങൾ തിരുവിതാംകൂർ മഹാരാജാവ് ക്ഷേത്രത്തിനു നൽകിയതാണെന്നും ആഭരണങ്ങൾ സൂക്ഷിച്ചിരുന്ന കൊട്ടാരത്തിന്റെ അറ്റകുറ്റപ്പണികൾ നടത്താൻ അന്വേഷണ സംഘം സമ്മതിക്കുന്നില്ലെന്നും തന്ത്രി കഴിഞ്ഞ ദിവസം ക്ഷേത്രത്തിൽ സന്ദർശനം നടത്തിയ ആക്ടിംഗ് ചീഫ് ജസ്റ്റീസിനോടു പരാതി പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ തീരുമാനം. പുറ്റിംഗൽ വെടിക്കെട്ടു ദുരന്തത്തെത്തുടർന്നു ഹൈക്കോടതി സ്വമേധയാ എടുത്ത കേസിൽ ആക്ടിംഗ് ചീഫ് ജസ്റ്റീസ് തോട്ടത്തിൽ ബി. രാധാകൃഷ്ണൻ, ജസ്റ്റീസ് അനു ശിവരാമൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഈ നിർദേശം നൽകിയത്.

ഇതു കണക്കിലെടുത്താണു തഹസിൽദാറോട് പട്ടിക തിരിച്ചുള്ള റിപ്പോർട്ട് തയ്യാറാക്കി പരവൂർ മുൻസിഫ് കോടതിയിൽ സമർപ്പിക്കാൻ നിർദേശിച്ചത്. പത്തു ദിവസത്തിനുള്ളിൽ റിപ്പോർട്ട് തയാറാക്കിയശേഷം കൊട്ടാരത്തിന്റെ അറ്റകുറ്റപ്പണികൾ നടത്തണം. തുടർന്ന് ക്ഷേത്രം തന്ത്രിയുടെ ഉടമസ്‌ഥതയിൽ ആഭരണങ്ങൾ കൊട്ടാരത്തിൽ സൂക്ഷിക്കണം. നടപടികൾക്ക് പോലീസ് സഹായം നൽകണം.


വെടിക്കെട്ട് ദുരന്തത്തെത്തുടർന്ന് എത്രപേർക്കു നഷ്‌ടപരിഹാരം നൽകി, എത്രപേർക്ക് നഷ്‌ടപരിഹാരം നൽകാനുണ്ട് എന്നിവ വ്യക്‌തമാക്കി ജില്ലാ കളക്ടർ റവന്യു വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി മുഖേന റിപ്പോർട്ട് നൽകണമെന്നും ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടിട്ടുണ്ട്.

ഇതിനിടെ വെടിക്കെട്ടിനായി നിരോധിക്കപ്പെട്ട പൊട്ടാസ്യം ക്ലോറേറ്റും മറ്റും എവിടെ നിന്ന് ലഭിച്ചുവെന്ന് ക്ഷേത്രഭാരവാഹികൾ ഉൾപ്പെടെയുള്ളവരുടെ ജാമ്യഹർജിയിൽ ജസ്റ്റീസ് പി. ഉബൈദ് വാക്കാൽ ചോദിച്ചു. വെടിക്കെട്ട് കരാറുകാർക്ക് ഇവ എങ്ങനെ ലഭിച്ചുവെന്നു ക്രൈംബ്രാഞ്ചിന്റെ റിപ്പോർട്ടിലില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.