ജിഷ വധം: രണ്ടുപേർ കൂടി കസ്റ്റഡിയിലെന്നു സൂചന
Monday, May 23, 2016 1:31 PM IST
പെരുമ്പാവൂർ: ജിഷ കൊല്ലപ്പെട്ടശേഷം സ്വദേശത്തേക്ക് പോയ ഇതരസംസ്‌ഥാനക്കാരെ തേടി ആസാമിലേക്ക് പോയ അന്വേഷണ സംഘം രണ്ടുപേരെ കസ്റ്റഡിയിലെടുത്തതായി സൂചന. ഇവരെ ചോദ്യം ചെയ്തുവരികയാണ്. ഇതരസംസ്‌ഥാന തൊഴിലാളികളെ തേടി ആസാമിലേക്ക് പോയ പോലീസ് കഴിഞ്ഞ ദിവസം തിരിച്ചെത്തിയിരുന്നു. അതേസമയം എൽഡിഎഫ് സർക്കരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിൽ ജിഷയുടെ കൊലപാതകം ആദ്യം പരിഗണിച്ച് പുതിയ അന്വേഷണ സംഘത്തിന് കേസ് കൈമാറാനുള്ള തീരുമാനം എടുക്കുമെന്ന് സൂചനയുണ്ട്.

ജിഷയുടെ കൊലപാതകം മുതിർന്ന ഒരു വനിതാ ഐപിഎസ് ഓഫീസറുടെ നേതൃത്വത്തിലുള്ള പുതിയ അന്വേഷണ സംഘത്തെ കൊണ്ട് അന്വേഷിപ്പിക്കാനാണ് തീരുമാനം. കൂടാതെ അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ വീഴ്ച വരുത്തിയ കുറുപ്പംപടി സിഐ, എസ്ഐ എന്നിവർക്കെതിരെ നടപടിയുണ്ടാകും.

രാജ്യത്തെ പിടിച്ചുലച്ച സംഭവം നടന്നിട്ട് 26 ദിവസം പിന്നിട്ടിട്ടും അന്വേഷണത്തിന് പുരോഗതിയില്ലാത്തതിനെ തുടർന്നാണ് പുതിയ സംഘത്തിന് അന്വേഷണ ചുമതല കൈമാറാൻ തീരുമാനമായത്. ജിഷയുടെ അമ്മ ഇപ്പോഴും ആശുപത്രിയിൽ തന്നെയാണുള്ളത്. വനിതാ പോലീസിന്റെ നിരീക്ഷണത്തിലുള്ള രാജേശ്വരിയെ ഇവർ മാറിമാറി ചോദ്യം ചെയ്തെങ്കിലും വീട്ടിൽ സ്‌ഥിരം വരുന്നവരുടെയും മറ്റും പേരുവിവരങ്ങൾ വിട്ടു പറയാൻ ഇവർ തയാറാകുന്നില്ലെന്നാണ് പോലീസ് പറയുന്നത്.


<ആ>വാഗ്ദാനങ്ങൾ തന്ന പലരും തിരിഞ്ഞു നോക്കുന്നില്ലെന്നു ജിഷയുടെ അമ്മ

പെരുമ്പാവൂർ: നിരവധി വാഗ്ദാനങ്ങൾ തന്ന പലരും തെരഞ്ഞെടുപ്പു കഴിഞ്ഞതോടെ തങ്ങളെ തിരിഞ്ഞു നോക്കുന്നില്ലെന്ന് പെരുമ്പാവൂരിൽ കൊല്ലപ്പെട്ട നിയമവിദ്യാർഥിനി ജിഷയുടെ അമ്മ രാജേശ്വരി.

ഒരുപാട് സഹായവാഗ്ദാനങ്ങൾ നൽകിയിരുന്നു പലരും. ഒന്നും ലഭിച്ചിട്ടില്ലെന്നു മാത്രമല്ല, ആരും ഇങ്ങോട്ട് ഇപ്പോൾ വരാറുകൂടിയില്ലെന്നും പാവപ്പെട്ടവരായതുകൊണ്ടാണ് തിരിഞ്ഞുനോക്കാത്തതെന്നും രാജേശ്വരി പറഞ്ഞു.

പെരുമ്പാവൂർ താലൂക്കാശുപത്രിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു രാജേശ്വരി. തന്റെ മകൾ കൊലചെയ്യപ്പെട്ടിട്ട് 26 ദിവസങ്ങൾ പിന്നിട്ടിട്ടും പ്രതികളെ കണ്ടെത്താൻ പോലീസിനായിട്ടില്ല.

അന്വേഷണം ഇപ്പോൾ ഒരു പ്രഹസനം മാത്രമാണ്. നാട്ടിലുള്ളവർ തന്നെയാണ് പ്രതികൾ. പോലീസ് അവരെ സംരക്ഷിക്കുകയാണെന്നും കേസിൽ പോലീസ് ഒത്തുകളിക്കുകയാണെന്നും രാജേശ്വരി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.