കണ്ണൂരിൽ അക്രമം തുടരുന്നു; വീടുകൾ തകർത്തു, വാഹനങ്ങൾ കത്തിച്ചു
കണ്ണൂരിൽ അക്രമം തുടരുന്നു; വീടുകൾ തകർത്തു, വാഹനങ്ങൾ കത്തിച്ചു
Monday, May 23, 2016 1:32 PM IST
കണ്ണൂർ: കണ്ണൂർ ജില്ലയിൽ തെരഞ്ഞെടുപ്പിനുശേഷമുള്ള അക്രമങ്ങൾ തുടരുന്നു. വീടുകൾക്കും പാർട്ടി ഓഫീസിനും വാഹനങ്ങൾക്കുംനേരേ വിവിധ സ്‌ഥലങ്ങളിൽ അക്രമങ്ങളുണ്ടായി. തലശേരി ഇല്ലത്തുതാഴയിൽ സിപിഎം വയലളം ബ്രാഞ്ച് സെക്രട്ടറി ജ്യോഷി നിവാസിൽ വി.കെ സുരേന്ദ്രന്റെ വീട് തകർത്തു. ഇന്നലെ പുലർച്ചെ ഒന്നോടെയായിരുന്നു സംഭവം. പത്തോളം വരുന്ന ആയുധമേന്തിയ ബിജെപി–ആർഎസ്എസ് സംഘം സുരേന്ദ്രന്റെ വീട് വളഞ്ഞ് വീടിന്റെ ജനൽ ചില്ലുകൾ അടിച്ചു തകർക്കുകയും മഴുകൊണ്ട് വാതിൽ പൊളിക്കുകയുമാണ് ചെയ്തതെന്ന് സിപിഎം നേതാക്കൾ പറഞ്ഞു.

സുരേന്ദ്രന്റേയും കുടുംബാംഗങ്ങളുടേയും ബഹളംകേട്ട് നാട്ടുകാർ ഓടിയെത്തുമ്പോഴേക്കും അക്രമികൾ രക്ഷപ്പെട്ടിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് സിപിഎം ഇല്ലത്ത് താഴ, ഉക്കണ്ടൻപീടിക എന്നിവടങ്ങളിൽ ഇന്നലെ വൈകുന്നേരം ആറുവരെ ഹർത്താൽ ആചരിച്ചു. കൂത്തുപറമ്പ് കോട്ടയം തള്ളോട് വിമുക്‌തഭടൻ ഒ.സി.അനിലിന്റെ ശിവഗംഗ വീടിനുനേരേ കല്ലേറുണ്ടായി. ഞായറാഴ്ച രാത്രി 11.30 ഓടെയായിരുന്നു സംഭവം. ബൈക്കിലെത്തിയ സംഘമാണ് കല്ലേറ് നടത്തിയതെന്നു കരുതുന്നു. കതിരൂർ പോലീസ് സ്‌ഥലത്തെത്തി അന്വേഷണം നടത്തി.

ശ്രീകണ്ഠപുരം ചുഴലി കാവിൽമൂലയിൽ സിപിഎം പ്രവർത്തകരുടെ ബൈക്കുകൾ കത്തിച്ചു. പുളുക്കൂൽ സുരേഷ് ബാബു, സഹോദരൻ ബിജു എന്നിവരുടെ ബൈക്കുകളാണ് അഗ്നിക്കിരയാക്കിയത്. ഇന്നലെ പുലർച്ചെ രണ്ടോടെയായിരുന്നു സംഭവം. വീട്ടിലേക്ക് റോഡ് സൗകര്യമില്ലാത്തതിനാൽ നൂറു മീറ്റർ ദൂരെ സ്വകാര്യവ്യക്‌തിയുടെ പറമ്പിലാണ് ബൈക്കുകൾ പാർക്ക് ചെയ്യാറുള്ളത്. ഡീസൽ ടാങ്ക് പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ട് സമീപവാസികൾ എത്തിയപ്പോഴേക്കും ബൈക്കുകൾ പൂർണമായും കത്തിനശിച്ചിരുന്നു. വിവരമറിഞ്ഞ് ശ്രീകണ്ഠപുരം എഎസ്ഐ കെ. സിദ്ദീഖ്, സ്പെഷൽ ബ്രാഞ്ച് എസ്ഐ കെ.കെ. രവി എന്നിവർ സ്‌ഥലത്തെത്തി പരിശോധന നടത്തി. അക്രമികളെ ഉടൻ പിടികൂടണമെന്ന് സിപിഎം ചുഴലി ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.

കൂത്തുപറമ്പ് കോട്ടയം അങ്ങാടിയിലെ മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി ഓഫീസിനുനേരേ ആക്രമണമുണ്ടായി. ഇന്നലെ പുലർച്ചെയായിരുന്നു സംഭവം. ബോർഡുകളും പതാകകളും നശിപ്പിച്ചു. കൂടാതെ കൂവ്വപ്പാടി, ഓലായിക്കര, മൗവ്വേരി എന്നിവടങ്ങളിൽ സ്‌ഥാപിച്ച യുഡിഎഫിന്റെ കൊടിമരങ്ങളും പതാകകളും നശിപ്പിച്ചു. കതിരൂർ പോലീസ് സംഭവസ്‌ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

കതിരൂർ കുറ്റ്യംബസാറിലെ സിപിഎം പ്രവർത്തകൻ വിശാലിന്റെ കാർപോർച്ചിൽ നിർത്തിയിട്ടിരുന്ന കാറിന്റെ ചില്ലുകൾ ഇന്നലെ പുലർച്ചെ ഒന്നരയോടെ അക്രമികൾ തകർത്തു. ആനക്കണ്ടി ബസാറിൽ കോൺഗ്രസ് ഓഫീസായ രാജീവ്ഭവനുനേരേയുണ്ടായ കല്ലേറിൽ മൂന്നു ജനൽചില്ലുകൾ തകർന്നു. കൊല്ലിയോട് പി.കെ. ഷാജി എന്നയാളുടെ വീടിനുസമീപം ഏറുപടക്കമെറിഞ്ഞ് സംഘർഷാവസ്‌ഥ സൃഷ്‌ടിച്ചു.


<ആ>പയ്യന്നൂരിൽ കോളജ് അധ്യാപകരുടെ കാറുകൾ കത്തിച്ചു

പയ്യന്നൂർ: കോൺഗ്രസ് അനുകൂല അധ്യാപക സംഘടനാ പ്രവർത്തകരായ കോളജ് അധ്യാപകരുടെ കാറുകൾ കത്തിച്ചു. പയ്യന്നൂർ കോളജിലെ മലയാള വിഭാഗം അധ്യാപിക ഡോ. പി. പ്രജിത, ഹിന്ദി വിഭാഗം തലവൻ കെ.വി. ഉണ്ണികൃഷ്ണൻ എന്നിവരുടെ കാറുകളാണ് കത്തിച്ചത്. പയ്യന്നൂർ തായിനേരി മുച്ചിലോട്ട് ക്ഷേത്രത്തിനു സമീപത്താണ് രണ്ടുസംഭവങ്ങളും സമാനമായ രീതിയിൽ നടന്നത്.

കണ്ടോത്ത് താമസിക്കുന്ന പ്രജിത പിതാവും പയ്യന്നൂർ കോൺഗ്രസ് മണ്ഡലം മുൻ വൈസ് പ്രസിഡന്റുമായ പി.വി. കൃഷ്ണന്റെ വീട്ടിൽ കഴിഞ്ഞദിവസം എത്തിയതായിരുന്നു. ഇന്നലെ പുലർച്ചെ 2.15 ഓടെ ജനൽ ചില്ലുകൾ പൊട്ടുന്ന ശബ്ദംകേട്ട് പ്രജിതയുടെ മാതാവ് തമ്പായി എഴുന്നേറ്റു നോക്കുമ്പോൾ മുറ്റത്ത് കാർ കത്തുന്നതാണ് കണ്ടത്. അഗ്നിശമനസേനയെത്തിയാണു തീയണച്ചത്. കാർ പൂർണമായും കത്തിനശിച്ചു.

സമീപത്തുണ്ടായിരുന്ന കുട്ടികളുടെ രണ്ടു സൈക്കിളുകളും കത്തിനശിച്ചു. കത്തിച്ച കെഎൽ 59 ഡി 311 നമ്പർ കാർ മുമ്പ് പ്രജിതയുടെ കണ്ടോത്തെ വീട്ടിൽ വച്ചും ആക്രമിക്കപ്പെട്ടിരുന്നു. അന്നു കാറിന്റെ ചില്ലുകൾ അടിച്ചുതകർത്തിരുന്നു.

തായിനേരി അന്നൂർ റോഡിന്റെ പടിഞ്ഞാറു ഭാഗത്ത് താമസിക്കുന്ന പ്രഫ. ഉണ്ണികൃഷ്ണന്റെ വീടിന്റെ കാർഷെഡിൽ നിർത്തിയിട്ടിരുന്ന കെഎൽ 59 സി 8902 കാറാണ് കത്തിച്ചത്. ഇന്നലെ പുലർച്ചെയായിരുന്നു സംഭവം. അയൽവാസിയായ സുരേശനാണ് കാർ കത്തുന്ന വിവരം വീട്ടുകാരെ അറിയിക്കുന്നത്. അഗ്നിശമനസേനയെത്തി തീയണച്ചെങ്കിലും കാർ പൂർണമായും കത്തിനശിച്ചു.

കോൺഗ്രസ് അനുകൂല സംഘടനയായ കെപിസിടിഎയുടെ പ്രവർത്തകരാണ് ഇരുവരും. പയ്യന്നൂർ പോലീസ് സംഭവസ്‌ഥലത്തെത്തി അന്വേഷണം നടത്തി.

<ആ>പിണറായി കേളാലൂരിൽ കൊടുവാളുകൾ കണ്ടെത്തി

കൂത്തുപറമ്പ്: പിണറായി കേളാലൂരിൽ എട്ട് കൊടുവാളുകൾ കണ്ടെത്തി. ഇന്നലെ രാവിലെ കൂത്തുപറമ്പ് സിഐ കെ.എം. പ്രേംസദൻ, എസ്ഐ കെ.ജെ. വിനോയ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് കൊടുവാൾ കണ്ടെത്തിയത്.

സ്വകാര്യ വ്യക്‌തിയുടെ ആളൊഴിഞ്ഞ പറമ്പിൽ കവറിൽ പൊതിഞ്ഞു സൂക്ഷിച്ച നിലയിലായിരുന്നു ഇവ. കഴിഞ്ഞ ദിവസങ്ങളിൽ പിണറായി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ സിപിഎം–ആർഎസ്എസ് സംഘർഷം രൂക്ഷമായിരുന്നു. കടുത്ത സംഘർഷാവസ്‌ഥ നിലനിൽക്കുന്ന പ്രദേശങ്ങളായതുകൊണ്ട് പോലീസ് ശക്‌തമായ നടപടികൾ ആരംഭിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.