തോൽവി വിലയിരുത്താൻ ക്യാമ്പ് എക്സിക്യൂട്ടീവിന് കെപിസിസി
തോൽവി വിലയിരുത്താൻ ക്യാമ്പ് എക്സിക്യൂട്ടീവിന് കെപിസിസി
Monday, May 23, 2016 2:14 PM IST
തിരുവനന്തപുരം: തെരഞ്ഞെടുപ്പു പരാജയത്തിന്റെ വിലയിരുത്തലിനും പാർട്ടിയെ ശക്‌തിപ്പെടുത്തുന്നതിനു രൂപരേഖ തയാറാക്കുന്നതിനുമായി കെപിസിസി ജൂൺ നാല്, അഞ്ച് തീയതികളിൽ ക്യാമ്പ് എക്സിക്യൂട്ടീവ് നടത്തുമെന്ന് കെപിസിസി പ്രസിഡന്റ് വി.എം. സുധീരൻ. തെരഞ്ഞെടുപ്പിൽ മത്സരിച്ച കോൺഗ്രസ് സ്‌ഥാനാർഥികളെക്കൂടി പങ്കെടുപ്പിച്ചു കൊണ്ടായിരിക്കും രണ്ടു ദിവസത്തെ എക്സിക്യൂട്ടീവ് യോഗം.

ഇന്നലെ ചേർന്ന കെപിസിസി എക്സിക്യൂട്ടീവിൽ തെരഞ്ഞെടുപ്പു സംബന്ധിച്ച വിശകലനം നടന്നില്ല. ഡിസിസി പ്രസിഡന്റുമാർ ജില്ലാതല റിപ്പോർട്ടിംഗ് നടത്തിയ ശേഷം വിശദമായ ചർച്ച പിന്നീടു നടത്താമെന്നു തീരുമാനിക്കുകയായിരുന്നു. ക്രിയാത്മക പ്രതിപക്ഷമായി പ്രവർത്തിക്കുമെന്ന് വി.എം. സുധീരൻ നിർവാഹകസമി തി യോഗത്തിനു ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ പറ ഞ്ഞു. പ്രതിപക്ഷത്തിരിക്കാനുള്ള ജനവിധി അംഗീകരിക്കുന്നു. പുതിയ സർക്കാർ ചെയ്യുന്ന നല്ല കാര്യങ്ങൾക്കു പിന്തുണ നൽകും.

അടുത്ത മാസം ആദ്യം ചേരുന്ന ക്യാമ്പ് എക്സിക്യൂട്ടീവിൽ ആദ്യദിവസം മണ്ഡലം അടിസ്‌ഥാനത്തിൽ തെരഞ്ഞെടുപ്പു വിശകലനം നടത്തും. രണ്ടാം ദിവസം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു പാർട്ടിയെ സജ്‌ജമാക്കുന്നതിനുള്ള പടികൾക്കു രൂപം നൽകും.

പരാജയത്തിന്റെ ആഴം കുറച്ചുകാണുന്നില്ലെന്നു സുധീരൻ പറഞ്ഞു. മദ്യനയം തെരഞ്ഞെടുപ്പിൽ തിരിച്ചടിയായിട്ടില്ല. മദ്യലോബി അങ്ങനെയൊരു പ്രചാരണം അഴിച്ചുവിടുന്നുണ്ട്. എന്നാൽ, അതു ശരിയല്ല. മദ്യം മാത്രമല്ല തെരഞ്ഞെടുപ്പിൽ ചർച്ചയായത്. പല വിഷയങ്ങളിൽ ഒന്നു മാത്രമായിരുന്നു അത്. എൽഡിഎഫിനെ പരാജയപ്പെടുത്തുമെന്ന് വെള്ളാപ്പള്ളി നടേശൻ ഇടുക്കിയിലെ ഉടുമ്പൻചോലയിൽ പോയി പറഞ്ഞതുകൊണ്ട് അവിടെ എൽഡിഎഫ് ജയിച്ചു.


ഫലപ്രഖ്യാപനത്തിനു ശേഷം സംസ്‌ഥാനത്ത് വ്യാപക അക്രമങ്ങൾ നടക്കുകയാണ്. പിണറായിയിൽ ഉൾപ്പെടെ നാലു കോൺഗ്രസ് ഓഫീസുകൾ ആക്രമിക്കപ്പെട്ടു. ഇത്തരം അക്രമങ്ങൾ അംഗീകരിക്കാനാകില്ല. അക്രമപ്രവർത്തനത്തിനെതിരേ കർശന നടപടി വേണമെന്നും സുധീരൻ ആവശ്യപ്പെട്ടു.

നേതൃത്വത്തിന്റെ ഭാഗത്തുനിന്നു ചില വീഴ്ചകളുണ്ടായിട്ടുണ്ടെന്ന് എക്സിക്യൂട്ടീവ് യോഗത്തിന്റെ തുടക്കത്തിൽതന്നെ സുധീരൻ സമ്മതിച്ചു. തെരഞ്ഞെടുപ്പു പരാജയത്തേക്കുറിച്ചു വിശദമായ ചർച്ച ഇന്നലെ നടത്തേണ്ടെന്ന് ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും വി.എം. സുധീരനും എക്സിക്യൂട്ടീവ് യോഗത്തിനു മുമ്പായി യോഗം ചേർന്നു തീരുമാനിച്ചിരുന്നു.

<ആ>ഹൈക്കമാൻഡ് നിർദേശം ലഭിച്ചാലുടൻ പ്രതിപക്ഷനേതാവിനെ തെരഞ്ഞെടുക്കും: സുധീരൻ

തിരുവനന്തപുരം: ഹൈക്കമാൻഡ് നിർദേശം ലഭിച്ചാൽ ഉടൻതന്നെ പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കുമെന്നു കെപിസിസി പ്രസിഡന്റ് വി.എം. സുധീരൻ. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും താനും ഹൈക്കമാൻഡുമായി ആശയവിനിമയം നടത്തിയിരുന്നു. എന്നാൽ, തെരഞ്ഞെടുപ്പു തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്തു കെപിസിസി പ്രസിഡന്റ്സ്‌ഥാനം രാജിവയ്ക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന സൂചന സുധീരൻ നൽകി.

തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട പശ്ചാത്തലത്തിൽ പ്രതിപക്ഷനേതാവാകാനില്ലെന്ന ഉമ്മൻ ചാണ്ടിയുടെ നിലപാട് ചൂണ്ടിക്കാട്ടിയും, തെരഞ്ഞെടുപ്പിലെ പ്രകടനത്തിന് തുല്യഉത്തരവാദിത്വമാണെന്ന പ്രഖ്യാപനം ചൂണ്ടിക്കാട്ടിയുമായിരുന്നു സുധീരനോട് രാജിവയ്ക്കുമോ എന്ന ചോദ്യമുന്നയിച്ചത്. പരാജയത്തിൽനിന്നു പാഠം ഉൾക്കൊണ്ട് തിരുത്തലുകൾ വരുത്താനാണ് ഉദ്ദേശിക്കുന്നതെന്നായിരുന്നു സുധീരന്റെ മറുപടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.