തിരുവല്ലയുടെ മാത്യു ടി. വീണ്ടും മന്ത്രി പദത്തിലേക്ക്
തിരുവല്ലയുടെ മാത്യു ടി. വീണ്ടും മന്ത്രി പദത്തിലേക്ക്
Tuesday, May 24, 2016 12:24 PM IST
തിരുവല്ല: തിരുവല്ലക്കാരുടെ എംഎൽഎ വീണ്ടും മന്ത്രിയാകുന്നു. 54 കാരനായ മാത്യു ടി.തോമസ് ഇതു രണ്ടാംതവണയാണ് മന്ത്രിയാകുന്നത്. വി.എസ്. അച്യുതാനന്ദൻ മന്ത്രിസഭയിൽ 2006 മുതൽ 2009 വരെ അദ്ദേഹം ഗതാഗതം, പ്രിന്റിംഗ്, സ്റ്റേഷനറി വകുപ്പുകളുടെ മന്ത്രിയായിരുന്നു.

2009ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ ഭാഗമായിരുന്ന ജനതാദളിനു സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ചായിരുന്നു മാത്യു ടി.തോമസ് രാജിവച്ചത്. പിന്നീടുണ്ടായ രാഷ്ട്രീയ സംഭവവികാസങ്ങളിൽ എം.പി. വീരേന്ദ്രകുമാർ എൽഡിഎഫ് വിട്ടുവെങ്കിലും മാത്യു ടി.തോമസ് എൽഡിഎഫിൽ ഉറച്ചുനിന്നു. ജനതാദൾ എസിന്റെ സംസ്‌ഥാന പ്രസിഡന്റു കൂടിയായ അദ്ദേഹം കഴിഞ്ഞതവണ മന്ത്രിയായിരുന്നപ്പോൾ കെഎസ്ആർടിസിയെ ലാഭത്തിലെത്തിച്ചതിന്റെ നേട്ടവുമായാണ് വീണ്ടും അതേ വകുപ്പിലേക്ക് എത്തുന്നത്.

1987ലാണ് ആദ്യനിയമസഭാ വിജയം. എട്ടാം കേരള നിയമസഭയിൽ ബേബിയായിരുന്നു അന്ന് 25 കാരനായിരുന്ന മാത്യു ടി.തോമസ്. 1991ൽ പരാജയപ്പെട്ടെങ്കിലും 2006ൽ വീണ്ടും പാർട്ടി സീറ്റു നൽകിയപ്പോൾ വിജയം. 2011ലും തിരുവല്ലയെ പ്രതിനിധീകരിച്ചു.

മാർത്തോമ്മാ സഭയിലെ സീനിയർ വൈദികൻ പത്തനംതിട്ട മല്ലശേരി തൂമ്പുംപാട്ട് റവ. ടി തോമസിന്റെയും തിരുവല്ല എസ്സി സെമിനാരി ഹൈസ്കൂളിൽ അധ്യാപികയായിരുന്ന അന്നമ്മ തോമസി(കുഞ്ഞന്നാമ്മ)ന്റെയും മകനാണ്.


ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജ് പ്രിൻസിപ്പൽ ചേന്നങ്കേരി വാഴക്കാട്ട് കുടുംബാംഗം ഡോ. അച്ചാമ്മ അലക്സാണ് (സുധ) ഭാര്യ. രാജഗിരി എൻജിനീയറിംഗ് കോളജ് അസിസ്റ്റന്റ് പ്രഫസർ അച്ചു അന്ന മാത്യു, ബംഗളൂരുവിൽ ഡിഗ്രി വിദ്യാർഥിനി അമ്മു തങ്കം മാത്യു എന്നിവർ മക്കളാണ്.

വിദ്യാർഥിരാഷ്ട്രീയത്തിലൂടെയാണ് മാത്യു ടി.തോമസ് പൊതുരംഗത്തെത്തുന്നത്. തിരുവല്ല എസ്സിഎസിൽ ഹൈസ്കൂൾ വിദ്യാഭ്യാസവും മാർത്തോമ്മാ കോളജിൽനിന്ന് എംഎസ്സി ബിരുദവും നേടിയ മാത്യു ടി. തോമസ് തിരുവനന്തപുരം ഗവൺമെന്റ് ലോ കോളേജിലാണ് നിയമപഠനം പൂർത്തീകരിച്ചത്. അടിയന്തിരാവസ്‌ഥയോടുള്ള എതിർപ്പിനെത്തുടർന്നാണ് ജനതാ പാർട്ടിയിൽ ചേർന്നത്.

മാർത്തോമ്മാ കോളജ് യൂണിറ്റ് പ്രസിഡന്റ് സ്‌ഥാനം മുതൽ വിദ്യാർഥി ജനത സംസ്‌ഥാന പ്രസിഡന്റ് പദവി വരെ അദ്ദേഹം അലങ്കരിച്ചു. കേരള സർവകലാശാല, മഹാത്മാഗാന്ധി സർവകലാശാല യൂണിയനുകളിലും മാർത്തോമ്മാ കോളജിനെ പ്രതിനിധീകരിച്ചു. നിരവധി വിദ്യാർഥി സമരങ്ങൾക്ക് സംസ്‌ഥാനതലത്തിൽ നേതൃത്വം നൽകി അറസ്റ്റ് വരിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.