തിരുവനന്തപുരം മെഡിക്കൽ കോളജിൽ കരൾമാറ്റ ശസ്ത്രക്രിയ വിജയകരം
തിരുവനന്തപുരം മെഡിക്കൽ കോളജിൽ കരൾമാറ്റ ശസ്ത്രക്രിയ വിജയകരം
Tuesday, May 24, 2016 12:29 PM IST
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിഞ്ഞ ദിവസം നടന്ന കരൾമാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം. കരൾ മാറ്റിവച്ച പെരുമാതുറ തെരുവിൽ വീട്ടിൽ ബഷീറി (60) നെ ഐസിയുവിലേക്കു മാറ്റി. 17 മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് ബഷീറിന് കരൾ വച്ചുപിടിപ്പിച്ചത്്.

തിങ്കളാഴ്ച വൈകുന്നേരം അഞ്ചിനാരംഭിച്ച ശസ്ത്രക്രിയ ചൊവ്വാഴ്ച രാവിലെ 10 വരെ നീണ്ടു. ശസ്ത്രക്രിയ തീർന്നതോടെ ബഷീറിനെ, മെഡിക്കൽ കോളജിലെ ലിവർ ട്രാൻസ്പ്ലാന്റ് ഓപ്പറേഷൻ തിയറ്ററിൽനിന്നു പ്രത്യേകം സജ്‌ജമാക്കിയ ലിവർ ട്രാൻസ്പ്ലാന്റ് ഐസിയുവിലേക്കു മാറ്റി.

സർക്കാർ മേഖലയിൽ കേരളത്തിൽ ആദ്യമായാണു കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയത്. വാഹനാപകടത്തെത്തുടർന്ന് ചികിത്സയിൽ കഴിയവേ മസ്തിഷ്കമരണം സംഭവിച്ച പാറശാല പരശുവയ്ക്കൽ മലഞ്ചത്ത് പുത്തൻവീട്ടിൽ ധനീഷ് മോഹന്റ (17) കരളാണ് പെരുമാതുറ തെരുവിൽ വീട്ടിൽ ബഷീറിന്് (60) വച്ചുപിടിപ്പിച്ചത്.

തിരുവനന്തപുരം മെഡിക്കൽ കോളജിലേയും സർക്കാരുമായി കരാറിലേർപ്പെട്ട തിരുവനന്തപുരം കിംസിലേയും ഡോക്ടർമാരടങ്ങുന്ന സംഘമാണ് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയത്. മെഡിക്കൽ കോളജിലെ ശസ്ത്രക്രിയാ വിദഗ്ധരായ ഡോ. രമേഷ് രാജൻ, ഡോ. ബോണി നടേശൻ, ഡോ. സിന്ധു, ഡോ. ശ്രീജയ, അനസ്തറ്റിസ്റ്റുമാരായ ഡോ. ഉഷാദേവി, ഡോ. അനിൽ സത്യദാസ്, എന്നിവരും കിംസിലെ ശസ്ത്രക്രിയാ വിദഗ്ധരായ ഡോ. ബി. വേണുഗോപാൽ, ഡോ. ടി.യു. ഷബീർ അലി, ഡോ. ഷിറാസ് അഹമ്മദ്, അനസ്തറ്റിസ്റ്റുമാരായ ഡോ. ബദരിനാഥ്, ഡോ. കുസുമാ എച്ച്. മണി എന്നിവരും പാരാമെഡിക്കൽ, നഴ്സിംഗ് ജീവനക്കാരും ശസ്ത്രക്രിയകളിൽ പങ്കെടുത്തു.

മെഡിക്കൽ കോളേജ് പ്രിൻസിപ്പലും മൃതസഞ്ജീവനിയുടെ സംസ്‌ഥാന കൺവീനറുമായ ഡോ. തോമസ് മാത്യു, ആശുപത്രി സൂപ്രണ്ട് ഡോ. കെ. മോഹൻദാസ്, മൃതസഞ്ജീവനിയുടെ നോഡൽ ഓഫീസർ ഡോ. നോബിൾ ഗ്രേഷ്യസ്, ട്രാൻസ്പ്ലാന്റ് കോ–ഓർഡിനേറ്റർമാരായ പി.വി. അനീഷ്, എസ്.എൽ. വിനോദ്കുമാർ, വി. വിശാഖ്, എസ്. ശരണ്യ തുടങ്ങിയവരാണ് ശസ്ത്രക്രിയയ്ക്കായി ഏകോപനം നിർവഹിച്ചു.


സംസ്‌ഥാനത്തെ ഏതാനും സ്വകാര്യ ആശുപത്രികളിൽ നേരത്തേ കരൾമാറ്റ ശസ്ത്രക്രിയ നടത്തിയിരുന്നു. ഏറെ പണച്ചെലവുള്ളതാണ് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ.

സാധാരണക്കാർക്ക് സർക്കാർ ആശുപത്രി വഴി സൗജന്യമായി കരൾമാറ്റ ശസ്ത്രക്രിയ നടത്താനാണ് ലക്ഷ്യമിടുന്നത്്. ഇതിലേക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ 7.5 കോടി രൂപ ചെലവിൽ, ലിവർ ട്രാൻസ്പ്ലാന്റേഷൻ യൂണിറ്റ് ആരംഭിച്ചു.

മെഡിക്കൽ കോളജിന്റെ മുൻ വൈസ് പ്രിൻസിപ്പൽ ഡോ. കെ.ആർ. വിനയകുമാറിന്റെ നേതൃത്വത്തിൽ ഇതിലേക്കായി നടപടികൾ പൂർത്തിയാക്കി. സർക്കാരിന്റെ മൃതസഞ്ജീവനി പദ്ധതി മുഖേന 2012 ഓഗസ്റ്റ് മുതൽ നടത്തിവരുന്ന അഞ്ഞൂറ്റി എഴുപതാമത്തെ അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയാണ് ഇപ്പോൾ നടന്നത്. മസ്തിഷ്കമരണത്തിന് വിധേയരായ 212 പേരിൽനിന്നാണ് 570 പേർക്ക് പുതുജീവൻ ലഭിച്ചത്.

കേരളത്തിൽ സ്വകര്യമേഖലയിൽ നടക്കുന്ന മിക്ക കരൾമാറ്റിവയ്ക്കൽ ശസ്ത്രക്രിയകളും ജീവിച്ചിരിക്കുന്നവരുടെ കരളിനെ ആശ്രയിച്ചാണ് ശസ്ത്രക്രിയ നടത്തുന്നത്. ഇതു സങ്കീർണമായ ശസ്ത്രക്രിയയാണ്. ഇതുമായി ബന്ധപ്പെട്ട ആപൽസാധ്യത ഒഴിവാക്കാൻ മസ്തിഷ്ക്കമരണം സംഭവിച്ചവരിൽനിന്നും അവയവമെടുക്കുന്നത് (ഡിസീസ്ഡ് ഡോണർ ട്രാൻസ്പ്ലാന്റേഷൻ) പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. വികസിത രാജ്യങ്ങളിലെ 95 ശതമാനത്തോളം അവയവം മാറ്റിവയ്ക്കലുകളും ഇത്തരത്തിലാണ് നടക്കുന്നത്. ശസ്ത്രക്രിയ വിജയിച്ചതിനെ തുടർന്നു മുൻമന്ത്രി വി.എസ്. ശിവകുമാർ , ആശുപത്രി സന്ദർശിച്ച് ഡോക്ടർമാരെ അഭിനന്ദിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.