ഗൗരിയമ്മയെ കാണാൻ പിണറായി എത്തി
ഗൗരിയമ്മയെ കാണാൻ പിണറായി എത്തി
Tuesday, May 24, 2016 12:29 PM IST
ആലപ്പുഴ: ആലപ്പുഴയുടെ കുഞ്ഞമ്മ–കെ.ആർ. ഗൗരിയമ്മയെ കാണാൻ നിയുക്‌ത മുഖ്യമന്ത്രി പിണറായി വിജയൻ എത്തി. ഇന്നു നടക്കുന്ന സത്യപ്രതിജ്‌ഞയ്ക്കു നേരിട്ടു ക്ഷണിക്കാനാണു പിണറായിയും നിയുക്‌ത മന്ത്രിമാരായ ഇ.പി. ജയരാജൻ, ഡോ. തോമസ് ഐസക്, ജി. സുധാകരൻ, അരൂർ എംഎൽഎ എ.എം. ആരിഫ്, സിപിഎം ജില്ലാ സെക്രട്ടറി സജി ചെറിയാൻ, പി.പി. ചിത്തരഞ്ജൻ തുടങ്ങിയവരുമാണ് ഗൗരിയമ്മയുടെ ചാത്തനാട്ടെ വീട്ടിലെത്തിയത്.

ഉച്ചയ്ക്ക് ഒന്നരയോടെ എത്തിയ നിയുക്‌ത മുഖ്യമന്ത്രിയടക്കമുള്ള നേതാക്കളെ ജെഎസ്എസ് സംസ്‌ഥാന സെക്രട്ടറി ഗോപൻ, ജില്ലാ സെക്രട്ടറി സി.എം. അനിൽകുമാർ ബീന എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തകർ രക്‌തഹാരമണിയിച്ചു വീട്ടിലേക്കാനയിച്ചു. തികഞ്ഞ ആഹ്ലാദത്തോടെയായിരുന്നു ഗൗരിയമ്മയുടെ ആതിഥേയത്വം. തുടർന്ന് സിപിഎം ജില്ലാകമ്മിറ്റി ഒരുക്കിവച്ചിരുന്ന പിണറായിയുടെ അഞ്ചു ഫോട്ടോകൾ ആലേഖനം ചെയ്ത ജന്മദിന കേക്ക് അദ്ദേഹം മുറിച്ചു.


തുടർന്ന് ഗൗരിയമ്മയ്ക്കു നല്കി. അല്പം കുശലസംഭാഷണത്തിനുശേഷം വിഭവസമൃദ്ധമായ ഉച്ചഭക്ഷണം. കരിമീൻ വറുത്തതും വച്ചതും, താറാവുകറി, ചിക്കൻ, കൊഞ്ച് ഫ്രൈ, നെയ്മീൻ, അവിയൽ, സാമ്പാർ, അച്ചാർ തുടങ്ങിയവയുൾപ്പെട്ടതായിരുന്നു ഉച്ചഭക്ഷണം. തുടർന്നു ലഡുവിന്റെ മധുരം.

ഒടുവിൽ പുറത്തേക്കിറങ്ങിയ പിണറായി മാധ്യമപ്രവർത്തകരോടു സംസാരിച്ചു. ഗൗരിയമ്മയെ ക്ഷണിക്കാൻ വന്നതാണെന്നും അവർക്ക് തങ്ങളോടു പരിഭവമൊന്നുമില്ലെന്നും പറഞ്ഞു. ആരോഗ്യപ്രശ്നങ്ങളില്ലെങ്കിൽ സത്യപ്രതിജ്‌ഞാ ചടങ്ങിൽ പങ്കെടുക്കുമെന്നായിരുന്നു ഗൗരിയമ്മയുടെ മറുപടി. രണ്ടേകാലോടെ പിണറായിയും സംഘവും മടങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.