നൂനപക്ഷങ്ങളെ സംരക്ഷിക്കാൻ കോൺഗ്രസിനു കഴിയില്ലെന്ന പ്രചാരണം ആശങ്ക പരത്തി: തങ്കച്ചൻ
നൂനപക്ഷങ്ങളെ സംരക്ഷിക്കാൻ കോൺഗ്രസിനു കഴിയില്ലെന്ന പ്രചാരണം ആശങ്ക പരത്തി: തങ്കച്ചൻ
Tuesday, May 24, 2016 12:35 PM IST
തിരുവനന്തപുരം: ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാൻ കോൺഗ്രസിനു കഴിയില്ലെന്ന സിപിഎമ്മിന്റെ പ്രചാരണം തെരഞ്ഞെടുപ്പിൽ ജനങ്ങൾക്കിടയിൽ ആശങ്കയ്ക്കിടയാക്കിയതായി യുഡിഎഫ്. ഇതു വർഗീയധ്രുവീകരണത്തിന് വഴിവച്ചെന്ന് ഇന്നലെ ചേർന്ന യുഡിഎഫ് യോഗത്തിൽ അഭിപ്രായം ഉയർന്നതായി കൺവീനർ തങ്കച്ചൻ പത്രസമ്മേളനത്തിൽ അറിയിച്ചു.

മാർക്സിസ്റ്റ് പാർട്ടി ചില പ്രദേശങ്ങളിൽ മുസ്ലിംകളുടെ കുടുംബയോഗങ്ങൾ വരെ വിളിച്ചുചേർത്തത് ഇതിന്റെ ഉദാഹരണമാണ്. അവസാനഘട്ടത്തിൽ സർക്കാർ ഇറക്കിയ ഉത്തരവുകൾ ജനങ്ങൾക്കിടയിൽ പല സംശയങ്ങൾക്കും ഇടനല്കി. ഇതു തെരഞ്ഞെടുപ്പ് പ്രകടനത്തെ ബാധിച്ചിട്ടുണ്ട്. ജനവിധി പൂർണമായും അംഗീകരിക്കുന്നു.തെരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് യുഡിഎഫ് പറഞ്ഞതുപോലെയാണ് ഇപ്പോൾ സംസ്‌ഥാനത്ത് ആക്രമണങ്ങൾ അരങ്ങേറുന്നത്. എൽഡിഎഫും എൻഡിഎയും ആക്രമണങ്ങൾ അഴിച്ചുവിടുകയാണ്. ഇതിനോടകംതന്നെ സംസ്‌ഥാനത്ത് 142 സ്‌ഥലങ്ങളിൽ ചെറുതും വലുതുമായുള്ള ആക്രമണങ്ങൾ നടന്നുകഴിഞ്ഞു. രണ്ടു ജീവനുകളും നഷ്‌ടമായി. അധികാരം ഏൽക്കുന്നതിനുമുമ്പ് ഇതാണ് സ്‌ഥിതിയെങ്കിൽ ഇത് എവിടെച്ചെന്ന് അവസാനിക്കുമെന്നു തങ്കച്ചൻ ചോദിച്ചു. ആക്രമണങ്ങളെ നിസഹായതയോടെ നോക്കിനില്ക്കാൻ സാധിക്കില്ല. പല തലങ്ങളിൽ ഇതു ചെറുക്കേണ്ടിവരും. ജൂൺ എട്ടിനു നടക്കുന്ന യുഡിഎഫ് യോഗത്തിൽ ഇക്കാര്യത്തിൽ കൂടുതൽ വ്യക്‌തമായ തീരുമാനങ്ങൾ കൈക്കൊള്ളുമെന്നും പി.പി. തങ്കച്ചൻ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.