ഡീസൽ വാഹന വിലക്ക്: വിധി നടപ്പായാൽ 35,000 ജീവനക്കാർക്കു പട്ടിണി
ഡീസൽ വാഹന വിലക്ക്: വിധി നടപ്പായാൽ 35,000 ജീവനക്കാർക്കു പട്ടിണി
Tuesday, May 24, 2016 12:35 PM IST
<ആ>സ്വന്തം ലേഖകൻ

തൃശൂർ: പത്തു വർഷത്തിൽ കൂടുതൽ പഴക്കമുള്ള ഡീസൽ വാഹനങ്ങൾ ആരുടെയും വാദം കേൾക്കാതെ ഒറ്റയടിക്ക് നിരോധിച്ച ഹരിത ട്രൈബ്യൂണൽ വിധിക്കെതിരേ നീങ്ങാൻ കേരള സ്റ്റേറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ നടപടികൾ ആരംഭിച്ചു. ഉടൻതന്നെ സംസ്‌ഥാന കമ്മിറ്റി ചേരുമെന്നു സംസ്‌ഥാന വൈസ് പ്രസിഡന്റും ജില്ലാ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജില്ലാ ജനറൽ സെക്രട്ടറിയുമായ ആന്റോ ഫ്രാൻസിസ് ദീപികയോടു പറഞ്ഞു.

എതിർവാദം കേൾക്കാതെയും ഒരു ബദൽ സംവിധാനവും ചൂണ്ടിക്കാണിക്കാതെയുമാണ് ട്രൈബ്യൂണൽ വിധി പ്രസ്താവിച്ചിരിക്കുന്നത്. ഈ വിധി നടപ്പാക്കിയാൽ സംസ്‌ഥാനത്തെ ഏഴായിരത്തോളം സ്വകാര്യ ബസുകൾ നിരത്തിൽനിന്നു പിൻവലിക്കേണ്ടിവരും. ഇതോടെ പൊതുഗതാഗത സംവിധാനം ആകെ തകരുമെന്നു മാത്രമല്ല, ആയിരക്കണക്കിനാളുകൾ പണിയില്ലാതെ പട്ടിണിയിലേക്കു നീങ്ങും. സ്വകാര്യ ബസ് ഉടമകൾക്കു പുറമേ സ്വകാര്യ ബസ് ജീവനക്കാരുടെ 35,000ത്തോളം കുടുംബങ്ങളും പട്ടിണി കിടക്കേണ്ടിവരും.

നിലവിൽ ബസുകൾക്കുള്ള 15 വർഷ കാലാവധി 20 വർഷത്തേക്കു നീട്ടണമെന്നാവശ്യപ്പെട്ടു ബസുടമകൾ സർക്കാരിനു നിവേദനം നൽകി കാത്തിരിക്കുമ്പോഴാണ് ഇടിത്തീ പോലെ ട്രൈബ്യൂണൽ വിധി വന്നിരിക്കുന്നത്. ഒരു ബസ് നിരത്തിലിറക്കണമെങ്കിൽ 26 ലക്ഷം രൂപ വേണം. ഇപ്പോൾതന്നെ ലോണെടുത്തും മറ്റുമാണ് ബഹുഭൂരിപക്ഷം ഉടമകളും ബസുകൾ ഇറക്കിയിട്ടുള്ളത്. ഈ ലോൺ തിരിച്ചടച്ചു കഴിയുമ്പോഴേക്കും പുതിയ ബസ് വാങ്ങിക്കാറാകും. അതിനാലാണ് 15 വർഷമെന്നത് 20 വർഷമാക്കണമെന്നാവശ്യപ്പെട്ട് നിവേദനം നല്കി കാത്തിരിക്കുന്നത്.


ട്രൈബ്യൂണൽ വിധി ഉടൻ നടപ്പിലായാൽ കടമെടുത്തു ബസ് ഓടിക്കുന്നവർ ആത്മഹത്യ ചെയ്യേണ്ട ഗതികേടിലെത്തുമെന്നു ബസ് ഉടമകൾ പറയുന്നു.

സ്വകാര്യബസ് വ്യവസായം മാത്രമല്ല കെഎസ്ആർടിസിയും പൂട്ടേണ്ട സ്‌ഥിതിയിലാകും. 2700 കെഎസ്ആർടിസി ബസുകൾ പത്തുവർഷം കഴിഞ്ഞതാണെന്നാണു കണക്ക്. ഈ ബസുകൾ ഒറ്റയടിക്കു മാറ്റിയാൽ പൊതുജനങ്ങൾ കഷ്‌ടത്തിലാകും.

രണ്ടായിരം സിസിക്കു മുകളിലുള്ള ഡീസൽ വാഹനങ്ങൾ രജിസ്ട്രേഷൻ നടത്താനാകില്ലെന്ന നിയമം വരുന്നതോടെ കേരളത്തിലെ വാഹന ഡീലർമാർക്കും കോടികളാണ് നഷ്‌ടമാകുക. നിലവിൽ ആയിരക്കണക്കിന് ആളുകളാണ് രണ്ടായിരം സിസിക്കു മുകളിലുള്ള എസ്യുവിയും മറ്റു വാഹനങ്ങളും ബുക്ക് ചെയ്തിരിക്കുന്നത്. ഇവരൊക്കെ വാഹനം വാങ്ങുന്നതിൽനിന്നു പിന്മാറിയാൽ കോടികൾ ഡീലർമാർക്കു നഷ്‌ടമാകും.

സാധാരണക്കാർ മുതൽ വൻകിടക്കാരെവരെ ബാധിക്കുന്ന ഇത്തരം വിധിക്കെതിരെ എത്രയും പെട്ടെന്നു ബദൽ നടപടികളെടുക്കാൻ സർക്കാർ ശ്രമിച്ചില്ലെങ്കിൽ കേരളം സ്തംഭിക്കുന്ന അവസ്‌ഥയിലേക്ക് എത്തുമെന്നു ബസുടമകൾ പറഞ്ഞു. കേരളത്തിൽ ഓടിക്കൊണ്ടിരിക്കുന്ന ലോറികളെയും ഇതു ബാധിക്കുന്നതിനാൽ ഭാവിയിൽ ചരക്കു നീക്കവും തടസപ്പെടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.