നെടുമ്പാശേരിയിൽനിന്ന് ആദ്യ ഹജ്‌ജ് വിമാനം ഓഗസ്റ്റ് 22ന്
Wednesday, May 25, 2016 12:11 PM IST
നെടുമ്പാശേരി: ഈ വർഷത്തെ ആദ്യഹജ്‌ജ് വിമാനം ഓഗസ്റ്റ് 22ന് നെടുമ്പാശേരി അന്താരാഷ്ര്‌ട വിമാനത്താവളത്തിൽനിന്ന് പറന്നുയരുമെന്ന് കേരള സംസ്‌ഥാന ഹജ്‌ജ് കമ്മിറ്റി ചെയർമാൻ കോട്ടുമല ബാപ്പു മുസ്ലിയാർ പറഞ്ഞു. ഹജ്‌ജ് ക്യാമ്പാകുന്ന സിയാൽ എയർക്രാപറ്റ് മെയിന്റനൻസ് ഹാങ്കറുകളും അനുബന്ധ സംവിധാനങ്ങൾ സംബന്ധിച്ച ക്രമീകരണങ്ങളും നേരിൽ കണ്ടശേഷം ഹജ്‌ജ് കമ്മിറ്റി അംഗങ്ങളും സിയാൽ ഉദ്യോഗസ്‌ഥരുമായി ചർച്ച നടത്തിയശേഷം മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓഗസ്റ്റ് 22 മുതൽ സെപ്റ്റംബർ അഞ്ചുവരെയാണ് ഹജ്‌ജ് സർവീസ്. 450 സീറ്റുള്ള രണ്ടു വിമാനങ്ങൾ ദിവസേന ഉണ്ടായിരിക്കും. മടക്കയാത്ര സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 11വരെ തീയതികളിലായിരിക്കും. സൗദി അറേബ്യൻ എയർലൈൻസിന്റെ വിമാനങ്ങളാണ് ഈ വർഷം ഹജ്‌ജ് സർവീസ് നടത്തുന്നത്.


ഈവർഷത്തെ ഹജ്‌ജ് തീർഥാടനത്തിന് സവിശേഷതകളേറെയാണെന്ന് ചെയർമാൻ കോട്ടുമല ബാപ്പുമല ബാപ്പു മുസ്ലിയാർ അറിയിച്ചു. ഈ വർഷം ഹാജിമാരുടെ എണ്ണം പതിനായിരത്തോളമാകും. ഇത് സർവകാല റിക്കാർഡാണ്. കഴിഞ്ഞവർഷം ഹാജിമാർ ഏഴായിരത്തിൽ താഴെയായിരുന്നു. 70 വയസു കഴിഞ്ഞ എല്ലാവർക്കും അഞ്ചുതവണ അപേക്ഷിച്ച എല്ലാവർക്കും ഇത്തവണ അവസരം ലഭിച്ചു. ഇത്തവണത്തെ ഹാജിമാരിൽ 1626 പേർ 70 വയസ് കഴിഞ്ഞവരാണ്. 8325 പേർ അഞ്ച് വർഷം അപേക്ഷിച്ചവരാണ്. കേരള ഹജ്‌ജ് കമ്മിറ്റിയുടെ അപേക്ഷ സംസ്‌ഥാന – കേന്ദ്ര സർക്കാർ പരിഗണിച്ചതിനാലാണ് ഇത്രയും പേർക്ക് അവസരം ലഭിച്ചതെന്ന് ബാപ്പു മുസ്ലിയാർ വ്യക്‌തമാക്കി. ലക്ഷദ്വീപ്, മാഹി, പോണ്ടിച്ചേരി എന്നിവിടങ്ങളിൽനിന്നുള്ള ഹാജിമാരും നെടുമ്പാശേരി വഴിയായിരിക്കും പോവുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.