രാഷ്ട്രീയമാറ്റം കർഷകരോഷത്തിന്റെ പ്രതിഫലനമെന്ന് ഇൻഫാം
Wednesday, May 25, 2016 12:19 PM IST
കൊച്ചി: കാർഷിക, ഗ്രാമീണ മേഖലയിലെ ജനങ്ങൾ നേരിടുന്ന സാമ്പത്തിക തകർച്ചയിൽ നിന്നുള്ള രോഷത്തിന്റെ പ്രതിഫലനമാണു കേരളത്തിലെ ഇപ്പോഴത്തെ രാഷ്ട്രീയമാറ്റങ്ങൾക്കു വഴിതെളിച്ചതെന്നു ഇൻഫാം മധ്യമേഖലാ സമിതി. കാർഷിക ഉത്പന്നങ്ങളുടെ വിലയിടിവും പ്രകൃതിദുരന്തങ്ങളും മൂലം ജനം കടുത്ത പ്രതിസന്ധി നേരിട്ടപ്പോൾ ഉദ്ഘാടനങ്ങളും തറക്കല്ലിടലുകളുമാണു സർക്കാർ ചെയ്തത്. സർക്കാർ ഓഫീസുകളുടെ പ്രവർത്തനം തികച്ചും നിരാശാജനകവും നിഷേധാത്മകവും അഴിമതി നിറഞ്ഞതുമായിരുന്നു.

കാർഷികമേഖലയുടെ വികസനമാണു ജനതയുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള പ്രധാന ഘടകം. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിനെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി യോജിപ്പിക്കാനുള്ള നടപടികൾ പ്രതിഷേധാർഹമാണ്. സംസ്‌ഥാന സർക്കാരിനു കാർഷിക നയരേഖ നൽകുന്നതിന് ഇൻഫാം ദേശീയ ട്രസ്റ്റി ഡോ.എം.സി. ജോർജിനെ ചുമതലപ്പെടുത്തി.


ഫാ. ജോസ് മോനിപ്പള്ളി അധ്യക്ഷത വഹിച്ചു. സംസ്‌ഥാന കൺവീനർ ജോസ് ഇടപ്പാട്ട്, വൈസ് ചെയർമാൻ മൈതീൻ ഹാജി, ദേശീയ ട്രഷറർ ജോയി തെങ്ങുംകുടി, ജില്ലാ പ്രസിഡന്റുമാരായ അഡ്വ. പി.എസ്. മൈക്കിൾ, ജോയി പള്ളിവാതുക്കൽ, കെ.എസ്. മാത്യു, ഇടുക്കി ജില്ലാ സെക്രട്ടറി ജെയിംസ് പള്ളിയ്ക്കമാലിൽ, മൂവാറ്റുപുഴ മേഖല പ്രസിഡന്റ് റോയി വള്ളമറ്റം എന്നിവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.