വാഹന സബ് ഡീലർമാർക്കും ട്രേഡ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി
Friday, May 27, 2016 12:30 PM IST
തിരുവനന്തപുരം: വാഹന വില്പന നടത്തുന്ന എല്ലാ സബ് ഡീലർമാരും മോട്ടോർ വാഹന നിയമ പ്രകാരമുള്ള ട്രേഡ് സർട്ടിഫിക്കറ്റുകൾ കരസ്‌ഥമാക്കണമെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ ഉത്തരവിട്ടു. വാഹനങ്ങൾ ഷോറൂമുകളിൽ പ്രദർശിപ്പിക്കുന്നതിനും സർവീസ് ചെയ്യുന്നതിനും ഉപഭോക്‌താക്കൾക്കു മുൻപിൽ മാതൃകയായി കാണിക്കുന്നതിനുമായി ട്രേഡ് സർട്ടിഫിക്കറ്റുകൾ ഉപയോഗിക്കാനും തീരുമാനമായി. ട്രാൻസ്പോർട്ട് കമ്മീഷണറേറ്റിൽ ചേർന്ന വാഹന നിർമാതാക്കളുടെയും ഡീലർമാരുടെയും സബ് ഡീലർമാരുടെയും യോഗത്തിനു ശേഷമാണ് തീരുമാനം.

ഇപ്പോൾ കേരളത്തിലെ സബ് ഡീലർമാർ മറ്റു സ്‌ഥലങ്ങളിലെ ഡീലറുടെ ബിൽ ഉപയോഗിച്ചാണ് വില്പന നടത്തുന്നത്. അംഗീകൃത ഡീലർമാരുടെ സബ് ഡീലർമാരായി പ്രവർത്തിച്ചു വരുന്നവർക്ക് അംഗീകാരം ലഭിക്കുന്നതിന് വാഹന നിർമാതാക്കൾ അവരുടെ ചട്ടങ്ങളിൽ ആവശ്യമായ ഇളവുകൾ വരുത്തി അംഗീകാരപത്രം നൽകാനും കമ്മീഷണർ നിർദേശിച്ചു.


വാഹന നിർമാതാക്കളുടെ അംഗീകാരമില്ലാത്തതും ട്രേഡ് സർട്ടിഫിക്കറ്റ് ഇല്ലാതെ വാഹന വില്പന നടത്തുന്ന സബ് ഡീലർമാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ ടോമിൻ ജെ. തച്ചങ്കരി അറിയിച്ചു. ട്രേഡ് സർട്ടിഫിക്കറ്റുകൾ കരസ്‌ഥമാക്കാൻ ജൂലൈ 15 വരെയാണ് സമയം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.