പ്രഫ. ആന്റണി ഐസക്കിന്റെ സംസ്കാരം ഇന്ന്
പ്രഫ. ആന്റണി ഐസക്കിന്റെ സംസ്കാരം ഇന്ന്
Friday, May 27, 2016 12:43 PM IST
കൊച്ചി: അന്തരിച്ച പ്രമുഖ കോൺഗ്രസ് നേതാവും സാമ്പത്തിക വിദഗ്ധനുമായ പ്രഫ.ആന്റണി ഐസക്കിന്റെ(73) സംസ്കാരം ഇന്നു നടക്കും. പാലാരിവട്ടം ആലിൻചുവട്ടിലുള്ള വസതിയിൽ രാവിലെ ഒമ്പതിനു സംസ്കാര ശ്രുശ്രൂഷകൾ ആരംഭിക്കും. വരാപ്പുഴ ആർച്ച്ബിഷപ് ഡോ. ഫ്രാൻസിസ് കല്ലറയ്ക്കൽ ശ്രുശ്രൂഷകൾക്കു മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് ആലപ്പുഴയിലേക്കു കാണ്ടുപോകുന്ന മൃതദേഹം 11നു മാരാരിക്കുളം സെന്റ് അഗസ്റ്റിൻസ് പള്ളിയിൽ സംസ്കരിക്കും.

ഇന്നലെ രാവിലെ 10.30നു കളമശേരി സെന്റ് പോൾസ് കോളജിലും തുടർന്നു വസതിയിലും പൊതുദർശനത്തിനുവച്ച മൃതദേഹത്തിൽ സമൂഹത്തിന്റെ നാനാതുറകളിലുള്ളവർ അന്ത്യാഞ്ജലിയർപ്പിച്ചു. കോട്ടപ്പുറം ബിഷപ് ഡോ.ജോസഫ് കാരിക്കാശേരി, മുൻ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ്, കോൺഗ്രസ് ദേശീയ വക്‌താവ് പി.സി. ചാക്കോ, നിയുക്‌ത എംഎൽഎ പി.ടി. തോമസ്, ഡപ്യൂട്ടി മേയർ ടി.ജെ. വിനോദ് തുടങ്ങിയവർ അന്തിമോപചാരമർപ്പിച്ചു.


കേരള സമൂഹത്തിനും ലത്തീൻ സമുദായത്തിനും നിസ്തുല സംഭാവനകൾ നൽകിയ വ്യക്‌തിയായിരുന്നു പ്രഫ. ആന്റണി ഐസക്കെന്നു വരാപ്പുഴ ആർച്ച്ബിഷപ് ഡോ.ഫ്രാൻസിസ് കല്ലറയ്ക്കൽ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

നേതൃപാടവവും സംഘാടനമികവും അഗാധമായ പാണ്ഡിത്യവും അദ്ദേഹത്തിന്റെ ജീവിതവീഥിയിൽ വഴിവിളക്കുകളായി. കളമശേരി സെന്റ് പോൾസ് കോളജിന്റെ ഇന്നത്തെ ഔന്നത്യത്തിന് അവിടെ പ്രിൻസിപ്പലായിരുന്ന ആന്റണി ഐസക്കിന്റെ പ്രവർത്തനങ്ങൾ ഏറെ സഹായകരമായിരുന്നിട്ടുണ്ട്. പിഎസ്സി അംഗം, ജിസിഡിഎ ചെയർമാൻ എന്നീ സ്‌ഥാനങ്ങളിലും അദ്ദേഹം ദീർഘവീക്ഷണത്തോടെ പ്രവർത്തിച്ചെന്നും ആർച്ച്ബിഷപ് അനുസ്മരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.