പൂവരണി പീഡനം: പ്രതികൾക്ക് 22 വർഷം വരെ തടവും പിഴയും
പൂവരണി പീഡനം: പ്രതികൾക്ക് 22 വർഷം വരെ തടവും പിഴയും
Friday, May 27, 2016 12:43 PM IST
കോട്ടയം: ഉറ്റബന്ധുവായ പെൺകുട്ടിയ പെൺവാണിഭത്തിനും പണസമ്പാദനത്തിനുമായി മറ്റുള്ളവർക്കു കാഴ്ച്ചവച്ച പൂവരണി പീഡനക്കേസിൽ ഒന്നാംപ്രതി ലിസി ടോമിക്ക് 18 വർഷം കഠിനതടവും രണ്ടരലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴയൊടുക്കിയില്ലെങ്കിൽ മൂന്നു വർഷം അധികം തടവ് അനുഭവിക്കണം. ഒന്നു മുതൽ ആറു വരെ പ്രതികളുടെ ശിക്ഷ ഇന്നലെ അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി ഒന്ന് (സ്പെഷൽ) ജഡ്ജി കെ. ബാബുവാണു പ്രഖ്യാപിച്ചത്. ഒന്നു മുതൽ ആറു വരെയുള്ള പ്രതികൾ കുറ്റക്കാരെന്നു കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു.

അയർക്കുന്നം താളിക്കല്ല് മുണ്ടൻതറയിൽ ടോമി തോമസിന്റെ ഭാര്യ ലിസി ടോമി (48)യാണു ഒന്നാംപ്രതി. 366 (എ), 372 എന്നീ വകുപ്പുകൾ പ്രകാരം ഏഴ് വർഷം വീതം കഠിനതടവും ഒരു ലക്ഷം രൂപ വീതം പിഴയും 120 (ബി) പ്രകാരം നാലു വർഷം തടവും 50,000 രൂപ പിഴയുമാണ് ശിക്ഷിച്ചത്. ഇവർക്ക് ശിക്ഷ ഒന്നിച്ച് ഏഴു വർഷം അനുഭവിച്ചാൽ മതിയാകും.

രണ്ടാംപ്രതി ഈരാറ്റുപേട്ട തീക്കോയി വടക്കേൽ ജോമിനിക്കും (33) ഭർത്താവും മൂന്നാം പ്രതിയുമായ പൂഞ്ഞാർ വേലത്തുശേരി ചങ്ങാരിപ്പറമ്പിൽ ജ്യോതിഷിനും (35) 22 വർഷം കഠിനതടവും മൂന്നര ലക്ഷം പിഴയും വിധിച്ചു. പിഴ നൽകിയില്ലെങ്കിൽ നാല് വർഷം അധികം തടവ് അനുഭവിക്കണം. ജോമിനിക്കും ജ്യോതിഷിനും 366 (എ), 372, 373 പ്രകാരം ആറു വർഷം വീതം കഠിനതടവും ഓരോ ലക്ഷം രൂപ വീതം പിഴയും 120 (ബി) യിൽ നാല് വർഷം കഠിനതടവും 50,000 രൂപ പിഴയുമാണ് ഒടുക്കേണ്ടത്. ഇരുവർക്കും ആറ് വർഷം ഒരേകാലയളവിൽ ശിക്ഷ അനുഭവിച്ചാൽ മതിയാകും.

നാലാംപ്രതി പൂഞ്ഞാർ തെക്കേക്കര കുന്നോന്നി കൊട്ടാരംപറമ്പിൽ തങ്കമണി (മിനി–48)ക്ക് ആറു വർഷം തടവും 35,000 രൂപ പിഴയും ഒടുക്കണം. പിഴയൊടുക്കിയില്ലെങ്കിൽ ഒരു വർഷം അധികതടവ് അനുഭവിക്കണം. തങ്കമണിക്കു 373 പ്രകാരം നാല് വർഷം തടവും 25,000 രൂപ പിഴയും 120 (ബി) രണ്ടു വർഷം തടവും 10,000 രൂപ പിഴയുമാണു ഒടുക്കേണ്ടത്. തങ്കമണിക്കു നാല് വർഷം ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയാകും.

അഞ്ചാം പ്രതി കൊല്ലം തൃക്കടവൂർ തൃക്കരിവാ ഉത്രട്ടാതിയിൽ സതീഷ്കുമാറി (60)ന് 14 വർഷം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ ലഭിച്ചു. പിഴയൊടുക്കിയില്ലെങ്കിൽ രണ്ടു വർഷം അധികതടവ് അനുഭവിക്കണം. ശിക്ഷ ആറു വർഷം ഒരുമിച്ചു അനുഭവിച്ചാൽ മതിയാകും. 366 (എ) പ്രകാരം ആറു വർഷം തടവ് ഒരു ലക്ഷം പിഴയും 372, 120 (ബി) പ്രകാരം നാല് വർഷം വീതം കഠിനതടവും 50,000 രൂപ വീതം പിഴയുമാണ് ശിക്ഷിച്ചത്. ആറാം പ്രതി തൃശൂർ പാറക്കടവ് മാലംകല്ലുദേശം അരിമ്പൂരിൽ കിഴക്കുംപുറത്ത് രാഖിയ്ക്ക് (33)14 വർഷം കഠിനതടവും 85,000 രൂപ പിഴയും ഒടുക്കണം. പിഴയൊടുക്കിയില്ലെങ്കിൽ രണ്ടു വർഷം അധികം തടവ് അനുഭവിക്കണം. 366 (എ), 372, 373 വകുപ്പ് പ്രകാരം നാല് വർഷം വീതം തടവും 25,000 രൂപ വീതം പിഴയും നല്കണം. 120 (ബി) പ്രകാരം രണ്ടു വർഷവും തടവും 10,000 രൂപ പിഴയും ഒടുക്കണം. നാല് വർഷം ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയാകും. വിചാരണകാലത്തെ ജയിൽവാസം ശിക്ഷയായി പരിഗണിച്ച് തടവിന് ഇളവ് ലഭിക്കും. പ്രതികൾ അടയ്ക്കുന്ന പിഴ തുക പെൺകുട്ടിയുടെ അമ്മയ്ക്കു നൽകണം. പ്രതികളുടെ ഭീഷണിയും കൈയേറ്റവും സഹിക്കാനാവാതെ പെൺകുട്ടി യുടെ മാതാപിതാക്കൾ തമിഴ്നാട്ടിലെ ഉശിലാംപെട്ടിയിലാണ് താമസം.


ഏഴാം പ്രതി ഷാൻ കെ. ദേവസ്യ, എട്ടാം പ്രതി പാലാ രാമപുരം ഇമ്പാനിക്കൽ ജോബി ജോസഫ് (44), ഒമ്പതാം പ്രതി ജയൻ ദയാനന്ദൻ, 11–ാംപ്രതി രാമപുരം ഇല്ലിക്കൽ ബിനോ അഗസ്റ്റിൻ (35), 12–ാംപ്രതി ജോഷിൻ എന്നിവരെയാണു കോടതി വിട്ടയച്ചത്. വിചാരണയ്ക്കിടെ കേസിലെ 10–ാംപ്രതി ഉല്ലാസ് ജീവനൊടുക്കിയിരുന്നു. കൂറുമാറിയ പ്രോസിക്യൂഷൻ സാക്ഷിയായ വടവാതൂർ സ്വദേശി അനശ്വരയ്ക്കെതിരെ (അമ്പിളി) നടപടി സ്വീകരിക്കുമെന്നു പ്രോസിക്യൂഷൻ അറിയിച്ചു.

പൂവരണി സ്വദേശിയായ പതിമൂന്നുകാരിയെ വീട്ടുജോലിക്കെന്ന വ്യാജേന തട്ടിക്കൊണ്ടു പോയി പലർക്കായി കാഴ്ചവച്ചതായാണു പ്രോസിക്യൂഷൻ കേസ്. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി, പണത്തിനായി വില്പന നടത്തി, ഗൂഢാലോചന നടത്തി തുടങ്ങിയ കുറ്റങ്ങളാണു കേസിലെ 12 പ്രതികൾക്കെതിരെയും ചുമത്തിയിരുന്നത്. 2007 ഓഗസ്റ്റ് മുതലുണ്ടായ പീഡനത്തെത്തുടർന്നു എയ്ഡ്സ് ബാധിതയായ പെൺകുട്ടി 2008 മേയ് അഞ്ചിനു തേനി മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിക്കുകയും അവിടെ സംസ്കരിക്കുകയും ചെയ്തു. മരണശേഷം 2008 മേയ് 27നാണ് ബന്ധുവായ സ്ത്രീ തന്റെ മകളെ പലർക്കും കാഴ്ചവച്ചതായി പൂവരണി സ്വദേശിനി പോലീസിൽ പരാതി നൽകിയത്. 2014 ഏപ്രിൽ 29നാണു പ്രോസിക്യൂഷൻ വിചാരണ ആരംഭിച്ചത്. രണ്ടുവർഷം കൊണ്ടാണു വിചാരണ പൂർത്തിയാക്കിയത്.

181 സാക്ഷികളുള്ള കേസിൽ 127 പേരെ കോടതി വിസ്തരിച്ചു. പെൺകുട്ടിയെ പീഡനത്തിനിരയാക്കിയ ഹോട്ടലുകളിലെയും ഹൗസ് ബോട്ടിലെയും ജീവനക്കാരായിരുന്നു കേസിലെ സാക്ഷികളിൽ ഏറെ പേരും. ഇവരിൽ പലരും കൂറുമാറിയിരുന്നു. ലിസിയുടെ മകളുടെ വിവാഹച്ചടങ്ങിൽ പെൺകുട്ടി പങ്കെടുത്തതിന്റെ ചിത്രങ്ങൾ ഇവരുടെ വീട്ടിൽനിന്നു പോലീസ് കണ്ടെത്തിയതാണു കേസിൽ നിർണായകമായത്.

സാമൂഹിക പ്രവർത്തക ആനി ബാബുവിന്റെ ഇടപെടലും കേസിൽ വഴിത്തിരിവുണ്ടാക്കി. പെൺകുട്ടിയുടെ മാതാവിന്റെ പരാതിയുമായി ആനി ബാബുവാണ് വി.എസ്. അച്യുതാനന്ദനെ കണ്ടു പരാതി സമർപ്പിച്ചത്. ചങ്ങനാശേരി സിഐ ആയിരുന്ന പി. ബിജോയ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

സ്‌ഥാനക്കയറ്റം കിട്ടി ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയായി ഇദ്ദേഹം പോയെങ്കിലും കോടതി ഉത്തരവു പ്രകാരം കേസ്തുടർന്ന്അന്വേഷിക്കുകയായി രുന്നു. ബിജോയി ഇപ്പോൾ തിരുവനന്തപുരം പോലീസ് ഹെഡ്ക്വാട്ടേഴ്സ് ഡിവൈഎസ്പിയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.