ഡീസൽവിലക്ക് : പരിശോധിച്ച വാഹനങ്ങൾ വിലക്കില്ല
ഡീസൽവിലക്ക് : പരിശോധിച്ച വാഹനങ്ങൾ വിലക്കില്ല
Friday, May 27, 2016 1:04 PM IST
കൊച്ചി: ഡീസൽവിലക്ക് കേസ് പരിഗണിക്കവേ, പരിശോധനയ്ക്കു വിധേയമാക്കിയ വാഹനങ്ങൾ തടയരുതെന്ന വാദം ഹൈക്കോടതി അംഗീകരിച്ചു. ഇന്ത്യയിലെ നിയമങ്ങളും ഇവിടത്തെ മോട്ടോർ ബിൽഡിംഗ് ബിസിനസ് പോളിസിയും അനുസരിച്ചു നിർമിക്കുന്ന വാഹനങ്ങൾ സർക്കാർ ഏജൻസികളുടെ കർശന പരിശോധനയ്ക്കു വിധേയമാക്കിയ ശേഷമാണു നിരത്തിലിറക്കുന്നത്. വാഹനവിതരണക്കാരായ ഹർജിക്കാരെ കേൾക്കാതെ ഉത്തരവ് നൽകിയതും നിലനിൽക്കില്ലെന്നുള്ള വാദം അംഗീകരിച്ചാണു ഹൈക്കോടതിയുടെ തീരുമാനം. ഈ സാഹചര്യത്തിൽ ട്രൈബ്യൂണലിന്റെ ഇടക്കാല വിധിയിൽ ഇടപെടാൻ പ്രഥമദൃഷ്ട്യാ കാരണമുണ്ടെന്നു ഹൈക്കോടതി വ്യക്‌തമാക്കി.

മലിനീകരണ പ്രശ്നങ്ങളെക്കുറിച്ചു പഠിക്കാതെയാണു ഹരിത ട്രൈബ്യൂണൽ ഡീസൽ വാഹനങ്ങളെ അകറ്റിനിർത്തുന്ന ഉത്തരവിറക്കിയതെന്ന് നിപ്പോൺ മോട്ടോർ കോർപറേഷൻ പ്രൈവറ്റ് ലിമിറ്റഡിന്റെ ഹർജിയിൽ പറഞ്ഞിരുന്നു. കേരളത്തിലെ വിവിധ നഗരങ്ങളിലെ അന്തരീക്ഷ മലിനീകരണ പ്രശ്നങ്ങൾ പഠിക്കാതെയാണ് ട്രൈബ്യൂണൽ വിധി പറഞ്ഞത്. കേരളത്തിലെ സാഹചര്യങ്ങളിൽനിന്നു തികച്ചും വ്യത്യസ്തമായ ഡൽഹിയിൽ നൽകിയ ഉത്തരവ് അതേപടി ട്രൈബ്യൂണൽ ഇവിടെ പകർത്തുകയായിരുന്നുവെന്നു ഹർജിക്കാരനുവേണ്ടി ഹാജരായ അഡ്വ. ജാജു ബാബു ഹൈക്കോടതിയിൽ ബോധിപ്പിച്ചു.


2000 സിസിക്കു മുകളിലുള്ള ഡീസൽ വാഹനങ്ങൾക്ക് രജിസ്ട്രേഷൻ അനുവദിക്കില്ലെന്ന ട്രൈബ്യൂണലിന്റെ നിലപാട് നിയമവിരുദ്ധമാണെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. ഇന്നോവയുടെ ക്രിസ്റ്റ മോഡലിന് നിലവിൽ 1363 ബുക്കിംഗ് എടുത്തുകഴിഞ്ഞു. 465 വാഹന ങ്ങൾ വിതരണത്തിനു തയാറായിക്കഴിഞ്ഞു. ഇതിനിടെയാണ് ഇടിത്തീപോലെ ഇടക്കാല വിധി വന്നതെന്നും ഹർജിയിൽ പറയുന്നു. ഈ വാദം കണക്കിലെടുത്താണു പ്രഥമദൃഷ്ട്യാ ഇടപെടാൻ കാരണമുണ്ടെന്നു ഹൈക്കോടതി വ്യക്‌തമാക്കിയത്.

സംസ്‌ഥാന സർക്കാർ, മലിനീകരണ നിയന്ത്രണ ബോർഡ്, ട്രാൻസ്പോർട്ട് സെക്രട്ടറി, ട്രാൻസ്പോർട്ട് കമ്മീഷണർ, ലീഗൽ എൻവയോൺമെന്റൽ അവേർനെസ് ഫോറം, നാഷണൽ എൻവയോൺമെന്റൽ എൻജിനിയറിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (നീറി) എന്നിവരെ എതിർ കക്ഷികളാക്കിയാണു ഹർജി നൽകിയിട്ടുള്ളത്. ഹർജിയിസൽ ഹൈക്കോടതി പിന്നീട് വിശദമായ വാദം കേൾക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.