ധവളപത്രമിറക്കുന്നതു സ്വാഗതാർഹം: ഉമ്മൻ ചാണ്ടി
ധവളപത്രമിറക്കുന്നതു സ്വാഗതാർഹം: ഉമ്മൻ ചാണ്ടി
Friday, May 27, 2016 1:04 PM IST
തിരുവനന്തപുരം: സംസ്‌ഥാനത്തെ സാമ്പത്തികസ്‌ഥിതിയെക്കുറിച്ച് ധവളപത്രമിറക്കുമെന്ന പുതിയ സർക്കാരിന്റെ തീരുമാനം സ്വാഗതാർഹമാണെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ധവളപത്രം വരുമ്പോൾ എല്ലാ കാര്യങ്ങളും അറിയാൻ സാധിക്കുമല്ലോയെന്നു കെപിസിസി ആസ്‌ഥാനത്തു നടത്തിയ പത്രസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

കാലിയായ ഖജനാവാണെന്ന എൽഡിഎഫിന്റെ ആരോപണം അടിസ്‌ഥാനമില്ലാത്തതാണ്. 1009 കോടി രൂപയാണ് കഴിഞ്ഞ 24–ാം തീയതി ട്രഷറിയിൽ ഉണ്ടായിരുന്നത്. ഈ സാമ്പത്തികവർഷത്തിന്റെ ആദ്യ പാദത്തിൽ കടമായി സർക്കാരിന് എടുക്കാമായിരുന്നത് 4300 കോടി രൂപയായിരുന്നു. എന്നാൽ, സർക്കാർ എടുത്തത് 2800 കോടി രൂപ മാത്രമാണ്. യുഡിഎഫ് സർക്കാർ അധികാരത്തിലേറിയശേഷം രണ്ടു ശമ്പള കമ്മീഷനുകളാണ് നടപ്പാക്കിയത്. സർക്കാരിനു സാമ്പത്തികബാധ്യതകൾ ഉണ്ട്. കഴിഞ്ഞ യുഡിഎഫ് സർക്കാർ അധികാരമേൽക്കുമ്പോൾ സാമ്പത്തികസ്‌ഥിതി ഇതേപോലെയായിരുന്നു.

സംസ്‌ഥാനത്തു നിയമനനിരോധനമില്ല. യുഡിഎഫ് സർക്കാർ കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ 1,67,096 പേർക്കു നിയമനം നല്കി. 2016 ജനുവരി ഒന്നു മുതൽ ഡിസംബർ 31 വരെ ഉണ്ടാകാൻ സാധ്യതയുള്ള എല്ലാ ഒഴിവുകളും നേരത്തേ തന്നെ കണക്കാക്കി സർക്കാരിനെ അറിയിക്കണമെന്ന തീരുമാനമായിരുന്നു യുഡിഎഫ് സ്വീകരിച്ചത്. 2015 ഓഗസ്റ്റ് 17ന് ഇതുസംബന്ധിച്ച് ഉത്തരവ് സംസ്‌ഥാന സർക്കാർ ഇറക്കിയിട്ടുണ്ട്. കൂടാതെ ആശ്രിതനിയമനങ്ങളിൽ കാലതാമസം ഉണ്ടാവാതിരിക്കാൻ 549 സൂപ്പർ ന്യൂമററി പോസ്റ്റ് ക്രിയേറ്റ് ചെയ്തു.

പുതിയ സർക്കാർ ക്ഷേമ പെൻഷനുകൾ 1000 രൂപ ആക്കുമെന്നു പ്രഖ്യാപിച്ചത് സ്വാഗതാർഹമാണ്. എന്നാൽ, നിലവിൽ 1500 രൂപ ലഭിക്കുന്ന വാർധക്യകാല പെൻഷൻ ഉൾപ്പെടെയുള്ളവ വെട്ടിക്കുറയ്ക്കരുത്. കഴിഞ്ഞ ഇടതു സർക്കാരിന്റെ കാലത്ത് മിനിമം ക്ഷേമ പെൻഷൻ 300 രൂപ ആയിരുന്നത് യുഡിഎഫ് ആണ് 500 രൂപയായി ഉയർത്തിയത്. ഇപ്പോൾ 34.43 ലക്ഷം പേർക്കാണ് സംസ്‌ഥാനത്ത് വിവിധ ക്ഷേമപെൻഷനുകൾ ലഭിക്കുന്നത്. സർക്കാർ അധികാരത്തിലെത്തിയ സമയത്ത് 500 കോടി രൂപയായിരുന്നു ക്ഷേമപെൻഷൻ ബാധ്യത. ഇപ്പോൾ ഇത് 3016. 98 കോടിയായി വർധിച്ചു. ക്ഷേമപെൻഷൻ വിതരണത്തിൽ കാലതാമസം ഉണ്ടായത് പോസ്റ്റ്ഓഫീസുകൾ വഴിയുണ്ടായ വിതരണത്തിലെ അപാകത മൂലമാണ്. ബാങ്ക് വഴി ക്ഷേമ പെൻഷൻ വിതരണം ആയതോടെ പെൻഷൻ വിതരണം കൂടുതൽ കാര്യക്ഷമമായി.


സംസ്‌ഥാനത്തു ക്രിയാത്മക പ്രതിപക്ഷമായി നിലകൊള്ളും. പകരത്തിനു പകരം എന്ന നിലപാടായിരിക്കില്ല യുഡിഎഫ് സ്വീകരിക്കുക. പുതിയ മുഖ്യമന്ത്രിയുടെ പ്രവർത്തനക്കുറിച്ചുള്ള ചോദ്യത്തിന് ഓരോരുത്തരുടെയും പ്രവർത്തനത്തിന്റെ റിസൽട്ട് എന്താണെന്ന് നോക്കിയാണ് വിലയിരുത്തേണ്ടതെന്ന് ഉമ്മൻ ചാണ്ടി പ്രതികരിച്ചു. ജനുവരിയിലെ ഉത്തരവുകൾ പരിശോധിക്കാൻ മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചതിനെയും സ്വാഗതം ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷനേതൃസ്‌ഥാനം സംബന്ധിച്ച് താൻ നേരത്തേതന്നെ നിലപാട് വ്യക്‌തമാക്കിയിട്ടുണ്ട്. നാളെ നടക്കുന്ന യോഗത്തിൽ പ്രതിപക്ഷനേതാവിനെ തെരഞ്ഞെടുക്കും. യുഡിഎഫ് ചെയർമാൻ, മുഖ്യമന്ത്രി എന്നി നിലകളിൽ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ മുഖ്യ ഉത്തരവാദിത്വം തനിക്കാണ്. പൊതുപ്രവർത്തകനായി കേരളത്തിൽതന്നെ പ്രവർത്തിക്കുമെന്നും ഉമ്മൻ ചാണ്ടി കൂട്ടിച്ചേർത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.