ഡീസൽ വാഹന രജിസ്ട്രേഷൻ വിലക്കിനു ഹൈക്കോടതി സ്റ്റേ
ഡീസൽ വാഹന രജിസ്ട്രേഷൻ വിലക്കിനു ഹൈക്കോടതി സ്റ്റേ
Friday, May 27, 2016 1:04 PM IST
കൊച്ചി: സംസ്‌ഥാനത്ത് 2000 സിസിക്കു മുകളിലുള്ള ഡീസൽ വാഹനങ്ങൾ രജിസ്റ്റർ ചെയ്യരുതെന്ന ദേശീയ ഹരിത ട്രൈബ്യൂണൽ സർക്യൂട്ട് ബെഞ്ചിന്റെ ഇടക്കാല ഉത്തരവ് ഹൈക്കോടതി രണ്ടു മാസത്തേക്കു സ്റ്റേ ചെയ്തു. എന്നാൽ, പത്തു വർഷത്തിലേറെ പഴക്കമുള്ള ഡീസൽ വാഹനങ്ങളെ കേരളത്തിലെ പ്രധാന നഗരങ്ങളിൽ പ്രവേശിക്കാൻ അനുവദിക്കരുതെന്ന ദേശീയ ഹരിത ട്രൈബ്യൂണലിന്റെ വിധിയിൽ ഹൈക്കോടതി ഇടപെട്ടില്ല. ഡീസൽ വാഹനങ്ങളുടെ രജിസ്ട്രേഷൻ തടഞ്ഞുകൊണ്ടുള്ള ട്രൈബ്യൂണൽ ഉത്തരവിനെ ചോദ്യംചെയ്ത് എറണാകുളം കളമശേരിയിലെ നിപ്പോൺ മോട്ടോർ കോർപറേഷൻ പ്രൈവറ്റ് ലിമിറ്റഡ് നൽകിയ ഹർജിയിൽ ജസ്റ്റീസ് പി.ബി. സുരേഷ് കുമാറാണ് ഇടക്കാല സ്റ്റേ അനുവദിച്ചത്.

ഹർജിയിൽ പ്രാഥമിക വാദംകേട്ട സിംഗിൾ ബെഞ്ച് ഹരിത ട്രൈബ്യൂണലിന്റെ വിധിയെ ഹൈക്കോടതിയിൽ ചോദ്യം ചെയ്യാനാകുമോ എന്നാണ് ആദ്യം പരിശോധിച്ചത്. ട്രൈബ്യൂണലിന്റെ അപ്പീൽ പരിഗണിക്കേണ്ടതു സുപ്രീം കോടതിയാണെങ്കിലും ഭരണഘടനാ കോടതികൾക്ക് ഇടപെടാമെന്നു മദ്രാസ് ഹൈക്കോടതിയുടെയും സുപ്രീംകോടതിയുടെയും നിർദേശമുണ്ടെന്നു ഹർജിക്കാർ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ ഇത്തരം ഒരു വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലാണെങ്കിൽ പോലും ഹൈക്കോടതിക്കു മാറി നിൽക്കാനാവില്ലെന്ന ആമുഖത്തോടെയാണു സിംഗിൾ ബെഞ്ച് ഹർജിയിൽ ഇടപെട്ടത്.

ഹർജി പരിഗണിക്കവേ ഉത്തരവ് വാഹന ഉടമകളെയും പ്രതിസന്ധിയിലാക്കിയെന്നു ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. പ്രമുഖ വാഹന നിർമാതാക്കളായ വോക്സ് വാഗണിന്റെ വാഹനങ്ങളിലെ മലിനീകരണ പ്രശ്നവുമായാണു ലീഗൽ എൻവയോൺമെന്റൽ അവേർനെസ് ഫോറം (ലീഫ്) ട്രൈബ്യൂണലിനെ സമീപിച്ചത്. ഇവരുടെ ഹർജിയിൽ ഡീസൽ വാഹനങ്ങൾക്ക് ഒന്നടങ്കം അയിത്തം കല്പിക്കുന്ന ഇടക്കാല ഉത്തരവ് ആവശ്യപ്പെട്ടിരുന്നില്ല. എന്നിട്ടും ഹർജിയുടെ ആദ്യ പരിഗണനയിൽ തന്നെ അന്തിമ ഉത്തരവിന്റെ മാതൃകയിൽ സർക്യൂട്ട് ബെഞ്ച് ഇടക്കാല ഉത്തരവു നൽകി.


സംസ്‌ഥാനത്തെ പരിസ്‌ഥിതി പ്രശ്നങ്ങളിലും അന്തരീക്ഷ മലിനീകരണത്തിലുമുള്ള ആശങ്കയാണ് ഇടപെടലിന് അടിസ്‌ഥാനമെന്നു കരുതിയാൽപോലും മലിനീകരണ പ്രശ്നം സംബന്ധിച്ച വിശദമായ രേഖകളോ മറ്റു വിവരങ്ങളോ ഒന്നുമില്ലാതെയാണു ഹരിത ട്രൈബ്യൂണൽ വിധി പറഞ്ഞത്. കേരളത്തിലെ വിവിധ നഗരങ്ങളിലെ മലിനീകരണ പ്രശ്നങ്ങൾ നാഷണൽ എൻവയോൺമെന്റൽ എൻജിനിയറിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് മുഖേന പഠിച്ചശേഷം നടപടി വേണമെന്നായിരുന്നു ലീഫിന്റെ ഹർജിയിലെ ആവശ്യം. ഇതിനുവേണ്ടി നാഷണൽ എൻവയോൺമെന്റൽ എൻജിനിയറിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിനെ കക്ഷി ചേർക്കുകയും ചെയ്തുവെന്നും ഹർജിക്കാർ ചൂണ്ടിക്കാണിച്ചിരുന്നു.

എന്നാൽ, ഇതു കണക്കിലെടുക്കാതെ അന്തിമവിധിയുടെ സ്വഭാവത്തിലുള്ള ഇടക്കാല ഉത്തരവ് ട്രൈബ്യൂണൽ നൽകിയെന്നായിരുന്നു ഹർജിയിലെ വാദം.

ഈ സാഹചര്യം കണക്കിലെടുത്തു ട്രൈബ്യൂണലിന്റെ ഇടക്കാല ഉത്തരവിലെ വാഹന രജിസ്ട്രേഷൻ തടഞ്ഞുകൊണ്ടുള്ള നിർദേശം സ്റ്റേ ചെയ്യുകയാണെന്നും ഹൈക്കോടതിയുടെ ഉത്തരവിൽ പറയുന്നു. കേരളത്തിൽ ഡീസൽ വാഹന ങ്ങളിൽനിന്നുള്ള പുകമൂലമുള്ള മലിനീകരണം രൂക്ഷമായതിനാൽ ഇതു തടയണമെന്നും ആവശ്യപ്പെട്ട് എറണാകുളത്തെ ലോയേഴ്സ് എൻവയോൺമെന്റൽ അവേർനസ് ഫോറം നൽകിയ ഹർജിയിൽ ജസ്റ്റീസ് സ്വതന്തർ കുമാർ, വിദഗ്ധഅംഗം ബിക്രം സിംഗ് സജ്വാൻ എന്നിവരുൾപ്പെട്ട ബെഞ്ച് സംസ്‌ഥാനത്ത് 2000 സിസിക്കു മുകളിലുള്ള ഡീസൽ വാഹനങ്ങൾ രജിസ്റ്റർ ചെയ്യുന്നതു തടയണമെന്ന നിർദേശം നൽകിയിരുന്നത്. കേരളത്തിൽ വാഹനങ്ങളിൽ സിഎൻജി വാതകം ഉപയോഗിക്കാനുള്ള സൗകര്യമുണ്ടോ എന്നതു സംബന്ധിച്ചു സംസ്‌ഥാന സർക്കാർ വിശദീകരണം നൽകണമെന്നും ഉത്തരവിൽ പറഞ്ഞിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.