അമേരിക്കൻ പൗരത്വമുള്ള പിതാവിന്റെയും മകന്റെയും തിരോധാനം: പിതാവിനെ കൊലപ്പെടുത്തി കത്തിച്ചെന്നു മകന്റെ മൊഴി
അമേരിക്കൻ പൗരത്വമുള്ള പിതാവിന്റെയും മകന്റെയും തിരോധാനം: പിതാവിനെ കൊലപ്പെടുത്തി കത്തിച്ചെന്നു മകന്റെ മൊഴി
Saturday, May 28, 2016 11:38 AM IST
ചെങ്ങന്നൂർ: അമേരിക്കൻ പൗരത്വമുള്ള ചെങ്ങന്നൂർ സ്വദേശികളായ പിതാവിന്റെയും മകന്റെയും തിരോധാനം സംബന്ധിച്ച കേസിൽ വഴിത്തിരിവ്. അമേരിക്കൻ പ്രവാസി വ്യവസായി ചെങ്ങന്നൂർ വാഴൂർമംഗലത്ത് ഉഴത്തിൽ ജോയി പി. ജോൺ(68), രണ്ടാമത്തെ മകൻ ഷെറിൻ ജോൺ(36) എന്നിവരെയാണ് കാണാതായിരുന്നത്. വാക്കുത്തർക്കത്തിനിടെ പിതാവിനെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ചെന്നു മകൻ ഷെറിൻ മൊഴി നല്കിയതായി പോലീസ് പറഞ്ഞു. കഴിഞ്ഞ 25നാണു കാർ സർവീസ് ചെയ്യാൻ തിരുവനന്തപുരത്തുള്ള ഷോറൂമിലേക്കു പോയ ഇരുവരെയും കാണാതാകുന്നത്. വീട്ടുകാർ വിവരം ചെങ്ങന്നൂർ പോലീസിൽ അറിയിക്കുകയായിരുന്നു.

സ്വത്ത് തർക്കമാണ് കാരണമെന്ന് പോലീസ് പറയുന്നു. കാറിൽ പോകുമ്പോൾ മുളക്കുഴ വച്ച് വാക്കു തർക്കമുണ്ടാകുകയും ജോയി തോക്ക് എടുക്കുകയും ചെയ്തു. തോക്ക് പിടിച്ച് വാങ്ങി ഷെറിൻ വെടിവയ്ക്കുകയായിരുന്നത്രെ. തുടർന്ന് ഉഴവത്ത് ബിൽഡിംഗിലെ ഗോഡൗണിലെത്തിച്ച് കത്തിച്ച് അവശിഷ്‌ടം പമ്പയാറ്റിൽ ഒഴുക്കിയെന്നാണ് മൊഴി. അതേസമയം, വെടിവയ്പ്പു നടന്നത് ഗോഡൗണിലാണോയെന്ന് പോലീസിനു സംശയമുണ്ട് ഷെറിനെ കോട്ടയത്തെ സ്വകാര്യ ഹോട്ടലിൽനിന്നാണ് പോലീസ് പിടികൂടിയത്.

ഇതിനിടെ ഇവർ വാടകയ്ക്കു കൊടുത്തിരിക്കുന്ന ചെങ്ങന്നൂർ മാർക്കറ്റ് റോഡിലുള്ള ഉഴത്തിൽ ബിൽഡിംഗ്സിൽ മൃതദേഹം ഉള്ളതായി അഭ്യൂഹം പടർന്നതിനെത്തുടർന്നു പോലീസ് പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല.

എന്നാൽ, ഇവിടെനിന്നു മാംസം കത്തിയമർന്നതിന്റെ ഭാഗങ്ങളും ഭിത്തിയിൽ രക്‌തക്കറയും ജോയി പി. ജോണിന്റേതെന്നു കരുതുന്ന ചെരിപ്പും കത്തിക്കരിഞ്ഞനിലയിൽ തുണിയുടെ അവശിഷ്‌ടങ്ങളും കണ്ടെടുത്തു. ചെരിപ്പ് ജോയി പി. ജോണിന്റേതാണെന്നു ഭാര്യ തിരിച്ചറിഞ്ഞു. ഇന്നലെ പോലീസ്, ഡോഗ്സ്ക്വാഡ്, വിരലടയാള വിദഗ്ധൻ, ശാസ്ത്രീയപരിശോധകർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധനകൾ നടന്നത്.


സംഭവത്തെക്കുറിച്ചു പോലീസ് പറയുന്നതിങ്ങനെ: കഴിഞ്ഞ 19നാണ് ജോയി പി. ജോൺ, ഭാര്യ മറിയാമ്മ, മൂന്നാമത്തെ മകൻ ഡോ. ഡേവിഡ് പി. ജോൺ എന്നിവർ അമേരിക്കയിൽനിന്നു നാട്ടിലെത്തിയത്. കാർ സർവീസ് ചെയ്യുന്നതിനു നാട്ടിലുണ്ടായിരുന്ന രണ്ടാമത്തെ മകൻ ഷെറിനെയും കൂട്ടിയാണു ജോയി തിരുവനന്തപുരത്തേക്ക് പോയത്. സർവീസ് നടക്കാതിരുന്നതുമൂലം തിരുവനന്തപുരത്തുനിന്നു ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ഇവർ വീട്ടിലേക്ക് തിരിച്ചു.
<ശാഴ െൃര=/ിലംശൊമഴലെ/2016ാമ്യ29മാലൃശരമ1.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>
വൈകുന്നേരം നാലരയോടെ ഭാര്യ മറിയാമ്മ ഫോണിൽ വിളിച്ചപ്പോൾ മുളക്കുഴയിലെത്തിയെന്ന് പറഞ്ഞിരുന്നത്രെ. എന്നാൽ രാത്രി ഒമ്പതു കഴിഞ്ഞിട്ടും ഇവരെ കാണാഞ്ഞതിനെത്തുടർന്ന് മൂന്നാമത്തെ മകൻ ഡോ. ഡേവിഡും സുഹൃത്തും തിരക്കിയിറങ്ങിയെങ്കിലും കണ്ടെത്താനായില്ല. ഇതിനിടെ രാത്രിയോടെ ഷെറിൻ വീട്ടിലേക്കു വിളിച്ച് അമ്മയോട് തനിക്കൊരു അബദ്ധം പറ്റിയതായി പറയുകയും തുടർന്ന് ഫോൺ സ്വിച്ച്ഓഫ് ചെയ്യുകയും ചെയ്തിരുന്നു. ഇതിനുശേഷമാണ് ഇവർ ചെങ്ങന്നൂർ പോലീസിൽ പരാതിനൽകിയത്.

തുടർന്നു നടന്ന അന്വേഷണത്തിൽ 27ന് തിരുവല്ലയിലെ ക്ലബ് ഏഴിലെ സിസിടിവി ദൃശ്യങ്ങളിൽ ഷെറിനുണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഭിത്തിയിലെ രക്‌തക്കറ 12 അടി വരെ തെറിച്ചിട്ടുണ്ട്.

തറ കഴുകി വൃത്തിയാക്കിയ നിലയിലുമാണ്. തീ കത്തിച്ചതിന്റെ പുകയും, പുകമൂലം കെട്ടിടത്തിന്റെ മേൽക്കൂരയിലുണ്ടായിരിക്കുന്ന കറുത്തനിറവും കണ്ടെ ത്തിയതിനാൽ ഇവിടെവച്ച് കൃത്യം നിർവ്വഹിച്ചശേഷം മൃതദേഹം കത്തിച്ച് അവശിഷ്‌ടങ്ങൾ നീക്കംചെയ്യുകയും തറ കഴുകി വൃത്തിയാക്കുകയും ചെയ്തിട്ടുണ്ടാകാമെന്നുമാണ് സംശയിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.