32 വർഷം ഒളിവിൽ കഴിഞ്ഞ പിടികിട്ടാപ്പുള്ളി പിടിയിൽ
32 വർഷം ഒളിവിൽ കഴിഞ്ഞ പിടികിട്ടാപ്പുള്ളി പിടിയിൽ
Saturday, May 28, 2016 11:52 AM IST
തൃശൂർ: കവർച്ച അടക്കമുള്ള കേസുകളിൽ പ്രതിയായി ജാമ്യംനേടി 32 വർഷമായി വ്യാജ പേരിൽ ഒളിവിൽ കളിഞ്ഞിരുന്നയാളെ പോലീസ് ഒല്ലൂർ ക്രിസ്റ്റഫർ നഗറിൽനിന്ന് അറസ്റ്റ്ചെയ്തു.

മൂവാറ്റുപുഴ പാലക്കുഴി കരിമ്പനക്കരയിൽ അറയാനിക്കൽ പറമ്പിൽ വീട്ടിൽ തങ്കച്ചൻ എന്നും ഉല്ലാസ് എന്നും വിളിക്കുന്ന ഉലഹന്നാനെ(54)യാണ് പോലീസ് അറസ്റ്റ് ചെയ്തത്. ജോർജ് എന്ന വ്യാജപേരിലാണ് ഇയാൾ ഇവിടെ താമസിച്ചിരുന്നത്. മാടക്കത്തറ സ്വദേശി ഐനിക്കുന്നിൽ വീട്ടിൽ വേലായുധന്റെ മകൻ ചന്ദ്രന്റെ മോട്ടോർ സൈക്കിൾ വാടകയ്ക്കെടുത്തു കൊണ്ടുപോയി വാഹനത്തിന്റെ നമ്പർ മാറ്റി കവർച്ചയ്ക്കായി ഉപയോഗിച്ചതിന് ഇയാൾക്കെതിരേ കേസുണ്ട്. എറണാകുളം നോർത്തിലെ സുരഭി ഫൈനാൻസിന്റെ മാനേജരെ കഠാര കാണിച്ചു ഭീഷണിപ്പെടുത്തി പണം കവർന്നതിന് എറണാകുളം സെൻട്രൽ പോലീസ് 1984 ൽ ഇയാളെ അറസ്റ്റ് ചെയ്തിരുന്നു.


തൃശൂർ പോലീസ് സ്റ്റേഷനിലെ കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ തൃശൂർ ചീഫ് ജുഡീഷൽ മജിസ്ട്രേട്ട് കോടതി 1986ലാണു പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്. അന്ന് 24 വയസുണ്ടായിരുന്ന പ്രതി പിന്നീട് അഞ്ചേരി സ്വദേശിനിയെ വിവാഹം ചെയ്തു ക്രിസ്റ്റഫർ നഗറിൽ താമസിച്ചു വരികയായിരുന്നു. തൃശൂർ ഈസ്റ്റ് എസ്ഐ ലാൽകുമാർ, എൽപി സക്വാഡ് അംഗങ്ങളായ സാജ്, പ്രദീപ് എന്നിവർ ചേർന്നാണു പ്രതിയെ പിടികൂടിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.